അയർലണ്ടിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാവും. ഞായർ, ചൊവ്വ ദിവസങ്ങളിലായാണ് രണ്ട് മത്സരങ്ങൾ മാത്രമടങ്ങിയ പരമ്പര. ശ്രേയസ് അയ്യരും ഋഷഭ് പന്തും ഇല്ലാത്ത പരമ്പരയിൽ ഇരുവർക്കും പകരം സൂര്യകുമാർ യാദവും സഞ്ജു സാംസണും പ്ലെയിങ് ഇലവനിൽ എത്തിയേക്കുമെന്നാണ് സൂചന.
മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം ലെസ്റ്ററിൽ ആയതിനാൽ, നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) തലവൻ വിവിഎസ് ലക്ഷ്മണിന്റെ നേതൃത്വത്തിലാണ് ഹർദിക് പാണ്ഡ്യ നായകനായ ടീം ഇറങ്ങുക. ദ്രാവിഡിന്റെ അഭാവത്തിലും ലക്ഷ്മൺ രാഹുലിന്റെ പാറ്റേൺ തന്നെ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ സഞ്ജുവും സൂര്യകുമാറും പ്ലെയിങ് ഇലവനിൽ ഇടംനേടും.
കഴിഞ്ഞ ഒരു വർഷമായി ഇന്ത്യൻ ടി20 ടീമിൽ സൂര്യയ്ക്ക് സ്ഥിരം സാന്നിധ്യമായ സൂര്യകുമാറിന് കൈത്തണ്ടയിലെ പരുക്കിൽ നിന്ന് മുക്തനായുള്ള തിരിച്ചുവരവ് മാത്രമാണിതെങ്കിലും സഞ്ജുവിന് ഇത് അങ്ങനെയല്ല. തന്റെ കഴിവ് തെളിയിക്കാനും ടി20 ലോകകപ്പ് ടീമിൽ അവസരം ഉറപ്പിക്കാനുമുള്ള ഏറ്റവും നിർണായകമായ അവസരമാണ്. തിളങ്ങിയാൽ സൂര്യകുമാറിന് ശ്രേയസ് അയ്യറിന് നാലാം നമ്പറിലേക്ക് ഒരു എതിരാളിയായി മാറാനും കഴിയും.
സഞ്ജുവിനെ സംബന്ധിച്ചിടത്തോളം, ദീപക് ഹൂഡ ഒരു വെല്ലുവിളിയാക്കാൻ സാധ്യതയുണ്ട്. പന്ത് അതിർത്തി കടത്താനുള്ള കഴിവും ഓഫ് സ്പിൻ മികവും ഹൂഡയെ സഞ്ജുവിന് ബദലായി സെലക്ടർമാരുടെ കണ്ണിൽ എത്തിച്ചാൽ അത്ഭുതപ്പെടാനില്ല. എന്നാൽ, ദ്രാവിഡിന്റെ രീതിയിൽ അധിക ബോളർക്ക് വലിയ സാധ്യതയില്ല.
ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഉൾപ്പെടെ തിളങ്ങാൻ ആയില്ലെങ്കിലും ഋതുരാജ് ഗെയ്ക്വാദിന് താരതമ്യേന ദുർബലരായ അയർലൻഡിനെതിരെ രണ്ട് അവസരങ്ങൾ കൂടി ലഭിച്ചേക്കും. കുറച്ച് റൺസ് നേടാനും തന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനും അത് സഹായിച്ചേക്കും. അടുത്ത കുറച്ച് മാസത്തേക്ക് റിസർവ് ഓപ്പണർ സ്ലോട്ട് ബുക്ക് ചെയ്തിരിക്കുന്ന ഇഷാൻ കിഷൻ, തൽക്കാലം ആ റോളിൽ തുടരും, ഇംഗ്ലണ്ടിനെതിരായ ടി20യിലും ഇഷാൻ കിഷൻ രോഹിതിന് ഒപ്പം ഓപ്പണറാകും.
കഴിഞ്ഞ പരമ്പരയിൽ അഞ്ചാമതായി ഇറങ്ങിയ ഹാർദിക് പാണ്ഡ്യ, ആ സ്ഥാനത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തതായി കാർത്തിക്കും ഇലവനിൽ ഉണ്ടാകും. എന്നാൽ ഫിനിഷർ റോളിൽ ഉള്ള കാർത്തികിനെ സാഹചര്യത്തിന് അനുസരിച്ച് മാറ്റി പരീക്ഷിക്കാനും സാധ്യതയുണ്ട്.
അതേസമയം, ദ്രാവിഡോ ലക്ഷ്മണോ ഈ പരമ്പരയിൽ ‘ജമ്മു എക്സ്പ്രസ്’ ഉംറാൻ മാലിക്കിനെയോ ബ്ലോക്ക് ഹോൾ സ്പെഷ്യലിസ്റ്റ് അർഷ്ദീപ് സിങ്ങിനെയോ പരീക്ഷിക്കുമോ അതോ ഭുവനേശ്വർ കുമാർ അവേഷ് ഖാൻ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ എന്നിവരുമായി തന്നെ മുന്നോട്ട് പോകുമോ എന്ന് ഇനിയും വ്യക്തമല്ല.