ന്യൂഡൽഹി: ഭാര്യയോടൊന്നിച്ചുള്ള ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ നടപടി ലജ്ജാകരമായ പ്രവൃത്തിയെന്ന് മൗലാന സാജിദ് റാഷിദി. ഇർഫാൻ പത്താന്റെ കുടുംബം മുസ്ലി പശ്ചാത്തലം ഉള്ളതാണ്. അദ്ദേഹത്തിന്റെ പിതാവ് പള്ളിയിൽ ബാങ്കുവിളിക്കുന്നയാളാണ്. ആധാർ, പാൻ കാർഡ് പോലെയുള്ള നിയമപരമായ കാര്യങ്ങളിൽ മാത്രമേ ഒരു മുസ്ലിം സ്ത്രീക്ക് തന്റെ മുഖം അന്യരെ കാണിക്കാൻ കഴിയുകയുള്ളൂവെന്നും സാജിദ് റാഷിദി കൂട്ടിച്ചേർത്തു. സീ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

‘ക്യാമറക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ഇർഫാന്റെ ഭാര്യ ഒരു നടിയല്ല. അവരൊരു വീട്ടമ്മയാണ്, ഇത്തരം ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കരുത്. ഇർഫാൻന്റെ ഭാര്യയുടെ ചിത്രം നിരവധി പേരാണ് കാണുന്നത്. അവർ വിരലുകളിൽ നൈൽ പോളിഷ് ഉപയോഗിച്ചിരിക്കുന്നു. നൈൽ പോളിഷ് ധരിച്ചാൽ നമസ്കാരം ശരിയാവില്ല. എന്തു തരത്തിലുള്ള മുസ്ലിമാണ് അവർ’ സാജിദ് റാഷിദി ചോദിക്കുന്നു. ഇസ്ലാമിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങളിൽ സജീവമായി പങ്കെടുക്കുന്നയാളാണ് മൗലാന സാജിദ് റാഷിദി.

‘ഈ പെണ്ണ് ഒരു ശല്യമാണ്’ എന്ന കാപ്ഷനോടെയായിരുന്നു ഇർഫാൻ പത്താന്റെ ട്വിറ്റർ ഫോട്ടോ. ലവ്, വൈഫൈ എന്നീ ഹാഷ് ടാഗുകളും താരം ചേർത്തു. എന്നാൽ ഇർഫാൻ പത്താന്‌റെ ഭാര്യ മുഖം മറച്ചിട്ടില്ല എന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകൾ താരത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. നൈൽ പോളിഷ് ധരിച്ചാൽ നമസ്കാരം ശരിയാവില്ലെന്നും ഇർഫാൻ പോസ്റ്റ് ചെയ്ത ചിത്രം ഇസ്ലാമികമല്ല എന്ന് വരെ ആളുകൾ അധിക്ഷേപിച്ചു. നിരവധി പേർ ഇർഫാനെ അനുകൂലിച്ചും പോസ്റ്റിനു താഴെ രംഗത്തെത്തിയിരുന്നു. 2016 ഫെബ്രുവരി 16നാണ് മെക്കയിൽ വെച്ച് ഇർഫാൻ പത്താൻ സാഫ ബെയ്ഗിനെ വിവാഹം ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ