അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്‌ഡ് കൊല്ലപ്പെട്ടതിന് തുടർന്ന്  സാമൂഹിക അകലം കര്‍ശനമായി പാലിക്കേണ്ട കൊറോണക്കാലത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. പലപ്പോഴും വംശീയ അധിക്ഷേപങ്ങൾക്ക് വേദിയാകാറുള്ളത് കായിക മത്സരങ്ങളും ഇരയാകാറുള്ളത് താരങ്ങളുമാണ്.

ഐപിഎൽ കളിക്കുന്ന സമയത്ത് താൻ വംശീയ അധിക്ഷേപം നേരിട്ടതിനെ കുറിച്ച് വെസ്റ്റ് ഇൻഡീസ് മുൻനായകൻ ഡാരൻ സമി തുറന്നുപറഞ്ഞിരുന്നു. ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയാണ് സമി കളിച്ചിരുന്നത്. 2013-2014 സീസണില്‍ ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോൾ തന്നെയും ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേരയെയും ‘കലും’ എന്ന് പേരുപയോഗിച്ചാണ് വിളിച്ചിരുന്നതെന്നും അതിന്റെ അർഥം തനിക്കിപ്പോഴാണ് മനസിലായതെന്നുമാണ് സമി പറഞ്ഞത്. സമിയുടെ പരാമർശത്തെ കുറിച്ച് മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഐപിഎല്ലിൽ സൺറൈസേ‌ഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിച്ച താരം കൂടിയാണ് പത്താൻ.

Read Also: ഇനി ചർച്ചകൾ വേണ്ട, നാലാം നമ്പറിൽ ഞാൻ തന്നെ: ശ്രേയസ് അയ്യർ

ടീമിൽ നിന്ന് സമി ഇങ്ങനെയൊരു ദുരനുഭവം നേരിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്ന് പത്താൻ പറഞ്ഞു. സമി വംശീയ അധിക്ഷേപം നേരിട്ടിട്ടുണ്ടെങ്കിൽ അത് തീർച്ചയായും ടീമിന്റെ പരിഗണനയിൽ വന്നിട്ടുണ്ടാകണമെന്നും പത്താൻ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലെ വേർതിരിവുകളെ കുറിച്ചും പത്താൻ സംസാരിച്ചു. ദക്ഷിണേന്ത്യയിൽ നിന്ന് വടക്കേ ഇന്ത്യയിലേക്കുള്ള യാത്രയിൽ നമ്മുടെ പല സഹോദരങ്ങളും അവരുടെ രൂപത്തിന്റെ പേരിൽ അധിക്ഷേപം നേരിടേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്ന് പത്താൻ പറഞ്ഞു. നിറത്തിന്റെ പേരിൽ മാത്രമല്ല മതത്തിന്റെ പേരിലും സമൂഹത്തിൽ വേർതിരിവുകളുണ്ടെന്നും പത്താൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ ആന ചരിഞ്ഞ വിഷയത്തിൽ പ്രതികരിച്ച കായികതാരങ്ങളോട് പത്താൻ മറുചോദ്യമുന്നയിച്ചു. ഗർഭിണിയായ ആന ചരിഞ്ഞപ്പോൾ ഒട്ടേറെ കായികതാരങ്ങൾ പ്രതികരണവുമായി രംഗത്തെത്തി. അവരതു ചെയ്യുകയും വേണം. അതേസമയം, തിഹാറിൽ ഗർഭിണിയായ സ്ത്രീ കൊല്ലപ്പെട്ടപ്പോഴും മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടുമ്പോഴും ഇവരാരും പ്രതികരിച്ചു കണ്ടില്ലല്ലോ? ഭയമാണോ അതിനു കാരണമെന്നും പത്താൻ ചോദിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook