ഐപിഎൽ 2023 സീസണിൽ 10 ടീമുകളാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ, ഓരോ ടീമും അവരുടെ ഗ്രൂപ്പിലെ മറ്റ് നാല് ടീമുകളുമായി രണ്ട് തവണ വീതവും (ഒരു ഹോം, ഒരു എവേ ഗെയിം), മറ്റ് ഗ്രൂപ്പിലെ നാല് ടീമുകളുമായി ഒരോ തവണയും, ശേഷിക്കുന്ന ടീമുകളുമായി രണ്ടു തവണ എന്നിങ്ങനെ 14 ഗെയിമുകളാണ് നടക്കുന്നത്. അവസാനം പോയിന്റ് ടേബിളിലെ ആദ്യ നാല് ടീമുകൾ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനാൽ റിഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസിന് നഷ്ടമാകും. ജസ്പ്രീത് ബുംറയുടെയും ജെ റിച്ചാർഡ്‌സണിന്റെയും അസാന്നിധ്യം മുംബൈ ഇന്ത്യൻസിന് അവരുടെ പേസ് നിരയിലെ ഇരട്ട പ്രഹരമാണ്. ചെന്നൈ സൂപ്പർ കിങ്സിന് കിലെ ജാമിസണിനെയും രാജസ്ഥാൻ റോയൽസിന് പ്രസിദ്ധ് കൃഷ്ണയെയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് റീസ് ടോപ്‌ലി, വിൽ ജാക്ക്‌സ് എന്നിവരെയും നഷ്ടമാകും. എന്നാൽ ഇതുവരെ ഐപിഎല്ലിൽ നിന്ന് ഇവർ ഒഴിവാക്കപ്പെട്ടിട്ടില്ല.