മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 2020 സീസണിലായിരുന്നു മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിരാട് കോഹ്ലിയും നേര്‍ക്കു നേര് വന്നത്. ഇരുവരും അല്‍പ്പനേരം തുറിച്ചു നോക്കുകയും ചെയ്തിരുന്നു. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന യൂട്യൂബ് ഷോയില്‍ അന്നത്തെ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സൂര്യകുമാര്‍.
അന്ന് ബാംഗ്ലൂര്‍ നായകന് കൂടിയായിരുന്ന കോഹ്ലി സ്ലെഡ്ജ് ചെയ്യാനുള്ള ഒരു മൂഡില്‍ തന്നെയായിരുന്നു എന്നാണ് സൂര്യ പറയുന്നത്. “അത് അദ്ദേഹത്തിന്റെ ശൈലിയാണ്. കളത്തിലെ അദ്ദേഹത്തിന്റെ ഊര്‍ജം വളരെ വ്യത്യസ്തമാണ്. അന്നത്തെ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായിരുന്നു. അതുകൊണ്ട് തന്നെ വിരാടിന്റെ സ്ലെഡ്ജ് വേറെ ലെവലിലായിരുന്നു,” സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
“ആ നിമിഷങ്ങളില്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. ഒരിക്കലും ശ്രദ്ധ വെടിയരുത്, എന്ത് വിലകൊടുത്തും ഈ മത്സരം വിജയിക്കേണ്ടതുണ്ട്. ഞാന്‍ ഷോട്ടിന് ശ്രമിച്ച പന്ത് അദ്ദേഹം കൈപ്പിടിയിലൊതുക്കി, എന്നിട്ട് എന്റെ നേര്‍ക്ക് നടന്നു വന്നു. അത് സ്വഭാവികമായി വന്നതാണെന്ന് തോന്നുന്നു,” സൂര്യകുമാര്‍ പറഞ്ഞു.
“കോഹ്ലി എന്റെ നേര്‍ക്കു വന്നപ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടി. കോഹ്ലിയും ഞാനും ഒന്നും സംസാരിച്ചില്ല. ’10 സെക്കന്‍ഡിന്റെ കാര്യമെയുള്ളു, അത് കഴിഞ്ഞാല്‍ പുതിയ ഓവറാണ്. എന്ത് സംഭവിച്ചാലും ഒന്നും പറയരുത്’ ഞാന്‍ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരിന്നു. പിന്നീട് ഞാന്‍ മത്സരശേഷമാണ് കോഹ്ലിയെ കണ്ടത്,” താരം വ്യക്തമാക്കി.
Also Read: ‘കോഹ്ലി ഭായിയെ പുറത്താക്കുക എന്നതാണ് എന്റെ ലക്ഷ്യം;’ അടുത്ത മത്സരത്തെക്കുറിച്ച് ഉമ്രാൻ മാലിക്