അയര്‍ലൻഡിനെതിരായ ട്വന്റി-20 പരമ്പരയുടെ ആദ്യ മൽസരത്തിനായി ഡബ്ലിനില്‍ വിരാടും സംഘവും ഇറങ്ങുമ്പോള്‍ എതിര്‍വശത്ത് ഒരാളുണ്ടാകും, മൊഹാലിക്കാരനായ ഓള്‍ റൗണ്ടര്‍ സിമി സിങ്. 2006 ല്‍ പഠിക്കാനായി അയര്‍ലൻഡിലെത്തുകയും പിന്നീട് ക്രിക്കറ്റ് താരമായി മാറുകയും ചെയ്‌ത സിമിയുടെ പേരും ഇന്നലെ പ്രഖ്യാപിച്ച അയര്‍ലൻഡ് ടീമിലുണ്ട്. ഒരിക്കല്‍ ഏത് ടീമിന്റെ ജഴ്‌സിയണിയണമെന്ന് ആഗ്രഹിച്ചുവോ അതേ ടീമിനെയാണ് സിമി നേരിടാന്‍ ഒരുങ്ങുന്നത്.

‘മൊഹാലിയില്‍ ക്രിക്കറ്റ് കളിച്ചു നടന്ന കാലം മുതല്‍ ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിച്ചിരുന്നു. പഞ്ചാബ് ടീമില്‍ ഇടം കിട്ടാതെ ആയതോടെയാണ് ഞാന്‍ അയര്‍ലൻഡിലേക്ക് പഠിക്കാനായി പോയത്. ഇപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ പോകുന്നു. അതും ഞാന്‍ പരിശീലിക്കുകയും കുട്ടികളെ ട്രെയിന്‍ ചെയ്യിപ്പിക്കുകയും ചെയ്യുന്ന അതേ ഗ്രൗണ്ടില്‍ തന്നെ. എന്റെ കരിയറിലെ ഏറ്റവും വലിയ നിമിഷമാണിത്.’ സിമി സിങ് പറയുന്നു.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും ധോണിയേയുമൊന്നും നേരില്‍ കണ്ടിട്ടില്ലെങ്കിലും ടെലിവിഷനില്‍ സ്ഥിരം അവരുടെ കളികള്‍ കാണാറുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം, യുസ്‌വേന്ദ്ര ചാഹലിനും സിദ്ധാര്‍ത്ഥ് കൗളിനുമൊപ്പം കളിച്ചിട്ടുണ്ടെന്നും അവര്‍ക്കെതിരെ വീണ്ടും കളിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2006 ലായിരുന്നു സിമി സിങ് ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കാനായി അയര്‍ലൻഡിലെത്തുന്നത്. 2004 ല്‍ മൊഹാലി അണ്ടര്‍ 17 ടീമിനായി കളിച്ച സിമി 725 റണ്‍സ് നേടിയിരുന്നു. പഠനത്തിന് ശേഷം 2009 ല്‍ സിമി അയര്‍ലൻഡിലെ ഓള്‍ഡ് ബാല്‍വെറിഡേലില്‍ ചേരുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ന്യൂസിലൻഡിനെതിരെയായിരുന്നു സിമിയുടെ അരങ്ങേറ്റം. ഇതുവരെ ഏഴ് ഏകദിനങ്ങളില്‍ അയര്‍ലൻഡിനായി കളിച്ചിട്ടുള്ള സിമി ഈ മാസം ആദ്യം നെതര്‍ലൻഡിനെതിരെയാണ് തന്റെ ട്വന്റി-20 അരങ്ങേറ്റം കുറിച്ചത്. മൂന്ന് വിക്കറ്റും അര്‍ധസെഞ്ചുറിയുമായി അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്‌തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ