Sunrisers Hyderabad vs Delhi Capitals Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 34-ാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് റണ്‍സ് ജയം. 145 റണ്‍സ് പ്രതിരോധിച്ച് ഹൈദരാബാദിനെ 137 റണ്‍സിലൊതുക്കാന്‍ ഡല്‍ഹിക്കായി. ഡല്‍ഹിയുടെ സീസണിലെ രണ്ടാം ജയമാണിത്.
ഹൈദരാബാദിനായി മായങ്ക് അഗര്‍വാള്‍ (49), ഹെന്‍റിച്ച് ക്ലാസന്‍ (31), വാഷിങ്ടണ്‍ സുന്ദര്‍ (24) എന്നിവര്‍ ഹൈദരാബാദിനായി പൊരുതി. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീണതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ഡല്‍ഹിക്കായി നോര്‍ക്കെയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ ബാറ്റിങ് തകര്‍ച്ച നേരിട്ടിട്ടും 144 എന്ന ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്താന്‍ ഡല്‍ഹിക്ക് കഴിഞ്ഞിരുന്നു. 34 റണ്‍സെടുത്ത മനീഷ് പാണ്ഡെയായിരുന്നു ഡല്‍ഹിയുടെ ടോപ് സ്കോറര്‍. അക്സര്‍ പട്ടേലും 34 റണ്‍സ് സ്കോര്‍ ചെയ്തു. ഹൈദരാബാദിനായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ ഓപ്പണിങ് കൂട്ടുകെട്ട് ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. പൃഥ്വി ഷായ്ക്ക് പകരമെത്തിയ ഫിലിപ്സ് സാള്‍ട്ട് ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കില്‍ മടങ്ങി. രണ്ടാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് 38 റണ്‍സ് ചേര്‍ത്തു. പിന്നീട് ഡല്‍ഹിയുടെ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.
മാര്‍ഷ് (25), വാര്‍ണര്‍ (21), അമന്‍ ഖാന്‍ (4), സര്‍ഫറാസ് ഖാന്‍ (10) എന്നിവര്‍ അതിവേഗം പവലിയനിലെത്തി. 62-5 എന്ന നിലയിലേക്ക് വീണ ഡല്‍ഹിയെ മനീഷ് പാണ്ഡെയും അക്സര്‍ പട്ടേലും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ആറാം വിക്കറ്റില്‍ ഇരുവരും 69 റണ്‍സ് ചേര്‍ത്തു. 34 റണ്‍സെടുത്ത അക്സറിനെ 18-ാം ബൗള്‍ഡാക്കി ഭുവനേശ്വറാണ് കൂട്ടുകെട്ട് പൊളിച്ചത്.
വൈകാതെ തന്നെ മനീഷ് പാണ്ഡെയും പുറത്തായി. 34 റണ്‍സെടുത്ത മനീഷ് റണ്ണൗട്ടാകുകയായിരുന്നു. അവസാന ഓവറില്‍ ആന്റിച്ച് നോര്‍ക്കെ (2), റിപല്‍ പട്ടേല്‍ (5) എന്നിവരും റണ്ണൗട്ടായി. നാല് ഓവറില്‍ കേവലം 11 റണ്‍സ് മാത്രം വഴങ്ങിയാണ് ഭുവി രണ്ട് വിക്കറ്റെടുത്തത്. വാഷിങ്ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്.
ടീം ലൈനപ്പ്
സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, ഹാരി ബ്രൂക്ക്, എയ്ഡൻ മർക്രം, മായങ്ക് അഗർവാൾ, ഹെൻറിച്ച് ക്ലാസൻ, മാർക്കോ യാൻസണ്‍, വാഷിങ്ടൺ സുന്ദർ, മായങ്ക് മാർക്കണ്ഡെ, ഭുവനേശ്വര്‍ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക്.
ഡൽഹി ക്യാപിറ്റൽസ്: ഡേവിഡ് വാർണര്‍, ഫിലിപ്പ് സാൾട്ട്, മിച്ചൽ മാർഷ്, മനീഷ് പാണ്ഡെ, സർഫറാസ് ഖാൻ, അക്സർ പട്ടേൽ, അമൻ ഹക്കിം ഖാൻ, റിപാൽ പട്ടേൽ, ആൻറിച്ച് നോർക്കെ, കുൽദീപ് യാദവ്, ഇഷാന്ത് ശർമ.
പ്രിവ്യു
ആറ് കളികളില്‍ ഒരു ജയം മാത്രമുള്ള ഡല്‍ഹിക്ക് അവശേഷിക്കുന്ന എട്ട് മത്സരങ്ങളില്‍ ഏഴെണ്ണമെങ്കിലും ജയിച്ചാല്‍ മാത്രമെ പ്ലെ ഓഫ് സാധ്യത സജീവമാക്കാന്‍ സാധിക്കു. അതിനാല്‍ തന്നെ ഹൈദരാബാദിനെതിരായ മത്സരം നിര്‍ണായകമാണ്. അഞ്ച് തോല്‍വികള്‍ക്ക് ശേഷം വിജയ വഴിയിലേക്ക് തിരിച്ചു വന്നതിന്റെ ആത്മവിശ്വാസം ഡല്‍ഹിക്കുണ്ടാകും.
ആറ് കളികളില്‍ നിന്ന് 285 റണ്‍സെടുത്ത നായകന്‍ ഡേവിഡ് വാര്‍ണര്‍ തന്നെയാണ് ബാറ്റിങ്ങിലെ പ്രധാന കരുത്ത്. മറ്റ് താരങ്ങള്‍ വാര്‍ണറിനൊപ്പം ഉയരുന്നില്ല എന്നത് പോരായ്മയാണ്. അക്സര്‍ പട്ടേല്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ഏക ഓള്‍റൗണ്ടര്‍. അതിനാല്‍ തന്നെ കൃത്യമായൊരു കോമ്പിനേഷന്‍ കണ്ടെത്താനും ഡല്‍ഹിക്കായിട്ടില്ല.
മറുവശത്ത് മുംബൈയോടും ചെന്നൈയോടും പരാജയപ്പെട്ടാണ് എയിഡന്‍ മാര്‍ക്രവും കൂട്ടരുമെത്തുന്നത്. മാര്‍ക്രം ഉള്‍പ്പടെയുള്ള മുന്‍നിര ബാറ്റര്‍മാര്‍ സ്ഥിരത പുലര്‍ത്തുന്നില്ല. വിവിധ സ്ഥാനങ്ങളില്‍ കളിപ്പിച്ചിട്ടും മായങ്ക് അഗര്‍വാള്‍ പരാജയപ്പെട്ടു. രാഹുല്‍ ത്രിപാതിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനം ലഭിക്കുന്നില്ല എന്നതും ടീമിന് തിരിച്ചടിയാകുന്നു.
ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബോളിങ് നിര ശക്തം തന്നെ. നാല് കളികളില്‍ നിന്ന് എട്ട് വിക്കറ്റെടുത്ത മായങ്ക് മാര്‍കണ്ഡെയാണ് സീസണില്‍ ഹൈദരാബാദിനായി തിളങ്ങുന്നത്. മാര്‍ക്കൊ യാന്‍സണ്‍ (ആറ് വിക്കറ്റ്), ഉമ്രാന്‍ മാലിക്ക് (അഞ്ച് വിക്കറ്റ്), ഭുവനേശ്വര്‍ (നാല് വിക്കറ്റ്) എന്നിവരാണ് ടീമിലെ മറ്റ് പ്രധാന വിക്കറ്റ് വേട്ടക്കാര്‍.