12 കളികളില്‍ നിന്ന് 216 റണ്‍സ്, ഐപിഎല്‍ ചരിത്രത്തിലെ തന്നെ ടോപ് സ്കോററായ വിരാട് കോഹ്ലിയുടെ നടപ്പു സീസണിലെ സമ്പാദ്യമാണിത്. ഇതില്‍ മൂന്ന് മത്സരങ്ങളില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്താവുകയും ചെയ്തു. മൂന്ന് കളികളില്‍ ഒറ്റയക്കത്തില്‍ ചുരുങ്ങി. ഒരു അര്‍ധ സെഞ്ചുറിയും. എന്നാല്‍ വിരാട് കോഹ്ലിയുടെ മികവ് അറിയാവുന്നവര്‍ക്ക് വിശ്വസിക്കാനാവുന്നതല്ല ഈ കണക്കുകള്‍.
ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരെയും പൂജ്യനായി പുറത്തായതോടെ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ഡന്‍ ഡക്ക് എന്ന റെക്കോര്‍ഡും കോഹ്ലിയുടെ ചുമലിലെത്തി. ഒരു സീസണില്‍ മൂന്ന് തവണ ആദ്യ പന്തില്‍ പുറത്താകുന്ന 13-ാമത്തെ താരമാണ് മുന്‍ ഇന്ത്യന്‍ നായകന്. രോഹിത് ശര്‍മ, സുരേഷ് റെയ്ന, റാഷിദ് ഖാന് തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്.
ഐപിഎല്‍ കരിയറിലെ കോഹ്ലിയുടെ ആറാമത്തെ ഗോള്‍ഡന്‍ ഡക്കാണിത്. മുംബൈ ഇന്ത്യന്‍സ് (2018), പഞ്ചാബ് കിങ്സ് (2014), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (2017), ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (2022), സണ്‍റൈസേഴ്സ് ഹൈദരാബാദ് (2022, രണ്ട് കളികള്‍) എന്നീ ടീമുകളാണ് കോഹ്ലിയെ മോശം റെക്കോര്ഡിലേക്കെത്തിച്ചത്.
മോശം ഫോമില്‍ തുടരുന്ന കോഹ്ലിക്ക് ഇടവേള ആവശ്യമാണെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഫോം വീണ്ടെടുക്കുന്നതിനായി മൂന്നാം നമ്പറില്‍ നിന്ന് ഓപ്പണിങ്ങിലേക്ക് കോഹ്ലി എത്തിയെങ്കിലും കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനായില്ല. സ്കോറിങ്ങിന് വേഗം കൂട്ടുന്നതിലും കോഹ്ലി സീസണില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ഉണ്ടായത്.
Also Read: 6,6,6,6,6,4; കൗണ്ടിയില്‍ ബെന്‍ സ്റ്റോക്ക്സിന്റെ ആറാട്ട്; വീഡിയോ