Mumbai Indians vs Sunrisers Hyderabad Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് ജയം. കാമറൂണ്‍ ഗ്രീന്‍ (100*), രോഹിത് ശര്‍മ (56) എന്നിവരുടെ മികവിലാണ് 201 റണ്‍സ് മുംബൈ പിന്തുടര്‍ന്ന് മറികടന്നത്.
201 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് മൂന്നാം ഓവറില്‍ 14 റണ്‍സെടുത്ത ഇഷാന്‍ കിഷനെ നഷ്ടമായി. മൂന്നാമനായി എത്തിയ കാമറൂണ്‍ ഗ്രീനിനെ കൂട്ടുപിടിച്ച് രോഹിത് ശര്‍മ മുംബൈയെ മുന്നോട്ട് നയിച്ചു. രോഹിത് ആദ്യ ഘട്ടത്തില്‍ താളം കണ്ടെത്താന്‍ ബുദ്ധമുട്ടിയപ്പോള്‍ ഗ്രീന്‍ ആക്രമണത്തിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.
പവര്‍പ്ലെ മുതലെടുത്ത ഗ്രീന്‍ അനായാസമായിരുന്നു സിക്സറുകള്‍ പായിച്ചത്. ആദ്യ ആറ് ഓവറുകള്‍ അവസാനിക്കുമ്പോള്‍ മുംബൈ സ്കോര്‍ 60 എത്തിയിരുന്നു. ഒന്‍പതാം ഓവറില്‍ 20 പന്തില്‍ ഗ്രീന്‍ അര്‍ദ്ധ സെഞ്ചുറി പിന്നിട്ടു. പത്താം ഓവറില്‍ ഉമ്രാന്‍ മാലിക്കിനെ തുടരെ മൂന്ന് തവണ ബൗണ്ടറി കടത്തിയ രോഹിത് മുംബൈയെ 114 റണ്‍സിലെത്തിച്ചു.
വൈകാതെ 31-ാം പന്തില്‍ രോഹിതും 50 കുറിച്ചു. സീസണിലെ താരത്തിന്റെ രണ്ടാം അര്‍ദ്ധ സെഞ്ചുറിയായിരുന്നു. 14-ാം ഓവറിലാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിഞ്ഞത്. സ്കോര്‍ 148-ല്‍ നില്‍ക്കെയാണ് രോഹിത് വീണത്. 56 റണ്‍സെടുത്ത രോഹിതിന്റെ ഇന്നിങ്സില്‍ എട്ട് ഫോറും ഒരു സിക്സും പിറന്നു.
ഗ്രീനിന്റേയും രോഹിതിന്റേയും ഇന്നിങ്സിന്റെ തുടര്‍ച്ചയായിരുന്നു പിന്നീടെത്തിയ സൂര്യകുമാര്‍ യാദവ്. 16 പന്തില്‍ 25 റണ്‍സുമായി സൂര്യയുടെ ജയം അനായാസമാക്കി. 47 പന്തില്‍ സെഞ്ചുറി തികച്ച് ഗ്രീന്‍ മുംബൈയുടെ പ്ലെ ഓഫ് സാധ്യതകള്‍ നിറം നല്‍കി. എട്ട് ഫോറും എട്ട് സിക്സും ഉള്‍പ്പടെയായിരുന്നു ഗ്രീനിന്റെ സെഞ്ചുറി ഇന്നിങ്സ്.
ജയത്തോടെ മുംബൈയുടെ പ്ലെ ഓഫ് സാധ്യത സജീവമായി. ബാംഗ്ലൂര്‍ – ഗുജറാത്ത് മത്സരത്തില്‍ ഗുജറാത്ത് വിജയിച്ചാല്‍ മുംബൈക്ക് പ്ലെ ഓഫില്‍ കടക്കാം. അര്‍ദ്ധ സെഞ്ചുറി നേടി വിവ്രാന്ത് ശര്‍മ (69), മായങ്ക് അഗര്‍വാള്‍ (83) എന്നിവരുടെ ഇന്നിങ്സാണ് നേരത്തെ ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
വിജയം അനിവാര്യമായ മത്സരത്തില്‍ മുംബൈയുടെ ബോളര്‍മാര്‍ക്കായിരുന്നു ആദ്യ ഉത്തരവാദിത്തം. എന്നാല്‍ ഹൈദരാബാദിന്റെ പുതിയ ഓപ്പണിങ് സഖ്യമായ വിവ്രാന്ത് ശര്‍മയും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മൂന്നാം ഓവര്‍ മുതല്‍ മുംബൈ ബോളര്‍മാരെ പ്രഹരിക്കാന്‍ ആരംഭിച്ചു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഇരുവരും അനായാസം സ്കോര്‍ ചെയ്തു.
കന്നി ഐപിഎല്‍ മത്സരത്തിനിറങ്ങിയ വിവ്രാന്തായിരുന്നു മായങ്കിനെ കാഴ്ചക്കാരനാക്കി ബാറ്റ് വീശിയത്. 36 പന്തില്‍ വിവ്രാന്ത് തന്റെ അര്‍ദ്ധ സെഞ്ചുറി പിന്നിട്ടു. 11 ഓവര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ മൂന്നക്കം കടക്കാനും ഹൈദരാബാദിനായി. 32 പന്തിലായിരുന്നു മായങ്ക് സീസണിലെ ആദ്യ അര്‍ദ്ധ സെഞ്ചുറി നേടിയത്.
14-ാം ഓവറിലാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ മുംബൈക്കായത്. 69 റണ്‍സെടുത്ത വിവ്രാന്തിനെ പുറത്താക്കി ആകാശ് മധ്വാളായിരുന്നു വിക്കറ്റ് നേടിയത്. ഒന്‍പത് ഫോറും രണ്ട് സിക്സുമായിരുന്നു താരത്തിന്റെ സമ്പാദ്യം. മൂന്നാമനായി എത്തിയത് ഹെന്റിച്ച് ക്ലാസനായിരുന്നു. 16 ഓവറില്‍ 168 റണ്‍സായിരുന്നു ഹൈദരാബാദിന്റെ നേട്ടം.
എന്നാല്‍ 17-ാം ഓവറില്‍ മായങ്കിനേയും മധ്വാള്‍ വീഴ്ത്തി. 46 പന്തില്‍ 83 റണ്‍സായിരുന്നു മായങ്കിന്റെ നേട്ടം. എട്ട് ഫോറും നാല് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. 18-ാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്സിനെ (1) ക്രിസ് ജോര്‍ദാന്‍ മടക്കി. 19-ാം ഓവറില്‍ അപകടകാരിയായ ക്ലാസനും (18) മധ്വാളിന്റെ മുന്നില്‍ കീഴടങ്ങി. പിന്നാലെയെത്തിയ ഹാരി ബ്രൂക്കിന്റെ (0) കുറ്റി തെറിപ്പിച്ച് മധ്വാള്‍ വിക്കറ്റ് നേട്ടം നാലാക്കി.
ഏഴ് പന്തില്‍ 13 റണ്‍സെടുത്ത മാര്‍ക്രവും മൂന്ന് പന്തില്‍ നാല് റണ്‍സെടുത്ത സന്‍വീര്‍ സിംഗും ചേര്‍ന്നാണ് ഹൈദരാബാദിനെ 200-5 എന്ന സ്കോറിലെത്തിച്ചത്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഡെത്ത് ബോളിങ്ങായിരുന്നു മുംബൈ ഇന്ന് കാഴ്ചവച്ചത്. അവസാന നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ പിഴുതു.
ടീം ലൈനപ്പ്
സൺറൈസേഴ്സ് ഹൈദരാബാദ്: മായങ്ക് അഗർവാൾ, വിവ്രാന്ത് ശർമ, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ഹാരി ബ്രൂക്ക്, നിതീഷ് റെഡ്ഡി, ഗ്ലെൻ ഫിലിപ്സ്, സൻവീർ സിംഗ്, മായങ്ക് ദാഗർ, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്.
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, നെഹൽ വധേര, ക്രിസ് ജോർദാൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, കുമാർ കാർത്തികേയ, ആകാശ് മധ്വാൾ.
പ്രിവ്യു
സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിനാണ് വാങ്കഡയില്‍ രോഹിത് ശര്‍മയും കൂട്ടരും ഇറങ്ങുന്നത്. ഹൈദരാബാദിനെ മികച്ച മാര്‍ജിനില്‍ തന്നെ കീഴടക്കണം പ്ലെ ഓഫ് ഉറപ്പിക്കാന്‍. ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാല്‍ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാകും.
എന്നാല്‍ ബാംഗ്ലൂരാണ് വിജയിക്കുന്നതെങ്കില്‍ മുംബൈയുടെ സാധ്യതകള്‍ നെറ്റ് റണ്‍ റേറ്റിനെ അടിസ്ഥാനമാക്കിയായിരിക്കും. അതുകൊണ്ട് തന്നെ ഹൈദരാബാദിനെതിരെ കേവലം ഒരു ജയം മാത്രമായിരിക്കില്ല മുംബൈയുടെ ലക്ഷ്യം. സര്‍വായുധ സന്നദ്ധരായായിരിക്കും മുംബൈ കളത്തിലെത്തുക.
ബാറ്റിങ്ങില്‍ മുംബൈ ശക്തരാണ്. സീസണിന്റെ തുടക്കം മുതല്‍ മുംബൈക്ക് തിരിച്ചടിയാകുന്നത് ബോളര്‍മാരുടെ പ്രകടനമാണ്. സീസണിന്റെ അവസാന ഘട്ടത്തില്‍ ബോളര്‍മാര്‍ വിക്കറ്റെടുക്കുന്നുണ്ടെങ്കിലും അവസാന ഓവറുകളില്‍ റണ്‍സ് വിട്ടുനല്‍കുന്നത് കനത്ത തിരിച്ചടിയാകുന്നുണ്ട്. ലക്നൗവിനെതിരായ മത്സരത്തില്‍ അവസാന മൂന്ന് ഓവറില്‍ 54 റണ്‍സാണ് വിട്ടു നല്‍കിയത്.
മറുവശത്ത് ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനായിരിക്കും ഹൈദരാബാദ് ഇറങ്ങുക. ബാറ്റിങ്ങില്‍ ഹെന്റിച്ച് ക്ലാസനും ബോളിങ്ങില്‍ ഭുവനേശ്വര്‍ കുമാറും മാത്രമാണ് ഹൈദരാബാദിനായി സീസണില്‍ മികവ് പുലര്‍ത്തുന്നത്. അതുകൊണ്ട് തന്നെ മറ്റ് താരങ്ങള്‍ക്ക് മികവ് പുലര്‍ത്താനുള്ള അവസാന അവസരം കൂടിയാണ് മുംബൈക്കതിരായ മത്സരം.