ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയത്തില്‍ കുല്‍ദീപ് യാദവിന്റെ പങ്ക് നിര്‍ണായകമായിരുന്നു. കേവലം 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് ഇടം കയ്യന്‍ സ്പിന്നിര്‍ നേടിയത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി മോശം പ്രകടനം കാഴ്ചവച്ച കുല്‍ദീപ് നിലവില്‍ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ്.
ദേശിയ ടീമിലായിരുന്നപ്പോള്‍ കുല്‍ദീപിന്റെ സ്പിന്‍ പങ്കാളിയായിരുന്ന യുസുവേന്ദ്ര ചഹലാണ് ഒന്നാമത്. കുല്‍ച എന്നാണ് ഇരുവരേയും ചേര്‍ത്ത് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഇരുവരുടേയും സൗഹൃദവും പ്രശസ്തമാണ്. ഇന്നലത്തെ മത്സരത്തിന് ശേഷം തനിക്ക് മുകളിലായി ചഹല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കണമെന്നാണ് കുല്‍ദീപ് പറഞ്ഞത്.
ചഹലുമായി ഒരിക്കലും മത്സരമുണ്ടായിട്ടില്ല. എന്നെ അവന്‍ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എനിക്ക് മൂത്ത സഹോദരനെപ്പോലെയാണ്, എന്റെ മോശം സമയത്ത് കൂടെ നിന്നു. കഴിഞ്ഞ നാല് വര്‍ഷമായി ചഹല്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ചഹല്‍ പര്‍പ്പിള്‍ ക്യാപ് നേടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നുത്, കുല്‍ദീപ് വ്യക്തമാക്കി.
ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ കുല്‍ദീപ് തിരിച്ചടി നേരിട്ടിരുന്നു, മാനസികമായും കളത്തിലും. ഞാന്‍ ഇപ്പോള്‍ കുറച്ചു കൂടി മെച്ചപ്പെട്ടതായി തോന്നുന്നു. മാനസികമായി മുന്‍പത്തേക്കാള്‍ ശക്തനാണ്. നിങ്ങള്‍ ജീവിതത്തില്‍ പരാജയപ്പെടുമ്പോഴാണ് മുന്നേറാനുള്ള പ്രചോദനം ഉണ്ടാകുന്നത്. വീഴചകളെ ഞാന്‍ ഭയപ്പെടുന്നില്ല, താരം കൂട്ടിച്ചേര്‍ത്തു.
Also Read: ഗോളടിക്കാന്‍ റൊണാള്‍ഡൊ മാത്രം; യുണൈറ്റഡിന്റെ കഷ്ടകാലം തുടരുന്നു; ചെല്‍സിയോട് സമനില