IPL 2023: രാജസ്ഥാന് റോയല്‍സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ് ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സമ്മാനിച്ചത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ഹൈദരാബാദ് മറികടന്നത്. സന്ദീപ് ശര്‍മ എറിഞ്ഞ 20-ാം ഓവറില്‍ ജയം ഉറപ്പിച്ച അവസാന പന്ത് നോബോളായത് സഞ്ജുവിന്റേയും കൂട്ടരുടേയും വിജയപ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയായിരുന്നു.
ഐപിഎല്ലില്‍ വീണ്ടുമൊരു ട്വിസ്റ്റ് കണ്ട മത്സരം രാജസ്ഥാന്റെ പ്ലെ ഓഫ് സാധ്യതകള്‍ കൂടിയാണ് ദുഷ്കരമാക്കിയത്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ അഞ്ച് തോല്‍വിയാണ് രാജസ്ഥാന്‍ വഴങ്ങിയത്. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒന്നിലെങ്കിലും തോറ്റാല്‍ കിരീട സ്വപ്നങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും പിങ്ക് പടയ്ക്ക്.
മത്സരശേഷമുള്ള സഞ്ജുവിന്റെ പ്രതികരണത്തിലും നിരാശ പ്രകടമായിരുന്നു. രാജസ്ഥാന്‍ നേടിയ 214 റണ്‍സ് കുറഞ്ഞുപോയതായി തോന്നിയോ എന്ന മുന്‍ ഇംഗ്ലണ്ട് താരം നിക്ക് നൈറ്റിന്റെ ചോദ്യത്തിന് അതൊരു നല്ല ചോദ്യമാണ്, എനിക്ക് അറിയില്ല എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
“ഇതാണ് ഐപിഎല്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. ഇത്തരം മത്സരങ്ങളാണ് ഐപിഎല്ലിനെ വേറിട്ടതാക്കുന്നത്. നിങ്ങള്‍ക്ക് മത്സരം അവസാനിക്കുന്ന നിമിഷം വരെ വിജയിച്ചു എന്ന് ഉറപ്പിക്കാനാകില്ല,” സഞ്ജു വ്യക്തമാക്കി.
“ഏതൊരു ടീമിനും ജയിക്കാന്‍ സാധിക്കുന്ന നിലയായിരുന്നു. ഹൈദരാബാദ് നല്ല രീതിയില്‍ ബാറ്റ് ചെയ്യുകയും ചെയ്തു. പക്ഷെ സന്ദീപ് ശര്‍മയില്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. സമാന സാഹചര്യത്തില്‍ ചെന്നൈക്കെതിരെ സന്ദീപ് ഞങ്ങള്‍ക്ക് വിജയം നേടിത്തന്നതാണ്. ഇന്നും അദ്ദേഹം അത് ആവര്‍ത്തിച്ചു, പക്ഷെ ആ നോബോള്‍ നിരാശ നല്‍കി. മികച്ച സ്കോര്‍ പടുത്തുയര്‍ത്താനായി, പക്ഷെ അവര്‍ മികവോടെ ബാറ്റ് ചെയ്തു,” സഞ്ജു കൂട്ടിച്ചേര്‍ത്തു.
നോബോളിനെക്കുറിച്ച് കൂടുതല്‍ പ്രതികരണം നടത്താനും സഞ്ജു തയാറായില്ല.
ഏഴ് പന്തില്‍ 25 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സ്, ഏഴ് പന്തില്‍ 17 റണ്‍സെടുത്ത അബ്ദുള്‍ സമദ് എന്നിവരാണ് ഹൈദരാബാദിന്റെ ജയം ഉറപ്പാക്കിയത്. നേരത്തെ ജോസ് ബട്ട്ലര്‍ (95), സഞ്ജു സാംസണ്‍ (66) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.