ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20 യിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്‍. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയില്‍ മോശം പ്രകടനമായിരുന്നു ഇഷാന്‍ കാഴ്ചവച്ചത്. താരത്തിന്റെ പ്രഹരശേഷി നൂറില്‍ താഴെയായിരുന്നു. മെച്ചപ്പെട്ട ഇന്നിങ്സ് കാഴ്ച വയ്ക്കുന്നതില്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ സഹായത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
“എപ്പോഴും മുതിര്‍ന്ന താരങ്ങള്‍ യുവാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ശ്രമിക്കും. അത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ആരായാലും ഒരുപോലെയാണ്. അവരെല്ലാം ഈ ഘട്ടം കടന്നു വന്നവരാണ്. നന്നായി കളിക്കാന്‍ സാധിക്കാത്ത വരുമ്പോള്‍ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം,” ഇഷാന്‍ പറഞ്ഞു.
“ഞാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നന്നായി കളിച്ചില്ല. പക്ഷെ എന്റെ കഴിവും ടീമിനുവേണ്ടി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നും അറിയാമെന്ന് അവര്‍ പറഞ്ഞു. ഒരിക്കലും കഴിവില്‍ അവിശ്വസിക്കരുതെന്ന ഉപദേശമാണ് എനിക്ക് തന്നത്. ബാറ്റിങ് ഗ്രിപ്പ് മുതല്‍ എങ്ങനെ കളിക്കണമെന്ന കാര്യം വരെ അവര്‍ പറഞ്ഞ് തരും,” ഇഷാന്‍ കൂട്ടിച്ചേര്‍ത്തു.
രോഹിത് ശര്‍മ്മയുമായി തുറന്ന് സംസാരിച്ചതും അദ്ദേഹം തന്നിലര്‍പ്പിച്ചിട്ടുള്ള വിശ്വാസവും ഏറെ സഹായകരമായെന്നും താരം പറഞ്ഞു. “രോഹിത് ഭായി എന്നോട് എപ്പോഴും പറയും, നിനക്ക് ആക്രമിച്ച് കളിക്കാന്‍ തോന്നുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും ചെയ്യാം. പക്ഷെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതാണ് പ്രധാനം. അത് ബോളര്‍മാരില്‍ സമ്മര്‍ദമുണ്ടാക്കും, രോഹിത് ഭായിയുടെ വാക്കുകള്‍ ഏറെ സഹായിച്ചു,” ഇഷാന്‍ വിശദീകരിച്ചു.
ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 യില്‍ 56 പന്തില്‍ നിന്ന് 89 റണ്‍സാണ് ഇഷാന്‍ നേടിയത്. താരത്തിന്റെ മികവില്‍ 199 റണ്‍സായിരുന്നു ഇന്ത്യ പടുത്തുയര്‍ത്തിയത്. ഇഷാന്‍ തന്നെയായിരുന്നു കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത്.
Also Read: ഐപിഎല്‍ 2022 സീസണ്‍ മാര്‍ച്ച് 26 മുതല്‍; മുംബൈയും പൂനെയും വേദകളാകും