ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട സഹോദരങ്ങളാണ് ഇര്‍ഫാന്‍ പത്താനും യൂസഫ് പത്താനും. ക്രിക്കറ്റ് പ്രേമികള്‍ക്ക് മനസ്സില്‍ സൂക്ഷിക്കാന്‍വിധം മികച്ച ഇന്നിങ്‌സുകള്‍ സമ്മാനിച്ച താരങ്ങളാണ് ഇരുവരും. കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ പത്താന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും താന്‍ വിരമിക്കുകയാണെന്ന കാര്യം അറിയിച്ചത്. സഹോദരന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന വാര്‍ത്ത തന്നെ ചെറിയ രീതിയില്‍ വിഷമിപ്പിച്ചതായി യൂസഫ് പത്താന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ഇര്‍ഫാന്‍ അതേകുറിച്ച് സംസാരിക്കാറുണ്ടെന്നും ഉടന്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് തനിക്ക് അറിയാമായിരുന്നു എന്നും യൂസഫ് പത്താന്‍ പറഞ്ഞു.
Read Also: ആരൊക്കെയാണ് മത്സരാർത്ഥികൾ? ‘ബിഗ് ബോസ്’ ഹൗസിൽ നിന്നും തത്സമയം
ക്രിക്കറ്റില്‍ തന്നെ അറിയപ്പെടുന്നവനാക്കിയത് ഇര്‍ഫാന്‍ പത്താന്‍ ആണെന്ന് യൂസഫ് പത്താന്‍ പറഞ്ഞു. “ഇര്‍ഫാന്‍ പത്താന്റെ സഹോദരന്‍ എന്ന നിലയിലാണ് എല്ലാവരും എന്നെ സ്വീകരിച്ചതും അംഗീകരിച്ചതും. ഞാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ എല്ലാവരും എന്നെ അറിയാന്‍ തുടങ്ങി. ഇര്‍ഫാന്‍ പത്താന്റെ സഹോദരന്‍ എന്ന നിലയിലാണ് എനിക്ക് ഇത്രയും സ്വീകാര്യത ലഭിച്ചത്” യൂസഫ് പത്താന്‍ പറഞ്ഞു.
“ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് ഇര്‍ഫാന്‍ വിരമിക്കുന്നത്. ഞങ്ങളുടെ ജീവിതം തന്നെ അതിനു തെളിവാണ്. ഇപ്പോള്‍ ഞങ്ങള്‍ വലിയൊരു വീട്ടിലാണ് താമസിക്കുന്നത്. പക്ഷേ, പണ്ട് ചെറിയ ഒരു വീട്ടിലാണ് താമസിച്ചിരുന്നു. ക്രിക്കറ്റിലൂടെയാണ് ഇതെല്ലാം നേടിയത്. പഴയ വീട്ടിലേക്ക് ഞങ്ങള്‍ ഇടയ്‌ക്കെ പോകാറുണ്ട്. പഴയ ഓര്‍മകളിലേക്ക് പോകാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്” യൂസഫ് പറഞ്ഞു.
Read Also: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അഞ്ച് നായകന്മാർ
“ക്രിക്കറ്റില്‍ അറിപ്പെടുന്ന ഒരു ഫാസ്റ്റ് ബോളര്‍ ആകണമെന്നായിരുന്നു ഇര്‍ഫാന്‍ പത്താന്റെ ആഗ്രഹം. വസീം അക്രത്തിന്റെ വലിയൊരു ആരാധകന്‍ ആയിരുന്നു ഇര്‍ഫാന്‍. അദ്ദേഹത്തെ പോലെ ബോളിങ് ആക്ഷന്‍ വേണമെന്ന് അവന്‍ ആഗ്രഹിച്ചിരുന്നു. അക്രം ബോള്‍ ചെയ്യുന്ന ഒരു പോസ്റ്റര്‍ വീട്ടില്‍ പതിച്ചിരുന്നു. ക്രിക്കറ്റില്‍ നിന്ന് നേടാന്‍ സാധിക്കുന്നതെല്ലാം അവന്‍ നേടിയിട്ടുണ്ട്. 2006 ല്‍ കറാച്ചിയില്‍വച്ച് പാക്കിസ്ഥാനെതിരെ നേടിയ ഹാട്രിക് ആണ് ഇര്‍ഫാന്റെ മറ്റ് ഏത് നേട്ടത്തെക്കാളും വലുത്. ഇന്ത്യയ്ക്കുവേണ്ടി ഇര്‍ഫാന്‍ പത്താന്‍ ഇനിയും കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. പക്ഷേ, ഇതുവരെ നേടിയ എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ സന്തുഷ്ടരാണ്, ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.” ഇര്‍ഫാന്‍ പറഞ്ഞു.
അതേസമയം, ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ വലിയൊരു കുറ്റബോധം തന്നെ വേട്ടയാടുന്നുണ്ടെന്ന് ഇർഫാൻ പത്താൻ പറയുന്നു. പലരും അന്താരാഷ്ട്ര കരിയർ തുടങ്ങുന്ന പ്രായത്തിൽ വിരമിക്കേണ്ടി വരുന്നത് സങ്കടകരമാണെന്ന് പത്താൻ പറഞ്ഞു. ഇന്ത്യയുടെ മുൻ നായകൻമാരായ സൗരവ് ഗാംഗുലിക്കും രാഹുൽ ദ്രാവിഡിനും പത്താൻ പ്രത്യേകം നന്ദി പറഞ്ഞു. മറ്റുള്ള ടീമുകൾക്ക് മുൻപിൽ നമ്മൾ ഒന്നുമല്ല എന്ന ചിന്ത മാറ്റിയെടുക്കണമെന്നും ജയിക്കാൻ പോരാടണമെന്നും തങ്ങളെ പഠിപ്പിച്ചത് ഗാംഗുലിയാണെന്ന് പത്താൻ പറഞ്ഞു.