ന്യൂഡൽഹി: ഐപിഎല്ലിൽ കുതിപ്പ് തുടരുന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്നലെയും വിജയിച്ചെങ്കിലും അത് ഋഷഭ് പന്തിന്റെ സെഞ്ചുറിയുടെ മാറ്റ് ഒട്ടും കുറച്ചില്ല. 63 പന്തിൽ 128 റൺസ് നേടിയ ഋഷഭ് പന്താണ് ഇന്നലെ ഡൽഹിക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.

എന്നാൽ പന്തിന് ബാറ്റ് കൊണ്ട് മറുപടി നൽകിയ ശിഖർ ധവാനും കെയ്ൻ വില്യംസണും ഹൈദരാബാദിനെ കൂറ്റൻ വിജയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചപ്പോൾ ഡൽഹി പുറത്താവുന്ന ആദ്യ ടീമായും മാറി.

ഐപിഎല്ലിൽ ഒരു ഇന്ത്യൻ ബാറ്റ്സ്‌മാൻ ഒരു ഇന്നിങ്സിൽ നേടുന്ന ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡാണ് ഋഷഭ് പന്ത് പഴങ്കഥയാക്കിയതിൽ പ്രധാനപ്പെട്ടത്. 20 വയസും 216 ദിവസവും മാത്രം പ്രായമുളള താരം ഇതോടെ മുരളി വിജയുടെ റെക്കോർഡാണ് തകർത്തത്.

ഇന്നലെ സെഞ്ചുറി പ്രകടനം കാഴ്ചവച്ചതോടെ വീണ്ടും ഈ സീസണിലെ ഓറഞ്ച് ക്യാപിന് താരം അർഹനായി. 11 ഇന്നിങ്സുകളിൽ നിന്ന് 521 റൺസാണ് താരം ഈ സീസണിൽ നേടിയത്. ഇതോടെ ഐപിഎല്ലിൽ 1000 റൺസ് തികച്ച പന്ത് ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി. മുൻപ് സഞ്ജു സാംസണിന്റെ പേരിലായിരുന്ന റെക്കോർഡാണ് പന്ത് സ്വന്തം പേരിലാക്കിയത്. പട്ടികയിൽ മൂന്നാം സ്ഥാനത്ത് ബെംഗളൂരു ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ്.

ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമായി ഇതോടെ ഋഷഭ് പന്ത്. 19-ാം വയസിൽ സെഞ്ചുറി നേടിയ മനീഷ് പാണ്ഡ്യയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ