scorecardresearch
Latest News

IPL 2023: ‘ഹൈദരാബാദിനോട് വഴങ്ങിയ തോല്‍വി എത്രയും വേഗം മറക്കുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്’

അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ മികച്ച വിജയം നേടിയാല്‍ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കാതെ രാജസ്ഥാന് പ്ലെ ഓഫിലെത്താനാകും

Sanju Samson, RR vs SRH
ഹൈദരാബാദിനെതിരായ മത്സരശേഷം സഞ്ജു സാംസണും എയ്ഡന്‍ മാര്‍ക്രവും Photo: Facebook/ Rajasthan Royals

മൂന്ന് മത്സരം ബാക്കി നില്‍ക്കെ രാജസ്ഥാന്‍ റോയല്‍സിന് പ്ലെ ഓഫിലെത്താന്‍ ഇനിയും സാധ്യതയുണ്ടെന്ന് യുസുവേന്ദ്ര ചഹല്‍. ടീമെന്ന നിലയില്‍ ഹൈദരാബാദിനോട് നേരിട്ട ഞെട്ടിക്കുന്ന തോല്‍വി എത്രയും വേഗം മറക്കണമെന്നും ചഹല്‍ കൂട്ടിച്ചേര്‍ത്തു.

“സമയമെടുക്കും തോല്‍വിയില്‍ നിന്ന് പുറത്തു വരാന്‍. പക്ഷെ ഇനിയും മൂന്ന് മത്സരങ്ങളുണ്ട്. എല്ലാം ജയിക്കാനായാല്‍ പ്ലെ ഓഫിലെത്താനുള്ള സാധ്യത നിലനില്‍ക്കുന്നു,” ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ചഹല്‍ പ്രതീക്ഷ പങ്കുവച്ചു.

“ഇത് കളിയുടെ ഭാഗമാണ്. ഞങ്ങള്‍ ശക്തമായി തിരിച്ചുവരും. കഴിയുന്നത്ര വേഗം ഹൈദരാബാദിനോടേറ്റ തോല്‍വി മറക്കുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്,” ചഹല്‍ കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദിന്റെ അതിവേഗ സ്കോറിങ് തടഞ്ഞു നിര്‍ത്താന്‍ ചഹലിനായിരുന്നു. നാല് ഓവറില്‍ കേവലം 29 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ചഹല്‍ നേടിയത്.

മത്സരശേഷമുള്ള നായകന്‍ സഞ്ജു സാംസണിന്റെ പ്രതികരണത്തിലും നിരാശ പ്രകടമായിരുന്നു. രാജസ്ഥാന്‍ നേടിയ 214 റണ്‍സ് കുറഞ്ഞുപോയതായി തോന്നിയോ എന്ന മുന്‍ ഇംഗ്ലണ്ട് താരം നിക്ക് നൈറ്റിന്റെ ചോദ്യത്തിന് അതൊരു നല്ല ചോദ്യമാണ്, എനിക്ക് അറിയില്ല എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

“ഇതാണ് ഐപിഎല്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. ഇത്തരം മത്സരങ്ങളാണ് ഐപിഎല്ലിനെ വേറിട്ടതാക്കുന്നത്. നിങ്ങള്‍ക്ക് മത്സരം അവസാനിക്കുന്ന നിമിഷം വരെ വിജയിച്ചു എന്ന് ഉറപ്പിക്കാനാകില്ല,” സഞ്ജു വ്യക്തമാക്കി.

 രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ് ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സമ്മാനിച്ചത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ഹൈദരാബാദ് മറികടന്നത്. സന്ദീപ് ശര്‍മ എറിഞ്ഞ 20-ാം ഓവറില്‍ ജയം ഉറപ്പിച്ച അവസാന പന്ത് നോബോളായത് സഞ്ജുവിന്റേയും കൂട്ടരുടേയും വിജയപ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയായിരുന്നു.

ഏഴ് പന്തില്‍ 25 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സ്, ഏഴ് പന്തില്‍ 17 റണ്‍സെടുത്ത അബ്ദുള്‍ സമദ് എന്നിവരാണ് ഹൈദരാബാദിന്റെ ജയം ഉറപ്പാക്കിയത്. നേരത്തെ ജോസ് ബട്ട്ലര്‍ (95), സഞ്ജു സാംസണ്‍ (66) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Sooner we will forget this match the better for us yuzvendra chahal