ഗാലെ: ശ്രീലങ്കൻ ബോളർമാരെ കളിയാക്കിയ രവീന്ദ്ര ജഡേജയ്ക്കെതിരെ വിമർശനം. ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് മൽസരത്തിനിടെയാണ് ജഡേജയിൽനിന്നും ശ്രീലങ്കൻ ആരാധകരെ ചൊടിപ്പിക്കുന്ന തരത്തിലുളള പ്രവൃത്തിയുണ്ടായത്.

ഇന്ത്യൻ ബാറ്റിങ് നടക്കുമ്പോൾ ഡ്രസിങ് റൂമിൽ സഹതാരങ്ങൾക്ക് മുന്നിലാണ് ജഡേജ ലങ്കൻ ബോളർമാരെ അനുകരിച്ചത്. ഹാർദിക് പാണ്ഡ്യ, ക്യാപ്റ്റൻ വിരാട് കോഹ‌്‌ലി, കോച്ച് രവി ശാസ്ത്രി എന്നിവർക്ക് മുന്നിലായിരുന്നു ജഡേജയുടെ പ്രകടനം. ജഡേജയുടെ അനുകരണം കണ്ട് ഇന്ത്യൻ താരങ്ങൾ പൊട്ടിച്ചിരിക്കുകയും ചെയ്തു. പക്ഷേ അത് ലങ്കൻ ആരാധകർക്ക് അത്ര പിടിച്ചിട്ടില്ല. ശ്രീലങ്കൻ ബോളർമാരിൽ ആരെയാണ് ജഡേജ കളിയാക്കിയതെന്ന് വ്യക്തമായിട്ടില്ല.

ജഡേജയുടെ അനുകരണത്തിനെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ വിമർശനവുമായി എത്തിയത്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ മൂന്നു വിക്കറ്റാണ് രവീന്ദ്ര ജഡേജ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തതിൽ ജഡേജയുടെ ബോളിങ് സഹായിച്ചിരുന്നു. ജഡേജയും അശ്വിനും ചേർന്നാണ് ലങ്കൻ ബാറ്റ്സ്മാരെ ആദ്യ ഇന്നിങ്സിൽ പിടിച്ചുകെട്ടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ