Sunrisers Hyderabad vs Lucknow Super Giants Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 58-ാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് ഏഴ് വിക്കറ്റ് ജയം. 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗ നാല് പന്ത് ശേഷിക്കെയാണ് ലക്ഷ്യം മറികടന്നത്.
13 പന്തില്‍ 44 റണ്‍സെടുത്ത് അവസാന ഓവറില്‍ കത്തിക്കയറിയ നിക്കോളാസ് പൂരാനാണ് ലക്നൗവിന്റെ ജയം അനായാസമാക്കിയത്. 64 റണ്‍സുമായി പ്രേരക് മങ്കാദ് പുറത്താകാതെ നിന്നു. 40 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസാണ് ലക്നൗവിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മറ്റൊരു താരം. ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താന്‍ ലക്നൗവിനായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദിന് മികച്ച തുടക്കം നല്‍കാന്‍ ഓപ്പണിങ് കൂട്ടുകെട്ടിനായില്ല. മൂന്നാം ഓവറില്‍ തന്നെ അഭിഷേക് ശര്‍മ (7) പുറത്തായി. രണ്ടാം വിക്കറ്റില്‍ അന്‍മോല്‍പ്രീത് സിങ്ങും രാഹുല്‍ ത്രിപാതിയും ചേര്‍ന്ന് ഹൈദരാബദിന്റെ സ്കോറിങ് വേഗത്തിലാക്കി.
എന്നാല്‍ ത്രിപാതിയെ (20) മടക്കി യാഷ് താക്കൂര്‍ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. നാലാമനായി എത്തിയ നായകന്‍ എയ്ഡന്‍ മാര്‍ക്രത്തെ കൂട്ടുപിടിച്ചായിരുന്നു അന്‍മോല്‍പ്രീതിന്റെ പിന്നീടുള്ള പോരാട്ടം. സ്കോര്‍ 36-ല്‍ നില്‍ക്കെ അമിത് മിശ്ര സ്വന്തം ബോളിങ്ങില്‍ താരത്തെ കയ്യിലൊതുക്കി. 13-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ മാര്‍ക്രത്തേയും (28), ഗ്ലെന്‍ ഫിലിപ്സിനേയും (0) ക്രുണാല്‍ മടക്കി.
115-5 എന്ന നിലയിലേക്ക് വീണ ഹൈദരാബാദിനെ കൈപിടിച്ചുയര്‍ത്തിയത് ഹെന്‍റിച്ച് ക്ലാസന്‍ – അബ്ദുള്‍ സമദ് സഖ്യമായിരുന്നു. ആറാം വിക്കറ്റില്‍ 58 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. 29 പന്തില്‍ 47 റണ്‍സെടുത്ത് 19-ാം ഓവറിലെ അവസാന പന്തിലാണ് ക്ലാസന്‍ മടങ്ങിയത്. മൂന്ന് വീതം സിക്സും ഫോറും താരം നേടി.
25 പന്തില്‍ 37 റണ്‍സെടുത്ത് സമദ് പുറത്താകാതെ നിന്നു. ഒരു ഫോറും നാല് സിക്സുമാണ് താരത്തിന്റെ ഇന്നിങ്സില്‍ പിറന്നത്. ലക്നൗവിനായി ക്രുണാല്‍ രണ്ടും ആവേശ് ഖാന്‍, യാഷ് താക്കൂര്‍, അമിത് മിശ്ര, യുദ്ധ് വീര്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
പ്രിവ്യു
ടൂര്‍ണമെന്റിന്റെ തുടക്കത്തിലെ ആധിപത്യത്തിന് ശേഷം കനത്ത തിരിച്ചടിയാണ് ലക്നൗ നേരിടുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ജയിക്കാനായത് ഒന്നില്‍ മാത്രമായിരുന്നു. നായകന്‍ കെ എല്‍ രാഹുലിന്റെ അഭാവം ടീമിന്റെ പ്രകടനങ്ങളില്‍ വ്യക്തമാണ്. നങ്കൂരമിട്ട് ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ടീമില്‍ ഇല്ലെന്ന് തന്നെ പറയാം.
ക്വിന്റണ്‍ ഡി കോക്കിന്റ മടങ്ങി വരവ് ടീമിന് ആശ്വാസമാകും. ഗുജറാത്തിനെതിരെ ഡി കോക്ക് തിളങ്ങിയിരുന്നു. ബോളിങ്ങില്‍ ഫോമിലുള്ള ആരം തന്നെ ലക്നൗ ടീമിലില്ല. ഗുജറാത്തിനെതിരായ അവസാന മത്സരത്തില്‍ എട്ട് ബോളര്‍മാരെയാണ് ക്രുണാല്‍ പണ്ഡ്യ പരീക്ഷിച്ചത്. 227 റണ്‍സും ടീം വഴങ്ങി.
ലക്നൗവിനേക്കാള്‍ മെച്ചപ്പെട്ട ഫോമിലാണ് ഹൈദരാബാദ്. അവസാന മൂന്നില്‍ രണ്ട് മത്സരങ്ങളും വിജയിക്കാനായി. രാജസ്ഥാന്‍ റോയല്‍സിനെതിരെ അവസാന രണ്ട് ഓവറില്‍ 44 റണ്‍സെടുത്ത അവിശ്വസനീയ വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവും ടീമിനുണ്ടാകും. എട്ടാം നമ്പര്‍ വരെ ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരങ്ങളാണ് കരുത്ത്.
മായങ്ക് മാര്‍ഖണ്ഡെ ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ നിറം മങ്ങിയത് ടീമിന് ക്ഷീണം ചെയ്തിട്ടുണ്ട്. ഭുവനേശ്വര്‍ കുമാറിന്റെ പരിചയസമ്പത്ത് ഇത്തവണ കാര്യമായി ഹൈദരാബാദിനെ തുണച്ചിട്ടില്ലെന്ന് തന്നെ പറയാം. ടി നടരാജന്‍, മാര്‍ക്കൊ യാന്‍സണ്‍ എന്നിവര്‍ സ്ഥിരതയില്ലാത്ത പ്രകടനം പുറത്തെടുക്കുന്നതും ഹൈദരാബാദിന്റെ സാധ്യകള്‍ക്ക് വെല്ലുവിളിയാകുന്നു.