Rajasthan Royals vs Sunrisers Hyderabad Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 52-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് നാല് വിക്കറ്റ് ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ഹൈദരാബാദ് മറികടന്നത്.
ഏഴ് പന്തില്‍ 25 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സ്, ഏഴ് പന്തില്‍ 17 റണ്‍സെടുത്ത അബ്ദുള്‍ സമദ് എന്നിവരാണ് ഹൈദരാബാദിന്റെ ജയം ഉറപ്പാക്കിയത്. സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറിലെ നിര്‍ണായക പന്ത് നോ ബോളായതും രാജസ്ഥാന് തിരിച്ചടിയായി. നേരത്തെ ജോസ് ബട്ട്ലര്‍ (95), സഞ്ജു സാംസണ്‍ (66) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകന്‍ സഞ്ജു സാംസണിന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു രാജസ്ഥാന്റെ ബാറ്റിങ്ങില്‍. ഓപ്പണിങ്ങില്‍ ജോസ് ബട്ട്ലറിനെ കാഴ്ചക്കാരാനാക്കി യശസ്വി ജയ്സ്വാള്‍ പവര്‍പ്ലെ ഉപയോഗിച്ചു. 18 പന്തില്‍ 35 റണ്‍സെടുത്ത ജയ്സ്വാളിനെ പുറത്താക്കി മാര്‍ക്കൊ യാന്‍സണാണ് ഹൈദരാബാദിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.
54 റണ്‍സാണ് അഞ്ച് ഓവറില്‍ സഖ്യം നേടിയത്. മൂന്നാമനായി എത്തിയ സഞ്ജുവിന്റ ഉത്തരവാദിത്തം ബട്ട്ലറിന്റെ സമ്മര്‍ദം മാറ്റുക എന്നതായിരുന്നു. 20 പന്തില്‍ 20 റണ്‍സ് നേടി സ്കോറിങ്ങിന് വേഗം കൂട്ടാന്‍ ബുദ്ധിമുട്ടുകയായിരുന്നു ബട്ട്ലര്‍. എന്നാല്‍ ഹൈദരാബാദ് ബോളര്‍മാരെ ആക്രമിച്ച് സഞ്ജു ബട്ട്ലറിന് കാര്യങ്ങള്‍ എളുപ്പമാക്കി.
നടരാജന്റെ ഓവറില്‍ ഫോര്‍ നേടി തുടങ്ങിയ സഞ്ജു മായങ്ക് മാര്‍ഖണ്ഡയ്ക്കെതിരെ തുടരെ രണ്ട് തവണ സിക്സര്‍ പായിച്ചു. പിന്നീട് ബട്ട്ലറും സഞ്ജുവിനൊപ്പം ചേരുകയായിരുന്നു. ഇരുവരും അനായാസം ബൗണ്ടറികള്‍ കണ്ടെത്തി. ബട്ട്ലര്‍ താളം കണ്ടെത്തിയതോടെ സഞ്ജു ആക്രമണം കുറച്ച് ബട്ട്ലറിന് സ്ട്രൈക്ക് നല്‍കിക്കൊണ്ടിരുന്നു.
32 പന്തില്‍ ബട്ട്ലര്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. പിന്നീട് ഹൈദരാബാദ് ബോളര്‍മാര്‍ക്ക് മുകളില്‍ ബട്ട്ലറുടെ ആധിപത്യമായിരുന്നു. ഫീല്‍ഡര്‍മാര്‍ക്കിടയിലെ വിടവുകള്‍ കൃത്യമായി ഉപയോഗിച്ചായിരുന്നു ബാറ്റിങ്. 18-ാം ഓവറില്‍ സഞ്ജു അര്‍ദ്ധ സെഞ്ചുറി പിന്നിട്ടു. 33 പന്തുകളില്‍ നിന്നായിരുന്നു നേട്ടം.
19-ാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ബട്ട്ലര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 59 പന്തില്‍ 95 റണ്‍സായിരുന്നു ബട്ട്ലറിന്റെ സമ്പാദ്യം. 10 ഫോറും നാല് സിക്സും താരം നേടി. 81 പന്തില്‍ 138 റണ്‍സാണ് സഞ്ജു – ബട്ട്ലര്‍ സഖ്യം രണ്ടാം വിക്കറ്റില്‍ നേടിയത്. 18, 19 ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ ഹൈദരാബാദിനായി. 12 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്.
എന്നാല്‍ അവസാന ഓവറില്‍ രണ്ട് ഫോറും ഒരു സിക്സുമടക്കം 17 റണ്‍സ് കണ്ടെത്തി രാജസ്ഥാന്‍. സഞ്ജുവിന്റെ ബാറ്റില്‍ നിന്നാണ് ബൗണ്ടറികള്‍ വന്നത്. 38 പന്തില്‍ 66 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു. നാല് ഫോറും അഞ്ച് സിക്സും സഞ്ജുവിന്റെ ഇന്നിങ്സിലുണ്ടായി.
ടീം ലൈനപ്പ്
സൺറൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശർമ, രാഹുൽ ത്രിപാതി, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ഗ്ലെൻ ഫിലിപ്‌സ്, അബ്ദുൾ സമദ്, മാർക്കോ യാന്‍സണ്‍, വിവ്രാന്ത് ശർമ, മായങ്ക് മാർഖണ്ഡെ, ഭുവനേശ്വർ കുമാർ, ടി നടരാജൻ.
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ, ജോ റൂട്ട്, ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, മുരുകൻ അശ്വിൻ, സന്ദീപ് ശർമ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ.
പ്രിവ്യു
ടൂര്‍ണമെന്റിന്റെ ആദ്യ ലാപ്പില്‍ കുതിക്കുകയും പിന്നീട് കിതയ്ക്കുകയും ചെയ്യുകയാണ് രാജസ്ഥാന്‍ റോയല്‍സ്. അവസാന അഞ്ച് മത്സരങ്ങളില്‍ ജയിക്കാനായത് കേവലം ഒന്നില്‍ മാത്രമാണ്. തോല്‍വികള്‍ പതിവായതോടെ നായകന്‍ സഞ്ജു സാംസണിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്ന് തുടങ്ങിയിരിക്കുന്നു. ഹൈദരാബാദിനെതിരെ തോല്‍വി വഴങ്ങിയാല്‍ രാജസ്ഥാന്‍ സമ്മര്‍ദത്തിലാകും.
യശസ്വി ജയ്സ്വാള്‍ ഒഴികെയുള്ള മുന്‍നിര ബാറ്റര്‍മാര്‍ തിളങ്ങുന്നില്ല എന്നതാണ് രാജസ്ഥാന്റെ പോരായ്മ. ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്‍, ഷിമ്രോണ്‍ ഹെയ്റ്റ്മെയര്‍ തുടങ്ങിയവരെല്ലാം നിറം മങ്ങിയിരിക്കുന്നു. ബോളിങ്ങില്‍ യുസുവേന്ദ്ര ചഹല്‍, രവിചന്ദ്രന്‍ അശ്വിന്‍, സന്ദീപ് ശര്‍മ എന്നിവരൊഴികയാരും അവസരത്തിനൊത്ത് ഉയരുന്നില്ല എന്നതും പോരായ്മയാണ്.
മറുവശത്ത് ഹൈദരാബാദിന് ജീവന്‍ മരണ പോരാട്ടമാണ് ഇന്ന്. അവശേഷിക്കുന്ന അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ മാത്രമെ ടീമിന് പ്ലെ ഓഫ് സാധ്യത നിലനിര്‍ത്താനാകു. ഹെന്റിച്ച് ക്ലാസനൊഴികെയുള്ള ബാറ്റര്‍മാരാരും സ്ഥിരതയോടെ കളിക്കുന്നില്ല. പ്രത്യേകിച്ചും ഇന്ത്യന്‍ താരങ്ങളായ മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാതി തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍.
സീസണിലെ സെഞ്ചുറി നേട്ടത്തിന് ശേഷം ഹാരി ബ്രൂക്കിന് നല്ലൊരു ഇന്നിങ്സ് കാഴ്ചവയ്ക്കാനായിട്ടില്ല. ബോളിങ്ങില്‍ മാര്‍ക്കൊ യാന്‍സണും ടി നടരാജനും മായങ്ക് മാര്‍ഖണ്ഡെയും തിളങ്ങുന്നുണ്ട്. എങ്കിലും കൂട്ടുകെട്ടുകള്‍ പൊളിക്കുന്നതില്‍ മൂവരും മികവ് പുലര്‍ത്താത്തതും ഹൈദരാബാദിന് തിരിച്ചടിയാണ്.