Rajasthan Royals vs Royal Challengers Bangalore Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 60-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 112 റണ്‍സിന്റെ കൂറ്റന്‍ ജയം. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 59 റണ്‍സിന് പുറത്തായി.
172 എന്ന ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയ ബാംഗ്ലൂരിന് രാജസ്ഥാനെ 63 പന്തുകളില്‍ പുറത്താക്കാനായി. ആദ്യം ഓവറില്‍ തുടങ്ങിയ വിക്കറ്റ് വേട്ട ഇടവേളകളില്ലാതെ തുടരുകയായിരുന്നു. പവര്‍പ്ലെയില്‍ തന്നെ രാജസ്ഥാന് അഞ്ച് പേരെ നഷ്ടമായി. ഉത്തരാവാദിത്തം മറന്ന് കൂറ്റനടികള്‍ക്ക് ബാറ്റര്‍മാര്‍ ശ്രമിച്ചതോടെ പതനം പൂര്‍ത്തിയാവുകയായിരുന്നു.
യശസ്വി ജയ്സ്വാള്‍ (0), ജോസ് ബട്ട്ലര്‍ (0), സഞ്ജു സാംസണ്‍ (4), ദേവദത്ത് പടിക്കല്‍ (4), ദ്രുവ് ജൂറല്‍ (1) എന്നീ ബാറ്റര്‍മാര്‍ രണ്ടക്കം പോലും കടന്നില്ല. 19 പന്തില്‍ 35 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെയ്റ്റമയര്‍ മാത്രമാണ് പൊരുതിയത്. 10 റണ്‍സെടുത്ത ജൊ റൂട്ടാണ് രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു താരം.
ബാംഗ്ലൂരിനായി വെയിന്‍ പാര്‍ണല്‍ മൂന്ന് വിക്കറ്റ് നേടി. മൈക്കല്‍ ബ്രേസ്വല്‍, കരണ്‍ ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ മുഹമ്മദ് സിറാജിനും ഗ്ലെന്‍ മാക്സ്വല്ലിനും ഓരോ വിക്കറ്റും ലഭിച്ചു. ഐപിഎല്‍ ചരിത്രത്തിലെ രാജസ്ഥാന്റെ രണ്ടാമത്തെ ചെറിയ സ്കോറാണിത്. നേരത്തെ ബാംഗ്ലൂരിനെതിരെ തന്നെ രാജസ്ഥാന്‍ 58 റണ്‍സിന് പുറത്തായിട്ടുണ്ട്.
ജയത്തോടെ ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ ബാംഗ്ലൂര്‍ അഞ്ചാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവശേഷിക്കുന്ന ഏക മത്സരം വിജയിച്ചാലും രാജസ്ഥാന് പ്ലെ ഓഫിലെത്താനായേക്കില്ല.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന് ആദ്യ വിക്കറ്റില്‍ 50 റണ്‍സ് നേടാനായി. 19 പന്തില്‍ 18 റണ്‍സെടുത്ത കോഹ്ലിയെ മടക്കി മലയാളി താരം കെ എം ആസിഫാണ് കൂട്ടുകെട്ട് പൊളിച്ചത്. രണ്ടാം വിക്കറ്റില്‍ ഡു പ്ലെസിസ്‍ – ഗ്ലെന്‍ മാക്സ്വല്‍ സഖ്യം ബാംഗ്ലൂരിന് അടിത്തറ പാകി. 69 റണ്‍സാണ് ഇരുവരും കണ്ടെത്തിയത്.
സീസണിലെ ആറാം അര്‍ദ്ധ സെഞ്ചുറി കുറിച്ചായിരുന്നു ഡുപ്ലെസി പുറത്തായത്. 55 റണ്‍സെടുത്ത ഡുപ്ലെസിയെ പവലിയനിലേക്ക് മടക്കി ആസിഫ് തന്നെയാണ് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 119-1 എന്ന ശക്തമായ നിലയില്‍ നിന്ന് ബാംഗ്ലൂര്‍ ബാറ്റിങ് നിര തകര്‍ന്നടിയുന്നതാണ് പിന്നീട് കണ്ടത്.
മഹിപാല്‍ ലോംറോര്‍ (1), ദിനേഷ് കാര്‍ത്തിക് (0) എന്നിവരെ ഒരു ഓവറില്‍ പുറത്താക്കി ആദം സാമ്പ ബാംഗ്ലൂരിന് ഇരട്ട പ്രഹരം നല്‍കി. വൈകാതെ സീസണിലെ അഞ്ചാം അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ശേഷം മാക്സ്വല്ലും വീണു. സന്ദീപ് ശര്‍മയുടെ പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച മാക്സ്വല്‍ ബൗള്‍ഡാവുകയായിരുന്നു. 54 റണ്‍സാണ് താരം നേടിയത്.
11 പന്തില്‍ 29 റണ്‍സെടുത്ത അനൂജ് റാവത്തിന്റെ മികവിലാണ് ബാംഗ്ലൂര്‍ 170 കടന്നത്. ഒൻപത് റണ്‍സുമായി ബ്രെസ്വല്‍ പുറത്താകാതെ നിന്നു. രാജസ്ഥാനായി ആസിഫും സാമ്പയും രണ്ട് വിക്കറ്റ് വീതം നേടി. സന്ദീപാണ് മറ്റൊരു വിക്കറ്റ് നേടിയത്.
ടീം ലൈനപ്പ്
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ, ജോ റൂട്ട്, ധ്രുവ് ജുറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ആദം സാമ്പ, സന്ദീപ് ശർമ, കെഎം ആസിഫ്, യുസ്‌വേന്ദ്ര ചഹൽ.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ്, അനൂജ് റാവത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോംറോര്‍, ദിനേഷ് കാർത്തിക്, മൈക്കൽ ബ്രേസ്‌വെൽ, വെയ്ൻ പാർനെൽ, കർൺ ശർമ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്.
പ്രിവ്യു
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ അടിച്ചൊതുക്കിയാണ് രാജസ്ഥാന്റെ വരവ്. 150 റണ്‍സ് വിജയലക്ഷ്യം കേവലം 13 ഓവറിലാണ് രാജസ്ഥാന്‍ മറികടന്നത്. യശസ്വി ജയ്സ്വാളിന്റെ മിന്നും ഫോം ഏത് ടീമിനേയും ഭയപ്പെടുത്തുന്നതാണ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ചുറി കൊല്‍ക്കത്തക്കെതിരെ ജയ്സ്വാള്‍ കുറിച്ചു.
നിറം മങ്ങിയ പ്രകടനങ്ങള്‍ക്ക് ശേഷം നായകന്‍ സഞ്ജു സാംസണും ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. റണ്ണൊഴുകുന്ന ജയ്പൂരിലെ പിച്ചില്‍ ഇന്ന് വമ്പന്‍ സ്കോര്‍ തന്നെ പ്രതീക്ഷിക്കാം. ബോളിങ്ങില്‍ ട്രെന്‍ ബോള്‍ട്ടിന്റെ മടങ്ങി വരവ് രാജസ്ഥാന്റെ സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്. യുസുവേന്ദ്ര ചഹലിന്റെ മാന്ത്രികത ആവര്‍ത്തിച്ചാല്‍ ബാംഗ്ലൂരിന് കാര്യങ്ങള്‍ ബുദ്ധിമുട്ടാകും.
വിരാട് കോഹ്ലി, ഫാഫ് ഡുപ്ലെസി, ഗ്ലെന്‍ മാക്സ്വല്‍ ത്രയത്തില്‍ അമിതമായി ആശ്രയിക്കുന്നതാണ് ബാംഗ്ലൂര്‍ നേരിടുന്ന തിരിച്ചടി. കഴിഞ്ഞ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടാണ് വരവ്, മുന്നില്‍ ഹാട്രിക്ക് തോല്‍വിയും. എത്ര ഉയര്‍ന്ന വിജയലക്ഷ്യം തീര്‍ത്താലും പ്രതിരോധിക്കാന്‍ ബാംഗ്ലൂരിനാകുന്നില്ല. ബോളിങ് നിര പഴയ ഫോമിലേക്ക് മടങ്ങിയതിന്റെ സൂചനകളാണ് കഴിഞ്ഞ മത്സരങ്ങള്‍ നല്‍കിയത്.
ഹര്‍ഷല്‍ പട്ടേല്‍ സീസണ്‍ അവസാനിക്കാറാകുമ്പോഴും താളം കണ്ടെത്തിയിട്ടില്ല. മുഹമ്മദ് സിറാജ് തുടക്കത്തില്‍ നേടിയെടുത്ത മികവ് ഇല്ലാതാകുന്നുണ്ട്. ജോഷ് ഹെയ്സല്‍വുഡിനും കാര്യമായ സംഭാവന നല്‍കാനാകുന്നില്ല. വനിന്ദു ഹസരങ്കയാണ് പ്രധാന സ്പിന്നര്‍, താരം വിക്കറ്റെടുക്കുന്നുണ്ടെങ്കിലും അമിതമായി റണ്‍സ് വഴങ്ങുന്നത് പോരായ്മയാണ്.