വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേശ് കാര്‍ത്തിക്കിന് കഴിഞ്ഞ ഐപിഎല്‍ സീസണ്‍ മികച്ചതായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ മികച്ച ബാറ്റിങ് പ്രകടനം കൊണ്ട് ‘ഫിനിഷര്‍’ എന്ന വിളിപ്പേര് നേടിയാണ് താരം തിളങ്ങിയത്. ഐപിഎല്ലിലെ താരത്തിന്റെ ഫോം 2022 ലെ ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിലേക്കും ക്ഷണം കിട്ടി.
ഇപ്പോള്‍ ഐപിഎലിന്റെ പുതിയ സീസണിന്റെ മുന്നോടിയായി പരിശീലനത്തിനിടെ വ്യത്യസ്ത ഭാവത്തില്‍ നില്‍ക്കുന്ന താരത്തിന്റെ വീഡിയോ ആര്‍സിബി പങ്കിട്ടു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 330 റണ്‍സ് നേടിയ കാര്‍ത്തിക് ഇത്തവണയും അതേ ഫോം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടീം. ഫിനീഷര്‍ തിരിച്ചെത്തി, ഐപിഎലിനായി തയാറെടുക്കാനുള്ള ഒരു അവസരവും താരം നഷ്ടപ്പെടുത്തില്ലെന്ന കുറിപ്പോടെയാണ് ആര്‍സിബി താരത്തിന്റെ വീഡിയോ പങ്കിട്ടത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ വെറും 8 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയതാണ് കാര്‍ത്തിക്കിന്റെ ശ്രദ്ധിക്കപ്പെട്ട മികച്ച പ്രകടനങ്ങളിലൊന്ന്. രണ്ട് ഫോറും തുടര്‍ച്ചയായ 3 സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ആ ഇന്നിംങ്‌സ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ വെറും 23 പന്തില്‍ 44 റണ്‍സും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പുറത്താകാതെ 66 റണ്‍സും നേടിയപ്പോള്‍ റണ്‍ ചേസിംഗ് വൈദഗ്ധ്യവും താരം പുറത്തെടുത്തു.
ആഴ്ചയുടെ തുടക്കത്തില്‍, ആര്‍സിബി അവരുടെ ഹോം ഗ്രൗണ്ടായ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 20000-ത്തിലധികം ആരാധകരുടെ സാന്നിധ്യത്തില്‍ ഐപിഎല്‍ 2023നുള്ള ടീമിന്റെ പുതിയ ജേഴ്‌സി അനാച്ഛാദനം ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി ടീം അവരുടെ ഹോം ഗ്രൗണ്ടില്‍ ഒരു ടീം പരിശീലന സെക്ഷനും നടത്തി. ഐപപിഎല്ലില്‍ ആര്‍സിബിയുടെ ഇത്തവണത്തെ ആദ്യ മത്സരം ഏപ്രില്‍ 2 ന് മുംബൈ ഇന്ത്യന്‍സിനെതിരെ ഹോം ഗ്രൗണ്ടിലാണ്.