വിരാട് കോഹ്ലി – ഗൗതം ഗംഭീര്‍, നവീന്‍ ഉള്‍ ഹഖ് ഏറ്റുമുട്ടല്‍ ഏത് നിമിഷവും സംഭവിക്കാമെന്ന നിലയിലായിരുന്നു കളി മുന്നോട്ട് പോയിരുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഇരു ടീമുകളും അത്രയും ആവേശത്തിലായിരുന്നെന്നും ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
2008 സീസണില്‍ തനിക്കുണ്ടായ അനുഭവം പങ്കുവച്ചായിരുന്നു ഹര്‍ഭജന്റെ വാക്കുകള്‍.
“കളിയുടെ രസം ഈ സംഭവം കൊണ്ട് ഇല്ലാതായി. ഞാന്‍ അത്തരം സാഹചര്യത്തിലൂടെ കടന്നുപോയ താരമാണ്. 2008-ല്‍ എനിക്കും ശ്രീശാന്തിനുമിടയില്‍ ഇതുപോലൊരു ഏറ്റുമുട്ടല്‍ ഉണ്ടായി. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഞാന്‍ അതില്‍ ദുഖിതനാണ്. ഞാന്‍ ചെയ്തത് ശരിയാണെന്നായിരുന്നു അന്ന് കരുതിയിരുന്നത്. പക്ഷെ അങ്ങനെയായിരുന്നില്ല, ഞാന്‍ ചെയ്തത് തെറ്റായിരുന്നു,” ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
“വിരാട് കോഹ്ലിയെ നോക്കു, അദ്ദേഹം ഇന്നൊരു ഇതിഹാസമാണ്. ആരുമായും കലഹിക്കേണ്ടതില്ല,” ഹര്‍ഭജന്‍ ചൂണ്ടിക്കാണിച്ചു.
മത്സരശേഷം ഹസ്തദാനം നല്‍കുന്നതിനിടെയാണ് കോഹ്ലിയും നവീനും നേര്‍ക്കുനേര്‍ വന്നത്. കോഹ്ലിയുടെ കയ്യില്‍ നിന്ന് വിടാന്‍ നവീന്‍ തയാറായില്ല. ശേഷം നവീന്‍ കോഹ്ലിയൊട് എന്തൊ പറയുന്നതും വീഡിയോയില്‍ കാണാം.
പിന്നാലെ കോഹ്ലി നവീന് മറുപടി നല്‍കുന്നതും കൂടുതല്‍ പ്രശ്നത്തിലേക്ക് പോകാതെ ഗ്ലെന്‍ മാക്സ്വല്‍ ഇടപെടുകയുമായിരുന്നു. വൈകാതെ തന്നെ ഗംഭീറും ചിത്രത്തിലേക്ക് വന്നു. പിന്നീട് മൈതാനം സംഘര്‍ഷഭരിതമായി.
2013 ഐപിഎല്ലില്‍ കോഹ്ലിയും ഗംഭീറും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.