ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ്.ധോണിയുടെ ഏറ്റവും വിഖ്യാതമായ ഷോട്ടാണ് ഹെലികോപ്ടര്‍ ഷോട്ട്. ബാറ്റ് വീശി കറക്കിയടിക്കുന്ന ആ ഷോട്ട് പലവട്ടം ധോണി പുറത്തെടുത്തിട്ടുണ്ട്. ധോണിയുടെ ഷോട്ടിനെ അനുകരിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും ധോണിയോളം ഭംഗിയായി ആ ഷോട്ട് കളിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.

ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷനും ഹെലികോപ്ടര്‍ ഷോട്ട് പുറത്തെടുത്തിരിക്കുകയാണ്. ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മൽസരത്തിനിടെയായിരുന്നു ധോണി ടച്ചുള്ള ഇഷാന്റെ സിക്‌സ് കണ്ടത്.

കുല്‍ദീപ് യാദവിന്റെ പന്തിലായിരുന്നു ഇഷാന്റെ ഹെലികോപ്ടര്‍ ഷോട്ട് പിറന്നത്. 18 പന്തില്‍ നിന്നും 56 റണ്‍സ് എന്ന നിലയിലായിരുന്നു അപ്പോള്‍ ഇഷാന്‍. മൽസരത്തില്‍ 21 പന്തില്‍ നിന്നും 62 റണ്‍സാണ് ഇഷാന്റെ സമ്പാദ്യം. ആറ് സിക്‌സും അഞ്ച് ഫോറും നേടി താരം.

അതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 102 റണ്‍സിന്റെ കൂറ്റന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്തയുടെ എല്ലാ വിക്കറ്റുകളും 18.1 ഓവറില്‍ 108 റണ്‍സെടുക്കുമ്പോഴേക്കും നഷ്ടമായി. ഇതോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. ലീഗില്‍ മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook