2016 ലെ ഐപിഎൽ ചാമ്പ്യന്മാരായ സൺറൈസേഴ്സ് ഹൈദരാബാദ് ഇത്തവണ പുതിയ ക്യാപ്റ്റൻ ഐഡൻ മർക്രാമിന്റെ കീഴിലാണ് ഇറങ്ങുന്നത്. ഇത്തവണ ഇംഗ്ലീഷ് താരമായ ഹാരി ബ്രൂക്കിനെ വൻ തുകയ്ക്കാണ് (13.25 കോടി) ടീമിലെത്തിച്ചത്. മുൻ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ മായങ്ക് അഗർവാൾ (8.25 കോടി), ആദിൽ റാഷിദ് (2 കോടി), ദക്ഷിണാഫ്രിക്കൻ താരം ഹെൻഡ്രിച്ച് ക്ലാസൻ (5.25 കോടി) എന്നിവരും ടീമിലുണ്ട്.
ഏപ്രിൽ രണ്ടിന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. 2022 ൽ എട്ടാം സ്ഥാനത്തും 2021 ൽ അവസാന സ്ഥാനത്തുമെത്തിയ ടീം ഇത്തവണ പ്ലേ ഓഫിനെങ്കിലും യോഗ്യത നേടുമെന്ന പ്രതീക്ഷയിലാണ്. ഓപ്പണിങ് സ്ലോട്ടിൽ അഭിഷേക് ശർമ്മയും ബ്രൂക്കും ആണെങ്കിൽ, രാഹുൽ ത്രിപാഠി മൂന്നാം നമ്പറിൽ വരും. മിഡിൽ ഓർഡറിൽ മായങ്കും മർക്രാമും ഇറങ്ങും. പിന്നാലെ ഗ്ലെൻ ഫിലിപ്സും വാഷിങ്ടൺ സുന്ദറും. ചെന്നൈ സൂപ്പർ കിംഗ്‌സ്, പഞ്ചാബ് കിംഗ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്കൊപ്പം ഹൈദരാബാദ് ഗ്രൂപ്പ് ബിയിലാണുള്ളത്.