ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സലിനെതിരെ ആഞ്ഞടിച്ച് അയര്‍ലന്‍ഡ് നായകന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡ്. അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ട് അയര്‍ലന്‍ഡിന് ലോകകപ്പ് യോഗ്യത നഷ്ടമായതിന് പിന്നാലെയായിരുന്നു നായകന്റെ പ്രതികരണം. ഐസിസി പണത്തിന് പിന്നാലെ പായുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘ആറ് ആഴ്ച്ചയുള്ള ടൂര്‍ണമെന്റിന് രണ്ട് ടീമുകള്‍ മാത്രമായിട്ട് എങ്ങനെയാണ് പോകുന്നത്. വലിയ രണ്ടോ മൂന്നോ ടീമുകളോട് കളിക്കാന്‍ മാത്രമായിട്ടാണ് അവര്‍ പോകുന്നത്. വലിയ ടീമിന് ഒമ്പത് മത്സരങ്ങള്‍ കളിക്കാനുള്ള അവസരം ഉണ്ടാക്കാന്‍ മാത്രമാണിത്. ടിവിയില്‍ നിന്നും കാശുണ്ടാക്കാന്‍ മാത്രമാണ് ഐസിസിയുടെ നീക്കം. ഒരുപാട് ടീമുകളാണ് ഒന്നുമില്ലാതെ മടങ്ങുന്നത്.’ പോര്‍ട്ടര്‍ഫീല്‍ഡ് പറയുന്നു.
‘ലോകകപ്പില്‍ നിന്നും ലഭിക്കുന്ന ഭീമന്‍ തുക അവര്‍ താഴേ കിടയിലേക്കും എത്തിക്കണം. ഞാന്‍ എപ്പോഴും കേട്ടിട്ടുള്ളത് കളി നന്നാകുന്നുണ്ട്, എങ്ങനെ ചിലര്‍ ചിലരെ തകര്‍ക്കുന്നു എന്നൊക്കെ മാത്രമാണ്. അതൊരു സൈക്കിള്‍ പോലെ തുടരുകയാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കളിയില്‍ നിന്നും ലഭിക്കുന്ന പണം കളിയില്‍ തന്നെ ഉപയോഗിക്കാന്‍ കഴിയണമെന്ന് പറഞ്ഞ താരം ചെറു രാജ്യങ്ങള്‍ക്ക് ലോകകപ്പെന്നൊരു പ്രതീക്ഷ ഇല്ലെങ്കില്‍ പിന്നെ അവരെങ്ങനെ ലോകകപ്പിന് യോഗ്യത നേടുമെന്നും ചോദിക്കുന്നു. ‘ ഒരു ക്യാരറ്റ് മുന്നില്‍ കെട്ടിയിട്ടാല്‍ മുയലുകളെ പോലെ അതിനായി ടീമുകളും ചാടിക്കളിക്കും അതുകൊണ്ട് ക്രിക്കറ്റ് തന്നെയാണ് വളരുന്നത്.” അദ്ദേഹം പറയുന്നു.
‘ഞങ്ങള്‍ക്ക് യോഗ്യത കിട്ടാത്തത് കൊണ്ടല്ല ഞാനിത് പറയുന്നത്. ഒരുപാട് ടീമുകളുണ്ട് അടുത്ത ആഴ്ച്ച എന്തു സംഭവിക്കുമെന്ന് പോലുമറിയാതെ തിരിച്ചു പോകുന്നത്. അവരുടെ കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. പോര്‍ട്ടര്‍ഫീല്‍ഡ് വ്യക്തമാക്കുന്നു. എന്നാല്‍ തങ്ങളേയും അഫ്ഗാനിസ്ഥാനേയും സംബന്ധിച്ച് ടെസ്റ്റ് കൡക്കാനുള്ള അവസരമുണ്ടെന്നും സ്‌കോട്ട്‌ലന്റിനെ പോലെ മുന്നിലൊന്നുമില്ലാത്ത അവസ്ഥ തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനെതിരായായിരിക്കും അയര്‍ലന്‍ഡിന്റെ ആദ്യ ടെസ്റ്റ് മത്സരം. ലോകകപ്പിന് യോഗ്യത നേടിയ അഫ്ഗാനിസ്ഥാനെ അഭിനന്ദിച്ച താരം സ്‌കോട്ട്‌ലാന്റിന് മുന്നോട്ട് വരിക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അടുത്ത വര്‍ഷം മുതല്‍ അവരെന്ത് ലക്ഷ്യം വച്ച് കളിക്കുമെന്നും ചോദിച്ചു.
പുതിയ തീരുമാനം പ്രകാരം ലോകകപ്പില്‍ പത്ത് ടീമുകള്‍ മാത്രമാണ് കളിക്കുന്നത്. ഓരോ ടീമിനും പ്രാഥമിക റൗണ്ടില്‍ ഒമ്പത് കളികള്‍ ലഭിക്കും.