അഹമ്മദാബാദ്: പ്രഥമ സീസണിന് ശേഷം ആദ്യമായി രാജസ്ഥാന് റോയല്‍സ് ഐപിഎല്ലിന്റെ ഫൈനലിലേക്ക് കുതിച്ചിരിക്കുകയാണ്. ക്വാളിഫയര്‍ രണ്ടില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മുകളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് വിജയം. ബോളിങ്ങിലും ബാറ്റിങ്ങിലും സഞ്ജു സാംസണും കൂട്ടരും ഒരുപോലെ തിളങ്ങിയിരുന്നു.
എന്നിരുന്നാലും ജോസ് ബട്ലര് എന്ന ബാറ്ററുടെ മികവായിരുന്നു രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്. സീസണിലെ നാലാം സെഞ്ചുറിയുടെ പകിട്ടോടെയാണ് ടീമിനെ ബട്ലര് കലാശപ്പോരിലേക്ക് എത്തിച്ചത്. 60 പന്തില്‍ 106 റണ്‍സെടുത്ത ബട്ലറിന്റെ ഇന്നിങ്സില്‍ 10 ഫോറുകളും ആറ് സിക്സറുകളും പിറന്നു. മത്സര ശേഷം രാജസ്ഥാനെ കന്നിക്കിരീടത്തിലെത്തിച്ച ഷെയിന്‍ വോണിനെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
“രാജസ്ഥാന് റോയല്‍സിനെ സംബന്ധിച്ച് ഷെയിന്‍ വോണ്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു താരമാണ്. ടീമിനെ ആദ്യ സീസണില്‍ കിരീടത്തിലേക്ക് എത്തിച്ച അദ്ദേഹത്തിന്റെ സാന്നിധ്യം വല്ലാതെ മിസ് ചെയ്യുന്നു. പക്ഷെ ഞങ്ങള്‍ക്കറിയാം അദ്ദേഹം വളരെ അഭിമാനത്തോടെ ഞങ്ങളെ നോക്കുന്നുണ്ടാകും,” ബട്ലര് പറഞ്ഞു.
നാളെ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന്റെ എതിരാളികള്‍. വൈകിട്ട് എട്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. ക്വാളിഫയര്‍ ഒന്നില്‍ രാജസ്ഥാനെ പരാജയപ്പെടുത്തിയാണ് ഗുജറാത്ത് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ശക്തമായ നിരയാണ് ഗുജറാത്തിന്റേത്.