മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് അവസാന നാല് പന്തില്‍ ജയിക്കാന്‍ 16 റണ്‍സ്. ആ നിമിഷം കൂളായി സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നത് സാക്ഷാല്‍ എം. എസ്. ധോണി മാത്രമായിരുന്നു. 6,4,2,4…ധോണിയുടെ ബാറ്റ് ഒരിക്കല്‍ കൂടി ചെന്നൈയെ വിജയത്തിലെത്തിച്ചു. ലോകക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫിനിഷറുടെ പേരില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി.
ഏഴാം മത്സരത്തിലും തോല്‍വിയേറ്റു വാങ്ങിയ മുംബൈയുടെ നായകന്‍ രോഹിത് ശര്‍മ തന്റെ തൊപ്പികൊണ്ട് മുഖം മൂടി. അവസാന ഓവര്‍ എറിഞ്ഞ ഉനദ്കട്ട് നിരാശനായി മൈതാനത്തിരുന്നു. മത്സരശേഷം ചെന്നൈയുടെ നായകന്‍ രവീന്ദ്ര ജഡേജ ധോണിയെ വാനോളം പുകഴ്ത്തി. ജഡേജ മാത്രമല്ല ലോകക്രിക്കറ്റിലെ പ്രമുഖരെല്ലാം.
“കളിയുടെ ഗതി ഞങ്ങളെല്ലാവരേയും ആശങ്കയിലാഴ്ത്തി. എന്നാണ് ധോണി താന്‍ ഇവിടെയുണ്ടെന്നും തനിക്ക് കളി ഫിനിഷ് ചെയ്യാന്‍ സാധിക്കുമെന്നും ലോകത്തോട് പറഞ്ഞു. ഫീല്‍ഡിങ്ങിന്റെ കാര്യത്തില്‍ ടീമിന് പരിശീലനമാവശ്യമുണ്ട്, എല്ലാ കളിയിലും ഇങ്ങനെ ക്യാച്ചുകള്‍ വിട്ടുകളയാനാകില്ല,” ജഡേജ പറഞ്ഞു.
ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യത്തെ ഏഴ് മത്സരങ്ങളും തോല്‍ക്കുന്ന ആദ്യ ടീമായ മുംബൈ മാറി. ഇതോടെ മുംബൈയുടെ പ്ലെ ഓഫ് സാധ്യതകള്‍ ഏറക്കുറെ അവസാനിച്ചു. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ ഒന്‍പത് വരെ.
Also Read: സന്തോഷ് ട്രോഫി: ലക്ഷ്യം സെമി ഫൈനല്‍; കേരളം ഇന്ന് പഞ്ചാബിനെതിരെ