മുംബൈ: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെതിരെ വിമര്‍ശനവുമായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഇയാന്‍ ബിഷപ്പ്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാതെ സഞ്ജു ഫോമും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരവും നഷ്ടപ്പെടുത്തുകയാണെന്ന് ഇയാന്‍ ബിഷപ്പ് അഭിപ്രായപ്പെട്ടു.
ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ദേവദത്ത് പടിക്കല്‍, ജോസ് ബട്ലര്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ആദ്യം പുറത്തായപ്പോള്‍ സഞ്ജുവിന് മികച്ച ഇന്നിങ്സ് കാഴ്ചവയ്ക്കാനുള്ള അവസരം ഉണ്ടായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും ഷോട്ട് സെലെക്ഷന്‍ പാളിയതോട് താരം 27 റണ്‍സെടുത്ത് മടങ്ങി.
വനിന്ദു ഹസരങ്കയുടെ പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിക്കവെയായിരുന്നു സഞ്ജു ബൗള്‍ഡായത്. “സഞ്ജു ഫോമിലാണ്. സഞ്ജുവിന് ഹസരങ്കയുടെ തന്ത്രങ്ങള്‍ മനസിലാക്കാന്‍ സാധിച്ചില്ല. വളരെ എളുപ്പത്തില്‍ ഹസരങ്കയ്ക്ക് സഞ്ജുവിനെ പുറത്താക്കാന്‍ കഴിഞ്ഞു. ഞാന്‍ ഒരു സഞ്ജു ആരാധകനാണ്, പക്ഷെ മികച്ച ഫോം പാഴാക്കുകയാണ് അയാള്‍,” ഇയാന്‍ ബിഷപ്പ് വ്യക്തമാക്കി.
അതേസമയം സഞ്ജുവിന്റെ ബാറ്റിങ് മികവിനെ മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ഡാനിയല്‍ വെറ്റോറി പുകഴ്ത്തി. “കളി സഞ്ജുവിന് വളരെ എളുപ്പമുള്ളതാണ്, അതിനാല്‍ അയാള്‍ വളരെ വ്യത്യസ്ഥമായ ഷോട്ടുകള്‍ പരീക്ഷിക്കുന്നു. ഷോട്ടുകള്‍ കളിക്കുന്നതില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന താരമാണ് സഞ്ജു,” വെറ്റോറി വ്യക്തമാക്കി.
Also Read: മികച്ച കളിക്കാർ ഇത്തരം ഘട്ടങ്ങളിലൂടെയും കടന്നുപോകും; കോഹ്‌ലിയെക്കുറിച്ച് ഫാഫ്