ലണ്ടന്‍: അത്ലറ്റിക്സിൽ ഔരു വിഭാാഗത്തിൽ ഒറ്റക്ക് ഓടി ഫൈനൽ വരെ എത്തുക, അതും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ. നടക്കാത്ത കാര്യമെന്ന് തോന്നാമെങ്കിലും സംഭവം സത്യമാണ്. അത്‌ലറ്റിക്സിന്റെ ചരിത്രത്തിലെ അത്യപൂര്‍വമായൊരു കാഴ്ച്ചക്കാണ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയം വ്യാഴാഴ്ച പുലര്‍ച്ചെ സാക്ഷ്യം വഹിച്ചത് . വൈറസ്ബാധയെ തുടർന്ന് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനാൽ മറ്റു അത്‌ലറ്റുകള്‍ക്കൊപ്പം ഓടാന്‍ അധികൃതര്‍ അനുവദിക്കാതിരുന്ന ബോട്‌സ്വാനയുടെ ഐസക് മകാവാലയാണ് ഒറ്റയ്ക്ക് ഓടി 200 മീറ്ററിന്റെ ഫൈനല്‍ വരെയെത്തിയത്.

400 മീറ്ററിന്റെ ഫൈനലില്‍ സ്വര്‍ണപ്രതീക്ഷയുമായി മത്സരിക്കാനെത്തിയ മകാവാലയെ മത്സരിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. മകാവാലയെ മത്സരിപ്പിക്കേണ്ട എന്നായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്റെ തീരുമാനം. ട്രാക്കിലിറങ്ങണമെന്ന് മകാവാല വാദിച്ചെങ്കിലും മറ്റുള്ളവര്‍ക്ക് നോറോ വൈറസ് പകരുന്നമെന്ന ആശങ്കയിൽ എസെക് മകാവാലയെ മത്സരിപ്പിക്കില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. അങ്ങനെ 400 മീറ്ററില്‍ ബോട്‌സ്വാനിയന്‍ താരത്തിന്റെ പ്രതീക്ഷ അസ്തമിച്ചു.

എന്നാല്‍ 200 മീറ്ററില്‍ അധികൃതര്‍ അലിവ് കാണിച്ചു. നേരത്തെ നിശ്ചയിച്ച ഏഴാമത്തെ ലൈനില്‍ ഒറ്റയ്ക്ക് ഓടി 20.53 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടാല്‍ സെമിഫൈനലില്‍ മത്സരിപ്പിക്കാമെന്ന നിബന്ധനയാണ് അധികൃതര്‍ മുന്നോട്ടുവെച്ചത്. രാത്രി വൈകി നടന്ന ഹീറ്റ്‌സില്‍ ഓടിയ മകാവാല 20.20 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു. തുടര്‍ന്ന് ട്രാക്കില്‍ നിന്നു തന്നെ മൂന്ന് പുഷ് അപ്പുകളെടുത്ത താരം താന്‍ ആരോഗ്യവാനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.


കടപ്പാട്:ഗാർഡിയൻ

രണ്ടു മണിക്കൂറിന് ശേഷം സെമിഫൈനല്‍ മത്സരം ആരംഭിച്ചു. ഇത്തവണ മറ്റുള്ളവരോടൊപ്പം മത്സരിച്ച മകാവാല രണ്ടാമതായി മത്സരം പൂര്‍ത്തിയാക്കി ഫൈനലിലേക്ക് കുതിക്കുകയായിരുന്നു. ഹീറ്റ്‌സിനേക്കാള്‍ 0.06 സെക്കന്റ് കുറച്ച് സമയമെടുത്താണ് താരം ഫൈനലിലെത്തിയത്. ഫൈനലിലെ ഒമ്പത് പേരില്‍ മകാവയുടേതാണ് മികച്ച വ്യക്തിഗത സമയവും സീസണിലെ മികച്ച സമയവും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ