scorecardresearch

വീണു കിടക്കുന്ന നായകന്‍ മുതല്‍; മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വികള്‍ക്ക് പിന്നിലെ അഞ്ച് കാരണങ്ങള്‍

നാളെ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയാല്‍ മുംബൈയുടെ പ്ലെ ഓഫ് സാധ്യതകള്‍ അവസാനിക്കും

നാളെ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയാല്‍ മുംബൈയുടെ പ്ലെ ഓഫ് സാധ്യതകള്‍ അവസാനിക്കും

author-image
Hari
New Update
Mumbai Indians, IPL 2022

Photo: Facebook/ Mumbai Indians

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചു തവണ കിരീടം ചൂടിയ ഓരേ ഒരു ടീം. ഈ സീസണ്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഒരു ജയം പോലും നേടാത്തവര്‍. രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിന് എന്തുപറ്റി? ഏതൊരു ക്രിക്കറ്റ് പ്രേമിയുടേയും മനസില്‍ ഉയരുന്ന ചോദ്യമാണിത്. ടീമിന്റെ തിരിച്ചടികള്‍ക്ക് പിന്നില്‍ ഒന്നിലധികം കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Advertisment

വീണു കിടക്കുന്ന രോഹിത് എന്ന വന്മരം

രോഹിത് ശര്‍മ, ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരുടെ പട്ടികയെടുത്താല്‍ മുന്‍പന്തിയിലുള്ള പേര്. എന്നാല്‍ കുറച്ച് സീസണുകളായി ഐപിഎല്ലില്‍ രോഹിതിന്റെ പ്രകടനം അത്ര മികവുറ്റതല്ല. അന്താരാഷ്ട്ര തലത്തില്‍ തിളങ്ങുമ്പോഴും ഐപിഎല്ലില്‍ ശരാശരിക്കും താഴെയാണ് വലം കൈയ്യന്‍ ബാറ്റര്‍. ഈ സീസണില്‍ കളിച്ച ആറില്‍ മൂന്ന് മത്സരങ്ങളിലും രോഹിതിനെ മികച്ച തുടക്കം ലഭിച്ചു. പതിവ് പോലെ വിക്കറ്റ് വലിച്ചെറിഞ്ഞു മടങ്ങുകയും ചെയ്തു. ആറ് കളികളില്‍ സമ്പാദ്യം 114 റണ്‍സ് മാത്രം. മുംബൈക്ക് മുന്നോട്ട് പോകാന്‍ രോഹിത് കുറഞ്ഞത് പത്ത് ഓവര്‍ വരെയെങ്കിലും കളത്തില്‍ ഉണ്ടാകണം. പ്രത്യേകിച്ചും പ്ലെ ഓഫ് സാധ്യത നിലനിര്‍ത്താന്‍ എല്ലാ കളികളും ജയിക്കേണ്ട സാഹചര്യത്തില്‍.

കടലാസില്‍ മൂല്യം, കളത്തിലില്ല; ഇഷാന്‍ കിഷന്‍

താരലേലത്തില്‍ 15.25 കോടി രൂപയ്ക്കാണ് ഇഷാന്‍ കിഷനെന്ന യുവതാരത്തെ മുംബൈ സ്വന്തം ക്യാമ്പിലെത്തിച്ചത്. ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയും ഇതു തന്നെയായിരുന്നു. എന്നാല്‍ ഇഷാന്റെ പ്രകടനങ്ങല്‍ മുംബൈ കൊടുത്ത വലിയ വിലയ്ക്ക് തുല്യമാകുന്നില്ല എന്ന് ഇതിനോടകം തന്നെ തെളിഞ്ഞു കഴിഞ്ഞു. ആദ്യ രണ്ട് കളികളില്‍ അര്‍ധ സെഞ്ചുറിയോടെയാണ് താരം തുടങ്ങിയത്. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ പ്രഹരശേഷി പോലും നൂറിന് താഴെയാണ്. ഇന്ത്യയ്ക്കായി ഇഷാന്‍ അവസാനം കളിച്ച മത്സരങ്ങളിലും പ്രകടനം ഇതിനോട് സമാനമായിരുന്നു. പോക്കെറ്റ് ഡൈനാമേറ്റ് എന്ന് വിളിക്കപ്പെടുന്ന ഇഷാന്റെ ഫോം മുംബൈക്ക് കരുത്ത് പകരുന്നില്ല. ആദ്യ ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടുക എന്ന ഉത്തരവാദിത്വമാണ് ഇഷാനുള്ളത്. എന്നാല്‍ താരത്തിന് നേരിടുന്ന പന്തുകള്‍ക്ക് ഒപ്പം പോലും റണ്‍സ് നേടാന്‍ സാധിക്കുന്നില്ല.

ഒരുമിച്ച് തിളങ്ങാത്ത മധ്യനിരയിലെ ത്രിമൂര്‍ത്തികള്‍

സൂര്യകുമാര്‍ യാദവ്, യുവതാരങ്ങളായ തിലക് വര്‍മ, ഡേവാള്‍ഡ് ബ്രാവിസ്. ഇവര്‍ മൂന്നുമാണ് മുംബൈയുടെ മധ്യനിരയിലെ കരുത്ത്. സീസണില്‍ മുംബൈയുടെ ബാറ്റിങ് നിരയുടെ നട്ടെല്ലാണ് സൂര്യകുമാര്‍. വ്യക്തിഗതമായി മൂന്ന് താരങ്ങളും വിവിധ മത്സരങ്ങളില്‍ തിളങ്ങി. ബ്രാവിസും തിലകും തങ്ങളുടെ കഴിവ് തെളിയിച്ചു കഴിഞ്ഞു. എന്നാല്‍ മൂന്ന് പേരും ഒരുപോലെ ഉത്തരവാദിത്വം ഏറ്റെടുത്ത് ടീമിനെ നയിക്കുന്ന മത്സരങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് പോരായ്മയാണ്. പ്രത്യേകിച്ചും രോഹിതും ഇഷാനും ഫോമിലല്ലാത്ത സാഹചര്യത്തില്‍.

Advertisment

ഫിനിഷിങ് മറക്കുന്ന പൊള്ളാര്‍ഡ്

കിറോണ്‍ പൊള്ളാര്‍ഡ്, മുംബൈ ഇന്ത്യന്‍സിന്റെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റര്‍. എന്നാല്‍ നടപ്പു സീസണില്‍ നിരവധി തവണ പൊള്ളാര്‍ഡിലേക്ക് മത്സരങ്ങള്‍ ചുരുങ്ങിയിട്ടും ഒരു തവണ പോലും മികവ് പുലര്‍ത്താന്‍ താരത്തിനായിട്ടില്ല. ആറ് മത്സരങ്ങളില്‍ നിന്ന് നേടിയത് കേവലം 82 റണ്‍സ് മാത്രമാണ്. പൊള്ളാര്‍ഡിനെ ടീമില്‍ നിലനിര്‍ത്തിയതിനെതിരെ പോലും ആരാധകര്‍ക്കിടയില്‍ നിന്ന് ചോദ്യം ഉയരുന്നുണ്ട്.

തല്ലുകൊള്ളികളായ ബോളര്‍മാര്‍

മുംബൈ ഇന്ത്യന്‍സിന്റെ പോയ സീസണിലെ കരുത്ത് ഏത് സ്കോറും ചെറുത്ത് നിര്‍ത്താന്‍ കഴിയുന്ന ബോളര്‍മാരുടെ സാന്നിധ്യമായിരുന്നു. ജസ്പ്രിത് ബുംറ, ട്രെന്‍ ബോള്‍ട്ട്, രാഹുല്‍ ചഹര്‍, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, മാര്‍ക്കൊ ജാന്‍സണ്‍ എന്നിങ്ങനെ നീളുന്നു പേരുകള്‍. എന്നാല്‍ ഇത്തവണ ജസ്പ്രിത് ബുംറ മാത്രമാണ് അവശേഷിക്കുന്നത്. പുതുതായി ടീമിലെത്തിയ ടൈമല്‍ മില്‍സ്, ബേസില്‍ തമ്പി, ജയദേവ് ഉനദ്കട്ട്, മുരുഗന്‍ അശ്വിന്‍, ഫാബിയന്‍ അലന്‍ തുടങ്ങിയവരെല്ലാം റണ്‍സ് വഴങ്ങുന്നതില്‍ ഒരു പിശുക്കും കാണിക്കുന്നില്ല എന്നുള്ളതാണ് വസ്തുത. ബുംറയ്ക്കൊപ്പം മറുവശത്ത് നിന്ന് എതിര്‍ ടീമിന് സമ്മര്‍ദം നല്‍കാല്‍ ബോള്‍ട്ടിനെ പോലൊരു താരമില്ല എന്നതാണ് പ്രധാന തിരിച്ചടി. പൊന്നും വിലയ്ക്കെടുത്ത ജോഫ്ര ആര്‍ച്ചര്‍ പരിക്കില്‍ നിന്ന് മുക്തമായിട്ടില്ല. അടുത്ത സീസണിലെങ്കിലും താരം കളിക്കുമോ എന്നതില്‍ ഇതുവരെ സ്ഥിരീകരണവുമില്ല.

Also Read: IPL Covid Scare: ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ വീണ്ടും കോവിഡ്; ഒരു വിദേശ താരത്തിന് കൂടി രോഗം

Ipl 2022 Mumbai Indians

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: