Sunrisers Hyderabad vs Royal Challengers Bangalore Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപില്‍) പതിനാറാം സീസണിലെ 65-ാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഉജ്വല ജയം. ഹൈദരാബാദ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ മറികടന്നത്.
ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചെയ്സിങ്ങിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. വിരാട് കോഹ്ലി – ഫാഫ് ഡുപ്ലെസി സഖ്യത്തിന്റെ ആധിപത്യം തന്നെയായിരുന്നു. ആദ്യം ഫാഫ് കത്തിക്കയറിയപ്പോള്‍ കോഹ്ലി കാഴ്ചക്കാരനായി. എന്നാല്‍ പിന്നീട് തന്റെ സ്കോറിങ്ങിന്റെ വേഗം കൂട്ടി കോഹ്ലി കുതിപ്പ് ആരംഭിച്ചു.
62 പന്തില്‍ സെഞ്ചുറി തികച്ചതിന് ശേഷമായിരുന്നു കോഹ്ലി കളം വിട്ടത്. ഐപിഎല്‍ കരിയറിലെ കോഹ്ലിയുടെ ആറാം സെഞ്ചുറിയാണിത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ ക്രിസ് ഗെയിലിനൊപ്പം എത്താനും കോഹ്ലിക്കായി. 12 ഫോറും നാല് സിക്സുമടങ്ങി കോഹ്ലിയുടെ ഇന്നിങ്സില്‍.
ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ കോഹ്ലി പുറത്താകുമ്പോള്‍ ബാംഗ്ലൂരിന്റെ സ്കോര്‍ 172 എത്തിയിരുന്നു. വൈകാതെ തന്നെ ഡുപ്ലെസിയും പുറത്തായി. 47 പന്തില്‍ 71 റണ്‍സെടുത്ത ഡുപ്ലെസിയുടെ ഇന്നിങ്സില്‍ ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ടു. നടരാജനായിരുന്നു വിക്കറ്റ്. പിന്നീട് ഗ്ലെന്‍ മാക്സ്വല്ലും ബ്രേസ്വല്ലും ചേര്‍ന്ന് ബാംഗ്ലൂരിന് ജയം സമ്മാനിച്ചു.
സീസണിലെ ഏഴാം ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കുതിക്കാനും ബാംഗ്ലൂരിനായി. മുംബൈ ഇന്ത്യന്‍സ് അഞ്ചാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. നേരത്തെ സെഞ്ചുറി നേടിയെ ഹെന്റിച്ച് ക്ലാസന്റെ (104) ഇന്നിങ്സാണ് ഹൈദരാബാദിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന്റെ മുന്‍നിര പതിവ് പോലെ തകര്‍ന്നടിഞ്ഞു. അഭിഷേക് ശര്‍മ (11), രാഹുല്‍ ത്രിപാതി (15), എയ്ഡന്‍ മാര്‍ക്രം (18) എന്നിവര്‍ നിരാശപ്പെടുത്തി. 28-2 എന്ന നിലയിലേക്ക് വീണ ഹൈദരാബാദിനെ ഹെന്‍റിച്ച് ക്ലാസനൊപ്പം ചേര്‍ന്ന് മാര്‍ക്രം കരകയറ്റുകയായിരുന്നു.
ക്ലാസന്‍ കൂറ്റനടികളുമായി കളം നിറഞ്ഞപ്പോള്‍ കാഴ്ചക്കാരന്റെ റോളായിരുന്നു മാര്‍ക്രത്തിന്. 24 പന്തില്‍ നിന്നാണ് ക്ലാസന്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സ്കോര്‍ 104-ല്‍ നില്‍ക്കെയാണ് മാര്‍ക്രം പുറത്തായത്. ഷെഹബാസ് അഹമ്മദിന്റെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു താരം. അഞ്ചാമനായി എത്തിയ ഹാരി ബ്രൂക്കിനും മാര്‍ക്രത്തിന്റെ റോള്‍ തന്നെയായിരുന്നു.
ബാംഗ്ലൂര്‍ ബോളര്‍മാരെ അനായാസം നേരിട്ടു ക്ലാസന്‍. എട്ട് ഫോറും ആറ് സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 49-ാം പന്തില്‍ ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ സിക്സര്‍ പായിച്ച് ക്ലാസന്‍ മൂന്നക്കം കടന്നു. എന്നാല്‍ സെഞ്ചുറിക്ക് പിന്നാലെ ക്ലാസനെ ബൗള്‍ഡാക്കി ഹര്‍ഷല്‍ കടം വീട്ടുകയും ചെയ്തു. ഹൈദരാബാദ് ഇന്നിങ്സിലെ 51 പന്തുകള്‍ നേരിട്ട ക്ലാസന്‍ 104 റണ്‍സെടുത്താണ് കളം വിട്ടത്.
19 പന്തില്‍ 27 റണ്‍സെടുത്ത ബ്രൂക്കും അഞ്ച് റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സും ചേര്‍ന്ന് ഹൈദരാബാദിന്റെ സ്കോര്‍ 186-ലെത്തിച്ചു. അവസാന പന്തില്‍ ഗ്ലെന്‍ പുറത്തായി. ബാംഗ്ലൂരിനായി മൈക്കല്‍ ബ്രേസ്വല്‍ രണ്ടും ഷെഹബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ടീം ലൈനപ്പ്
സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, രാഹുൽ ത്രിപാതി, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ഹാരി ബ്രൂക്ക്, ഗ്ലെൻ ഫിലിപ്സ്, അബ്ദുൾ സമദ്, കാർത്തിക് ത്യാഗി, മായങ്ക് ദാഗർ, ഭുവനേശ്വര്‍ കുമാർ, നിതീഷ് റെഡ്ഡി.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോംറോർ, അനുജ് റാവത്ത്, ഷഹബാസ് അഹമ്മദ്, മൈക്കൽ ബ്രേസ്‌വെൽ, വെയ്ൻ പാർനെൽ, ഹർഷൽ പട്ടേൽ, കർൺ ശർമ, മുഹമ്മദ് സിറാജ്.
പ്രിവ്യു
പ്ലെ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ബാംഗ്ലൂരിന് ജയം അനിവാര്യമാണ്. 12 കളികളില്‍ നിന്ന് ആറ് വീതം ജയവും തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ടീം. ഇന്ന് ഹൈദരാബാദിനെ കീഴടക്കിയാല്‍ നാലാം സ്ഥാനം സ്വന്തമാക്കാനും കഴിയും. രാജസ്ഥാനെ ആധികാരികമായി കീഴടക്കിയതിന്റെ ആത്മവിശ്വാസവും ബാംഗ്ലൂരിനുണ്ട്.
171 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി 59 റണ്‍സില്‍ രാജസ്ഥാനെ തളച്ചായിരുന്നു ജയം. എന്നാല്‍ വിരാട് കോഹ്ലിയുടെ മോശം ഫോം ബാംഗ്ലൂരിന് തലവേദനയായേക്കും. നിരവധി മത്സരങ്ങളിലായി കോഹ്ലി റണ്‍സ് കണ്ടത്തുന്നതില്‍ മെല്ലപ്പോക്കാണ്. പവര്‍പ്ലെയില്‍ സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തി കോഹ്ലി ബാറ്റ് ചെയ്യേണ്ടത് ടീമിന് ആവശ്യമാണ്.
മറുവശത്ത് പ്ലെ ഓഫ് സാധ്യതകള്‍ അവസാനിച്ച ഹൈദരാബാദ് മികച്ച രീതിയില്‍ ടൂര്‍ണമെന്റ് അവസാനിപ്പിക്കാനാകും ശ്രമിക്കുക. സ്വന്തം മൈതാനത്താണ് മത്സരമെന്നതിനാല്‍ ഹൈദരാബാദിന് മേല്‍ക്കൈയുണ്ട്. എന്നാല്‍ ജയം സാധ്യമാകണമെങ്കില്‍ രാഹുല്‍ ത്രിപാതി, മായങ്ക് അഗര്‍വാള്‍, എയ്ഡന്‍ മാര്‍ക്രം തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്.
ബോളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ ഫോമിലേക്ക് ഉയര്‍ന്നത് ഹൈദരാബാദിന് ആശ്വാസമാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അഞ്ച് വിക്കറ്റുകളാണ് താരം പിഴുതത്. സ്പിന്നര്‍ മായങ്ക് മാര്‍ഖണ്ഡെയും നടരാജനും ഉള്‍പ്പടെയുള്ളവര്‍ വിക്കറ്റ് വീഴ്ത്താന്‍ ആരംഭിച്ചാല്‍ ഹൈദരാബാദിന് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകാന്‍ സാധ്യതയുണ്ട്.