ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി സ്വിങ് ബോൾ മാന്ത്രികൻ ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടർമാരിൽ ഒരാളായിരുന്ന പത്താൻ സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേഷണം ചെയ്ത പ്രത്യേക തത്സമയ പരിപാടിയിലാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

2003ല്‍ ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2012 ഒക്ടോബറില്‍ ഇന്ത്യക്കായി അവസാന മത്സരം കളിച്ച മുപ്പത്തിയഞ്ചുകാരന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ഇന്ത്യന്‍ ടീമിന് പുറത്താണ്. പരുക്കും ഫോമില്ലായ്മയും താരത്തെ നിരന്തരം അലട്ടിയതോടെ ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു.

ഒമ്പതു വര്‍ഷം നീണ്ട കരിയറില്‍ ഇന്ത്യക്കായി 29 ടെസ്റ്റും 120 ഏകദിനങ്ങളും 24 ടി 20യിലും താരം കളിച്ചിട്ടുണ്ട്. 301 വിക്കറ്റുകളാണ് എല്ലാ ഫോർമാറ്റുകളിൽ നിന്നുമായി പത്താൻ സ്വന്തമാക്കിയിരിക്കുന്നത്. ഏകദിനത്തില്‍ 23.39 ബാറ്റിങ് ശരാശരിയില്‍ 1544 റണ്‍സും ടെസ്റ്റില്‍ 31ന് മുകളില്‍ ശരാശരിയില്‍ 1105 റണ്‍സും ഈ ഓൾ റൗണ്ടറിന്‌റെ പേരിൽ കുറിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കായി ബാറ്റിങ്ങിൽ ഓപ്പണറായും, മൂന്നാം നമ്പറിലും പത്താന്‍ ഇറങ്ങിയിട്ടുണ്ട്.

2007ൽ നടന്ന​ ആദ്യ ടി 20 ലോകകപ്പിലും ഇന്ത്യയുടെ കുന്തമുനയായിരുന്നു ഈ വഡോദരക്കാരൻ. ചിരവൈരികളായ പാക്കിസ്ഥാനെതിരെ നടന്ന ഫൈനലില്‍ എറിഞ്ഞ മാന്ത്രിക സ്‌പെല്‍ ഇന്ത്യന്‍ ആരാധകര്‍ ഇന്നും ഓര്‍ക്കുന്നു. 16 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നു വിക്കറ്റുകളാണ് അന്ന് താരം വീഴ്ത്തിയത്.

Read Also: മുന്നിൽ മുഹമ്മദ് ഷമി; വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻ

കൃത്യമായ ലെങ്ത്, ഇന്‍ സ്വിങ്, ഔട്ട് സ്വിങ്, മീഡിയം പേസ് എന്നിവയായിരുന്നു പത്താന്റെ പ്രധാന വജ്രായുധങ്ങള്‍. കറാച്ചിയിൽ പാക്കിസ്ഥാനെതിരെ നടന്ന ടെസ്റ്റിലെ ഹാട്രിക്ക് നേട്ടം പത്താന്റെ കരിയറിലെ പൊൻതൂവലാണ്. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഹാട്രിക്ക്‌ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇതോടെ താരത്തിന്റെ പേരിലായി.

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബില്‍ തുടക്കം കുറിച്ച പത്താന്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്സ്, റൈസിംഗ് പൂനെ സൂപ്പര്‍ജെയിന്റ്സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. 103 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 1139 റണ്‍സും 80 വിക്കറ്റും നേടി.

ആഭ്യന്തര ക്രിക്കറ്റില്‍ ബറോഡയുടെ താരമായിരുന്ന പത്താന്‍ പിന്നീട് 2018-ല്‍ ജമ്മു കശ്മീര്‍ ടീമിനൊപ്പം ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജമ്മു കശ്മീരിനായി കളിക്കാനിറങ്ങിയതാണ് പത്താനന്റെ കരിയറിലെ അവസാന മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook