ഇന്ത്യൻ സിനിമ ലോകത്ത് വലിയ വിടവ് ബാക്കിയാക്കിയാണ് ഇർഫാൻ ഖാനെന്ന അഭിനേതാവ് ലോകത്തോട് വിടപറഞ്ഞത്. ബോളിവുഡിൽ മിന്നും താരമായി തിളങ്ങിയ ഇർഫാൻ ഒരു ക്രിക്കറ്റ് പ്രേമിയാണെന്ന വിവരം പലർക്കുമറിയാം. എന്നാൽ അഭിനയത്തിലേക്ക് എത്തും മുൻപ് ക്രിക്കറ്റ് മൈതാനത്ത് ഓൾറൗണ്ടറുടെ റോളിലും ഇർഫാൻ തിളങ്ങിയിട്ടുണ്ടെന്ന് ബാല്യകാല സുഹൃത്തുകൂടിയായ ഭാരത് ഭട്‌നാഗർ.
“1984-85 കാലഘട്ടത്തിലാണ് ഇർഫാൻ ഞങ്ങളുടെ കൂടെ ഇലവൻ സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി കളിക്കുന്നത്,” ഭാരത് ഭട്‌നാഗർ ഓർത്തെടുത്തു.
“എല്ലാ വൈകുന്നേരവും 4.30 മുതൽ 6.30 വരെ ഞങ്ങൾ എന്റെ വീടിന് എതിർവശത്തുള്ള ആയുർവേദ കോളേജിൽ പരിശീലനം നടത്താറുണ്ടായിരുന്നു. ഗ്രൗണ്ടിൽ നിന്നും പത്ത് മിനിറ്റ് മാത്രം അകലെയുള്ള സുഭാസ് ചൗക്കിലെ സായിദ് മൻസിലിലായിരുന്നു ഇർഫാൻ താമസിച്ചിരുന്നത്,” ഭാരത് ഇന്ത്യൻ എക്സപ്രസിനോട് പറഞ്ഞു.
Also Read: ആ പുഞ്ചിരിക്ക് നന്ദി; ഇർഫാനെ ഓർത്ത് ദുൽഖർ സൽമാൻ
ഞങ്ങൾ രണ്ടു പേരും പേസ് ബോളർമാരായിരുന്നു. എന്നാൽ ഇർഫാന് ഉയരം കൂടുതലായിരുന്നതിനാൽ ബൗൺസർ കണ്ടെത്താൻ അദ്ദേഹത്തിന് അത് സഹായിച്ചു. അക്കാലത്ത് ഞങ്ങൾക്ക് ജയ്പൂരിൽ രണ്ട് ക്ലബ്ബുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ ബൗൺസറുകളാൽ ബാറ്റ്സ്മാന്മാരെ നന്നായി വെള്ളം കുടിപ്പിക്കുമായിരുന്നു ഇർഫാൻ.
എന്നാൽ അദ്ദേഹത്തിന്റെ അമ്മ (സയീദ ബീഗം) വളരെ കർക്കശക്കാരിയായിരുന്നു. പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനും അവർ ആഗ്രഹിച്ചിരുന്നു. അതിനാൽ ചിലപ്പോഴെങ്കിലും തങ്ങളുടെ കൂടെ കളിക്കാൻ വരാൻ ഇർഫാന് കള്ളം പറയേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇർഫാന്റെ പ്രിയപ്പെട്ട താരങ്ങൾ കപിൽ ദേവും ഗുണ്ടപ്പ വിശ്വനാഥാണെന്നും ഭാരത് ഓർത്തെടുത്തു. പാക്കിസ്ഥാൻ നായകനായിരുന്ന ഇമ്രാൻ ഖാന്റെയും സഹീർ അബ്ബാസിന്റെയും ആരാധകൻ കൂടിയായിരുന്നു ഇർഫാൻ.
Also Read: ഇത്ര വേഗം പോകേണ്ടവനായിരുന്നില്ല നിങ്ങൾ; അനുശോചിച്ച് സിനിമാ ലോകം
കുടുംബത്തിൽ നിന്ന് കൂടുതൽ പിന്തുണ ലഭിച്ചിരുന്നെങ്കിൽ ഇർഫാൻ ക്രിക്കറ്റ് രംഗത്ത് തിളങ്ങുമായിരുന്നു. എന്നാൽ വിധി അദ്ദേഹത്തിനായി കരുതി വച്ചിരുന്നത് മറ്റൊന്നായിരുന്നുവെന്ന് ഭരത് പറഞ്ഞു. ചിലപ്പോഴൊക്കെ അദ്ദേഹം ഞങ്ങൾക്കുവേണ്ടി ബാറ്റിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം നല്ലൊരു ഓൾറൗണ്ടറായിരുന്നു. അക്കാലത്ത് അപൂർവ്വ കഴിവായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
വൻകുടലിലുണ്ടായ അണുബാധയെ തുടർന്നാണ് ബോളിവുഡ് നടൻ ഇർഫാൻ ഖാൻ (54) അന്തരിച്ചത്. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.