മൊഹാലി: ക്രിസ് ഗെയ്‌ലിന്റെ സെഞ്ചുറി കരുത്തിൽ, സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് വിജയം. പഞ്ചാബിന്റെ 194 റൺസ് പിന്തുടർന്ന ഹൈദരാബാദ് 178 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. ഹൈദരാബാദ് നിരയിൽ കെയ്ൻ വില്യംസണും മനീഷ് പാണ്ഡെയും പൊരുതിയെങ്കിലും ഇരുവർക്കും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.

58 പന്തിൽ 11 സിക്സറുകളുടെ അകമ്പടിയോടെ സെഞ്ചുറി നേടിയ ഗെയ്ൽ 104 റൺസാണ് നേടിയത്. കെയ്ൻ വില്യംസൺ 54ഉം മനീഷ് പാണ്ഡെ 57 ഉം റൺസെടുത്തു. വാലറ്റത്ത് ഷാക്കിബ് അൽ ഹസൻ പൊരുതിയെങ്കിലും ജയിപ്പിക്കാനായില്ല. ഇദ്ദേഹം 24 റൺസ് നേടി.

വളരെ പതിയെ ബാറ്റ് വീശിയ ഗെയ്ൽ 38 പന്തിലാണ് ഇന്നലെ അർദ്ധസെഞ്ചുറി നേടിയത്. പിന്നീട് നേരിട്ട 19 പന്തിലായിരുന്നു അദ്ദേഹം സെഞ്ചുറിയിലേക്ക് കുതിച്ചത്. ഹൈദരാബാദ് നിരയിൽ റാഷിദ് ഖാനെയാണ് ഗെയ്ൽ ഏറ്റവുമധികം ആക്രമിച്ചത്. ക്രിസ് ഗെയ്‌ലിന്റെ ആറാം ഐപിഎൽ സെഞ്ചുറിയാണ് ഇന്നലെ ഹൈദരാബാദിനെതിരെ കുറിച്ചത്.

രണ്ട് മൽസരത്തിൽ മാത്രം കളത്തിലിറങ്ങിയ ഗെയ്ൽ സീസണിലെ റൺ വേട്ടക്കാരിൽ വിരാട് കോഹ്‌ലിക്കും സഞ്ജു സാംസണും പിന്നിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook