ഐപിഎൽ 2023 സീസണിന് മാർച്ച് 31 വെള്ളിയാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കമാകും. ആദ്യ മത്സരം മാർച്ച് 31ന് (വെള്ളിയാഴ്ച) നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും (ജിടി) എം എസ് ധോണി നയിക്കുന്ന, നാല് തവണ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) തമ്മിലാണ്. രണ്ടാം ദിനമായ ഏപ്രിൽ ഒന്നിനാണ് ഡബിൾ – ഹെഡർ (ഒരേ ദിവസം ഒരു മത്സരത്തിനു പിന്നാലെ അടുത്ത മത്സരം നടക്കുന്നത്) മത്സരങ്ങൾ നടക്കുന്നത്. ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സ് (പിബികെഎസ്) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും (കെകെആർ) രണ്ടാം മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് (എൽഎസ്ജി) ഡൽഹി ക്യാപിറ്റൽസിനെയും (ഡിസി) നേരിടും. മൊഹാലിയിലും ലക്നൗവിലുമാണ് മത്സരങ്ങൾ നടക്കുന്നത്. ഐപിഎൽ 2023ൽ 18 ഡബിൾഹെഡറുകളാണുള്ളത്. ഡേ ഗെയിമുകൾ ഇന്ത്യൻ സമയം വൈകീട്ട് 3.30 നും വൈകുന്നേരത്തെ ഗെയിമുകൾ രാത്രി 7.30 നും ആരംഭിക്കും. അഹമ്മദാബാദ്, മൊഹാലി, ലക്നൗ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, കൊൽക്കത്ത, ജയ്പൂർ, മുംബൈ, ഗുവാഹത്തി, ധർമ്മശാല എന്നീ 12 വേദികളിൽ എല്ലാ ടീമുകളും ഏഴ് ഹോം, എവേ മത്സരങ്ങൾ കളിക്കും. 70 ലീഗ് ഘട്ട മത്സരങ്ങളാണ് നടക്കുക. പ്ലേഓഫുകളുടെയും ഫൈനലിന്റെയും ഷെഡ്യൂളും വേദികളും പിന്നീട് പ്രഖ്യാപിക്കും. മേയ് 28-ന് (ഞായർ) ഫൈനൽ മത്സരം നടക്കും.