Latest News

എങ്ങനെ മറക്കും ഈ ഇടംകയ്യൻ സ്വിങ്ങറെ? പത്താന്റെ മികച്ച ഇന്നിങ്‌സുകൾ

ഇന്ത്യക്കായി 29 ടെസ്റ്റുകളിലും 120 ഏകദിനങ്ങളിലും 24 ടി 20 മത്സരങ്ങളിലും പത്താൻ സാന്നിധ്യമറിയിച്ചു

ഇന്ത്യയുടെ ഏറ്റവും മികച്ച സ്വിങ് ബോളറായ ഇർഫാൻ പത്താൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് തന്റെ ക്രിക്കറ്റ് ജീവിത്തിന് അന്ത്യം കുറിച്ചു. നീണ്ട കാലം ഇന്ത്യൻ ബോളിങ് നിരയുടെ കരുത്തായിരുന്ന താരം പടിയിറങ്ങുമ്പോൾ ഒരു യുഗത്തിന് തിരശീല വീഴുകയാണ്.

2003ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരം ഇന്ത്യക്കായി 29 ടെസ്റ്റുകളിലും 120 ഏകദിനങ്ങളിലും 24 ടി 20 മത്സരങ്ങളിലും സാന്നിധ്യമറിയിച്ചു.

തുടക്കത്തിൽ ഒരു മുൻ‌നിര ബോളറായി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ചെങ്കിലും പിന്നീട് ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായി ഗ്രെഗ് ചാപ്പൽ ചുമതലയേറ്റതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ‌റൗണ്ടർമാരിൽ ഒരാളായി മാറുകയായിരുന്നു ഇർഫാൻ പത്താൻ. എല്ലാ ഫോർ‌മാറ്റുകളിൽ നിന്നുമായി 2821 റൺസും 301 വിക്കറ്റുകളും ഇർഫാന്റെ പേരിൽ കുറിക്കപ്പെട്ടപ്പോൾ ഇന്ത്യക്ക് ലഭിച്ചത് മികച്ചൊരു ഓൾ‌റൗണ്ടറെയാണ്.

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഓവറിൽ ഹാട്രിക് നേടിയ ഏക കളിക്കാരനായി പത്താൻ മാറിയതും 2007ലെ ലോക ടി 20 ഫൈനലിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ചരിത്ര വിജയത്തിലെ പ്രധാന പങ്കും പത്താന്റെ കരിയറിലെ നാഴികക്കല്ലുകളാണ്.

ഇർഫാൻ പത്താന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

പാക്കിസ്ഥാനെതിരായ ഹാട്രിക്ക്

2006ൽ ഇന്ത്യയുടെ പാക്കിസ്ഥാൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലെ ആദ്യ ഓവറിൽ നേടിയ ഹാട്രിക്ക് നേട്ടം തന്നെയാണ് ആദ്യം എടുത്തു പറയേണ്ടത്. സൽമാൻ ബട്ട്, യൂനിസ് ഖാൻ, മുഹമ്മദ് യൂസഫ് എന്നിവരടങ്ങുന്ന പാക്ക് പടയുടെ ടോപ്പ് ഓർഡറിനെ പത്താൻ വീഴ്ത്തിയത് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓർമകളിൽ​ ഒന്നാണ്.

ഇന്ത്യക്കായി ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഹർഭജൻ സിങിനു ശേഷം ഹാട്രിക്ക്‌ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഇതോടെ പത്താന്റെ പേരിലായി.

ടി20 ലോകകപ്പ് ഫൈനലിലെ പ്രകടനം

സൂപ്പർ താരം വീരേന്ദർ സെവാഗിന്റെ അഭാവത്തിൽ ആദ്യ ടി20 ലോകകപ്പ് ഫൈനലിനിറങ്ങിയ ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഗൗതം ഗംഭീർ-യൂസഫ് പത്താൻ എന്നിവരടങ്ങുന്ന പുതിയ ഓപ്പണിംഗ് ജോഡിയെ പരീക്ഷിച്ചു. ഗംഭീർ ഒഴികെയുള്ള ബാറ്റിംഗ് നിര പരാജയപ്പെട്ടപ്പോൾ പാക്കിസ്ഥാന് കിരീടത്തിലേക്ക് എത്താൻ വേണ്ടത് 20 ഓവറിൽ 158 റൺസ്.

താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന പാക്കിസ്ഥാനെ പിടിച്ചുകെട്ടാൻ സഹായിച്ചത് ഇർഫാൻ പത്താന്റെ നാല് ഓവറാണ്. വെറും 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ പ്രകടനത്തിൽ 12 ഡോട്ട് ബോളുകളും ഉൾപ്പെടുന്നു. കിരീട നേട്ടത്തിലേക്ക് വഴിവെച്ച പത്താൻ മാജിക്കിന് ഫൈനലിലെ മികച്ച പ്രകടനത്തിനുള്ള അവാർഡും ലഭിച്ചു.

Read Also: സ്വിങ് മാന്ത്രികൻ പടിയിറങ്ങുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് ഇർഫാൻ പത്താൻ

പെർത്തിലെ പ്രകടനം (2008)

2008 ജനുവരി 19 ന് ആതിഥേയരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ പെർത്തിൽ ഇന്ത്യ സ്വന്തമാക്കിയത് അവിസ്മരണീയ ജയം. വിവാദമായ സിഡ്നി ടെസ്റ്റിന് തൊട്ടുപിന്നാലെ നേടിയ ഈ വിജയം ഇന്ത്യൻ ടീമിന്റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായിരുന്നു. മത്സരത്തിൽ ഇർഫാൻ പന്തുകൊണ്ട് നൽകിയ സംഭാവന ക്രിക്കറ്റ് പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിലൊന്നാണ്.

ബോളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും സുപ്രധാന പങ്ക് വഹിക്കാൻ താരത്തിനായി. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിൽ എട്ടാമനായി ഇറങ്ങി 28 റൺസും രണ്ടാം ഇന്നിംഗ്‌സിൽ 46 റൺസും നേടി മത്സരത്തിൽ നിർണായകമായി. ബോളെടുത്തപ്പോൾ മത്സരത്തിൽ അഞ്ച് വിക്കറ്റുകളും നേടി പത്താൻ ഓസീസിനെതിരായ ജയത്തിലേക്ക് ടീമിനെ നയിച്ചു.

പത്താൻ സഹോദരൻമാരുടെ രക്ഷാപ്രവർത്തനം

2008-09 ൽ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ ഏക ടി 20 മത്സരത്തിൽ പത്താൻ സഹോദരന്മാർ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത് ഒരു അവിസ്മരണീയ പ്രകടനത്തിലൂടെയായിരുന്നു.

ലങ്ക ഉയത്തിയ 171 റൺസിന്റെ വിജയലക്ഷ്യം പിന്തുടന്ന ഇന്ത്യ 115/7 എന്ന നിലയിലേക്ക് വീണു. ഇന്ത്യൻ ബാറ്റ്സ്മാൻമാർ തങ്ങളുടെ കഴിവ് തെളിയിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ക്രിസിൽ ഒന്നിക്കുകയായിരുന്നു. 29 പന്തിൽ 57 റൺസ് വേണ്ടിയിരുന്നിടത്ത് നാല് പന്ത് ശേഷിക്കെ പത്താൻ സഹോദരൻമാരിലൂടെ മത്സരം ഇന്ത്യ കൈയ്യെത്തി പിടിച്ചു.

യൂസഫ് പത്താൻ 10 പന്തിൽ 22 റൺസ് നേടിയപ്പോൾ സഹോദരൻ ഇർഫാൻ 16 പന്തിൽ 33 റൺസാണ് നേടിയത്. അതിൽ രണ്ട് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെടുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Irfan pathans top performances

Next Story
ഐ-ലീഗ്: ഐസ്വാളിനെതിരെ ആശ്വാസ സമനിലയുമായി ഗോകുലംGKFC vs AFC, Gokulam Kerala FC, Aiswal FC, ഗോകുലം കേരള എഫ്സി, ഐസ്വാൾ എഫ്സി, ie league, ഐ ലീഗ്, football news, ഫുട്ബോൾ വാർത്ത, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express