Rajasthan Royals vs Punjab Kings Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പതിനാറാം സീസണിലെ എട്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിങ്സിന് അഞ്ച് റണ്‍സ് വിജയം. പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 192 റണ്‍സെടുക്കാനെ സാധിച്ചൊള്ളു.
പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. സഞ്ജു സാംസണ്‍ (42), ഷിമ്‌റോൺ ഹെറ്റ്‌മെയർ (18 പന്തില്‍ 36), ദ്രുവ് ജൂറല്‍ (15 പന്തില്‍ 32), റിയാന്‍ പരാഗ് (12 പന്തില്‍ 20) എന്നിവര്‍ രാജസ്ഥാനായി നടത്തിയ പോരാട്ടം പാഴായി. പഞ്ചാബിനായി നാഥാന്‍ എല്ലിസ് നാല് വിക്കറ്റ് നേടി. അര്‍ഷദീപ് സിങ്ങ് രണ്ട് വിക്കറ്റും സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍ (86*) പ്രഭ്‌സിമ്രാൻ സിങ് (60) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറി മികവിലാണ് 97 റണ്‍സെടുത്തത്.
കഴിഞ്ഞ മത്സരത്തില്‍ കിട്ടിയ തുടക്കം ഉപയോഗിക്കാനാവതെ പോയത് ഇത്തവണ പ്രഭ്‌സിമ്രാൻ തിരുത്തി. ട്രെന്‍ ബോള്‍ട്ട്, കെ എം ആസിഫ്, രവിചന്ദ്രന്‍ അശ്വിന്‍, യുസുവേന്ദ്ര ചഹല്‍ എന്നീ ബോളര്‍മാരെ സഞ്ജു സാംസണ്‍ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രഭ്‌സിമ്രാൻ ഗുവാഹത്തിയില്‍ ആളിക്കത്തുകയായിരുന്നു.
ധവാനെ കാഴ്ചക്കാരനാക്കിയായിരുന്നു യുവതാരത്തിന്റെ ബാറ്റിങ് മികവ്. 28 പന്തിലായിരുന്നു അര്‍ദ്ധ സെഞ്ചുറി നേട്ടം. 34 പന്തില്‍ 60 റണ്‍സെടുത്ത് പ്രഭ്‌സിമ്രാൻ മടങ്ങുമ്പോള്‍ പഞ്ചാബിന്റെ സ്കോര്‍ 10 ഓവറില്‍ 90 കടന്നിരുന്നു. പ്രഭ്‌സിമ്രാൻ മടങ്ങിയതിന് ശേഷമായിരുന്നു ധവാന്‍ സ്കോറിങ്ങിനെ വേഗം കൂട്ടാന്‍ ആരംഭിച്ചത്.
മൂന്നാമനായെത്തിയ ഭാനുക രാജപക്സെക്ക് പരുക്ക് പറ്റി പുറത്തേക്ക് പോകേണ്ടി വന്നത് പഞ്ചാബിന് തിരച്ചടിയായി. പിന്നീട് ജിതേഷ് ശര്‍മയെ കൂട്ടുപിടിച്ച് (16 പന്തില്‍ 27) രണ്ടാം വിക്കറ്റില്‍ 66 റണ്‍സാണ് ധവാന്‍ ചേര്‍ത്തത്. ജിതേഷിനെ മടക്കി ചഹലാണ് റണ്ണൊഴുക്ക് തടഞ്ഞത്. അഞ്ചാമനായെത്തിയ സിക്കന്ദര്‍ റാസയെ (1) അശ്വിന്‍ ബൗള്‍ഡാക്കിയതോടെ പഞ്ചാബ് പരുങ്ങലിലായി.
പക്ഷെ ധവാന്‍ മറുവശത്ത് രാജസ്ഥാന്‍ ബോളര്‍മാരെ പ്രഹരിക്കുന്നത് തുടര്‍ന്നു. 56 പന്തില്‍ 86 റണ്‍സെടുത്താണ് ധവാന്‍ പുറത്താകാതെ നിന്നത്. ഒൻപത് ഫോറും മൂന്ന് സിക്സും താരത്തിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. മികച്ച തുടക്കം കിട്ടിയിട്ടും 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യാന്‍ സാധിക്കാതെ പോയത് പഞ്ചാബ് നിരാശ സമ്മാനിക്കും.
ടീം ലൈനപ്പ്
പഞ്ചാബ് കിങ്സ്: ശിഖർ ധവാൻ, പ്രഭ്‌സിമ്രാൻ സിങ്, ഭാനുക രാജപക്‌സെ, ജിതേഷ് ശർമ, ഷാരൂഖ് ഖാൻ, സാം കുറാൻ, സിക്കന്ദർ റാസ, നഥാൻ എല്ലിസ്, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്ദീപ് സിങ്.
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ, ദേവദത്ത് പടിക്കൽ, റിയാൻ പരാഗ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ജേസൺ ഹോൾഡർ, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍ ബോൾട്ട്, കെഎം ആസിഫ്, യുസ്വേന്ദ്ര ചഹൽ.
പ്രിവ്യു
ആദ്യ റൗണ്ടിന് ശേഷം ടൂര്‍ണമെന്റിലെ ഏറ്റവും ശക്തരായ ടീമുകളില്‍ ഒന്ന് തങ്ങളാണെന്ന് തെളിയിച്ചിരുന്നു രാജസ്ഥാന്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അവരുടെ തട്ടകത്തില്‍ 72 റണ്‍സിനാണ് കീഴടക്കിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയായിരുന്നു സഞ്ജു സാംസണിന്റേയും കൂട്ടരുടേയും വിജയം.
ബാറ്റിങ്ങില്‍ സഞ്ജു, ജോസ് ബട്ട്ലര്‍, യശസ്വി ജെയ്സ്വാള്‍ എന്നിവര്‍ ചേരുന്ന മുന്‍നിരയാണ് കരുത്ത്. ഷിമ്രോണ്‍ ഹെയ്റ്റമയറിനും റിയാന്‍ പരാഗിനുമാണ് ഫിനിഷര്‍മാരുടെ റോണ്‍. മധ്യനിരയില്‍ ദേവദത്ത് പടിക്കലിന്റെ സാന്നിധ്യവും കരുത്ത് കൂട്ടുന്നു. ട്രെന്‍ ബോള്‍ട്ട്, യുസുവേന്ദ്ര ചഹല്‍, രവി അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് ബോളിങ്ങിലെ സഞ്ജുവിന്റെ ആയുധം.
മഴനിയമപ്രകാരമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ആദ്യ മത്സരത്തില്‍ പഞ്ചാബിന്റെ വിജയം. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിന്റെ ബാറ്റിങ് നിരയെ സംബന്ധിച്ച് വലിയ ആശങ്കകളില്ല. കൊല്‍ക്കത്തയ്ക്കെതിരെ 191 റണ്‍സ് പടുത്തുയര്‍ത്താന്‍ അവര്‍ക്കായി. ഭാനുക രാജപക്സെയാണ് പ്രധാനി.
എന്നാല്‍ ബോളിങ്ങില്‍ അത്ര ശോഭിക്കാന്‍ പഞ്ചാബിനായിരുന്നില്ല. മഴ മുടക്കിയില്ലായിരുന്നെങ്കില്‍ പഞ്ചാബിന്റെ വിജയം എത്തരത്തിലാകുമെന്നതില്‍ സംശയം നിലനില്‍ക്കുന്നു. അര്‍ഷദീപ് സിങ്ങ്, രാഹുല്‍ ചഹര്‍ എന്നിവരൊഴികെ മറ്റാരും അവസരത്തിനൊത്ത് ഉയര്‍ന്നിരുന്നില്ല. 18.5 കോടി രൂപയ്ക്ക് ടീമിലെത്തിയ സാം കറണ്‍ ബോളിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു.