Sunrisers Hyderabad vs Kolkata Knight Riders Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 47-ാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 5 റണ്‍സ് ജയം. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന്റെ പോരാട്ടം 166 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
അവസാന ഓവറില്‍ കേവലം 9 റണ്‍സ് മാത്രമായിരുന്നു ഹൈദരാബാദിന് ആവശ്യമായിരുന്നത്. എന്നാല്‍ നിതീഷ് റാണ അര്‍പ്പിച്ച വിശ്വാസം വരുണ്‍ ചക്രവര്‍ത്തി കാത്തു. മൂന്ന് റണ്‍സ് മാത്രം വിട്ടു നല്‍കി ഒരു വിക്കറ്റെടുത്ത് കൊല്‍ക്കത്തയുടെ ജയം വരുണ്‍ ഉറപ്പിച്ചു.
എയ്ഡന്‍ മാര്‍ക്രം (41), ഹെന്‍റിച്ച് ക്ലാസന്‍ (36) എന്നിവര്‍ ഹൈദരാബാദിനായി തിളങ്ങി. കൊല്‍ക്കത്തക്കായി വൈഭവ് അറോറയും ശാര്‍ദൂല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 171 റണ്‍സ് നേടിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്ക് പവര്‍പ്ലെയ്ക്ക് ഉള്ളില്‍ തന്നെ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. 49 റണ്‍സ് ചേര്‍ക്കുന്നതിനിടെ ജേസണ്‍ റോയ് (20), റഹ്മാനുള്ള ഗുർബാസ് (0), വെങ്കിടേഷ് അയ്യര്‍ (7) എന്നിവരാണ് പവലിയനിലേക്ക് എത്തിയത്. നാലാം വിക്കറ്റില്‍ നായകന്‍ നിതീഷ് റാണയും റിങ്കു സിങ്ങും നടത്തിയ ചെറുത്തു നില്‍പ്പാണ് കൊല്‍ക്കത്തയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
61 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. 42 റണ്‍സെടുത്ത റാണയെ മടക്കി എയ്ഡന്‍ മാര്‍ക്രമാണ് കൂട്ടുകെട്ട് പൊളിച്ചത്. 15 പന്തില്‍ 24 റണ്‍സെടുത്ത ആന്ദ്രെ റസലും ഹൈദരാബാദിന് വെല്ലുവിളി ഉയര്‍ത്തിയില്ല. സുനില്‍ നരെയ്ന്‍ (1), ശാര്‍ദൂല്‍ താക്കൂര്‍ (8) എന്നിവരും അതിവേഗം പുറത്തായത് കൊല്‍ക്കത്തയുടെ സ്കോറിങ് മന്തഗതിയിലാക്കി.
35 പന്തില്‍ 46 റണ്‍സെടുത്ത റിങ്കു അവസാന ഓവറിലാണ് മടങ്ങിയത്. നാല് ഫോറും ഒരു സിക്സും താരത്തിന്റെ ഇന്നിങ്സില്‍ പിറന്നു. ഏഴ് പന്തില്‍ 13 റണ്‍സെടുത്ത അങ്കുല്‍ റോയ് ആണ് കൊല്‍ക്കത്തയെ 170 കടക്കാന്‍ സഹായിച്ചത്. ഹൈദരാബാദിനായി നടരാജനും മാര്‍ക്കൊ യാന്‍സണും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
ടീം ലൈനപ്പ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: റഹ്മാനുള്ള ഗുർബാസ്, ജേസൺ റോയ്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, ആന്ദ്രെ റസൽ, റിങ്കു സിംഗ്, സുനിൽ നരെയ്ൻ, ശാർദുൽ താക്കൂർ, വൈഭവ് അറോറ, ഹർഷിത് റാണ, വരുൺ ചക്രവര്‍ത്തി.
സൺറൈസേഴ്‌സ് ഹൈദരാബാദ്: മായങ്ക് അഗർവാൾ, അഭിഷേക് ശർമ, എയ്ഡന്‍ മാര്‍ക്രം, ഹെൻറിച്ച് ക്ലാസൻ, ഹാരി ബ്രൂക്ക്, അബ്ദുൾ സമദ്, മാർക്കോ ജാൻസെൻ, മായങ്ക് മാർഖണ്ഡെ, ഭുവനേശ്വര് കുമാർ, കാർത്തിക് ത്യാഗി, ടി നടരാജൻ.
പ്രിവ്യു
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ജയത്തോടെ വീണ്ടും ഫോമിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ഹൈദരാബാദ്. ഹെന്‍റിച്ച് ക്ലാസനും അഭിഷേക് ശര്‍മയും മാത്രമാണ് ടീമില്‍ മികവ് പുലര്‍ത്തുന്ന ബാറ്റര്‍മാര്‍. മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാതി, എയ്ഡന്‍ മാര്‍ക്രം, ഹാരി ബ്രൂക്ക് തുടങ്ങിയവര്‍ സീസണിലുടനീളം സ്ഥിരതയില്ലാതെയാണ് ബാറ്റ് ചെയ്യുന്നത്.
എന്നാല്‍ ബോളിങ്ങില്‍ ആശ്വസിക്കാനുള്ള കാര്യങ്ങള്‍ ഹൈദരാബാദിനുണ്ട്. ആറ് കളികളില്‍ നിന്ന് പത്ത് വിക്കറ്റെടുത്ത മായങ്ക് മാര്‍ഖണ്ഡെയാണ് ടീമിലെ പ്രധാന ആയുധം. ടി നടരാജാന്‍ ഭേദപ്പെട്ട പ്രകടനവും പുറത്തെടുക്കുന്നുണ്ട്. എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ താളം കണ്ടെത്താത്തത് പവര്‍പ്ലെയില്‍ ഹൈദരാബാദിന് തിരിച്ചടിയാകുന്നുണ്ട്.
നാല് തോല്‍വികള്‍ക്ക് ശേഷം ബാംഗ്ലൂരിനെ പരാജയപ്പെടുത്തി വിജയവഴിയിലെത്താന്‍ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഗുജറാത്തിനോട് കീഴടങ്ങി വീണ്ടും പോയിന്റ് പട്ടികയുടെ അടിത്തട്ടിലേക്ക് കൊല്‍ക്കത്തെ എത്തി. ഹൈദരാബാദിനെതിരെ വിജയം നേടിയില്ലെങ്കില്‍ കൊല്‍ക്കത്തയുടെ പ്ലെ ഓഫ് സാധ്യതകള്‍ മങ്ങും.
ഒന്‍പത് കളികളില്‍ നിന്ന് 13 വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയും ഏഴ് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് വിക്കറ്റുമായി സുയാഷ് ശര്‍മയും തിളങ്ങുന്നുണ്ട്. എന്നാല്‍ സുനില്‍ നരെയ്നിന്റെ മോശം ഫോം കൊല്‍ക്കത്തക്ക് തലവേദനയാണ്. ആന്ദ്രെ റസലും ഫോമിലേക്ക് ഉയരാത്തതും കൊല്‍ക്കത്തയുടെ തോല്‍വികളുടെ പ്രധാന കാരണമാണ്.