Rajasthan Royals vs Lucknow Super Giants Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 26-ാം മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. 155 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്റെ പോരാട്ടം 144-6 എന്ന നിലയില്‍ അവസാനിച്ചു.
യശ്വസ്വി ജയസ്വാള്‍ (44), ജോസ് ബട്ട്ലര്‍ (40), ദേവദത്ത് പടിക്കല്‍ (26) എന്നിവര്‍ ലക്ഷ്യത്തിലേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിക്കറ്റ് വീഴ്ച തിരിച്ചടിയായി. ഫോമിലുള്ള സഞ്ജു സാംസണ്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍ എന്നിവര്‍ അതിവേഗം മടങ്ങിയതും രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായി. ലക്നൗവിനായി ആവേശ് ഖാന്‍ മൂന്നും മാര്‍ക്കസ് സ്റ്റോയിനിസ് രണ്ടും വിക്കറ്റ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗവിന് മികച്ച തുടക്കം നല്‍കാന്‍ കെ എല്‍ രാഹുല്‍ – കെയില്‍ മേയേഴ്സ് കൂട്ടുകെട്ടിനായി. പവര്‍പ്ലെയില്‍ രണ്ട് തവണ രാഹുലിന്റെ ക്യാച്ച് വിട്ടുകളഞ്ഞത് രാജസ്ഥാന് തിരിച്ചടിയായി. 82 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത്. 39 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി ജേസണ്‍ ഹോള്‍ഡറാണ് കൂട്ടുകെട്ട് പൊളിച്ചത്.
10 ഓവറില്‍ 79-0 എന്ന നിലയില്‍ നിന്ന് പിന്നീട് ലക്നൗ മധ്യനിര തകര്‍ന്നടിയുകയായിരുന്നു. സ്ഥാനക്കയറ്റം ലഭിച്ച ആയുഷ് ബഡോണിയെ (1) ട്രെന്‍ ബോള്‍ട്ട് ബൗള്‍ഡാക്കി. ദീപക് ഹൂഡ (2), മേയേഴ്സ് (51) എന്നിവരെ ഒരു ഓവറില്‍ പുറത്താക്കാന്‍ രവിചന്ദ്രന്‍ അശ്വിനായി. 42 പന്തില്‍ നാല് ഫോറും മൂന്ന് സിക്സുമാണ് മേയേഴ്സ് നേടിയത്.
104-4 എന്ന സ്കോറിലേക്ക് വീണ ലക്നൗവിന്റെ രക്ഷകരായത് നിക്കോളാസ് പൂരാനും മാര്‍ക്കസ് സ്റ്റോയിനിസുമായിരുന്നു. 33 പന്തില്‍ 45 റണ്‍സ് അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കുമായി. 21 റണ്‍സെടുത്ത സ്റ്റോയിനിസ് അവസാന ഓവറിലാണ് പുറത്തായത്. 29 റണ്‍സെടുത്ത പൂരാനെ സഞ്ജു റണ്ണൗട്ടാക്കുകയും ചെയ്തു.
ടീം ലൈനപ്പ്
രാജസ്ഥാൻ റോയൽസ്: ജോസ് ബട്ട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, റിയാൻ പരാഗ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ്മ, യുസ്‌വേന്ദ്ര ചഹൽ.
ലക്നൗ സൂപ്പർ ജയന്റ്‌സ്: കെ എൽ രാഹുൽ, കെയില്‍ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ, ആയുഷ് ബഡോണി, നവീൻ ഉൾ ഹഖ്, ആവേശ് ഖാൻ, യുധ്വിർ സിങ് ചരക്, രവി ബിഷ്‌ണോയി.
പ്രിവ്യു
പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള രാജസ്ഥാനും ലക്‌നൗവും കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരം അതിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കാം. സഞ്ജും സാംസണിന്റെ കീഴിലുള്ള രാജസ്ഥാനാണ് ലക്‌നൗവിനേക്കാള്‍ സ്ഥിരത പുലര്‍ത്തുന്നത്. തോല്‍വി ഉറപ്പിച്ച സാഹചര്യത്തില്‍ നിന്ന് വിജയം പിടിച്ചടക്കാന്‍ കെല്‍പ്പുള്ള ടീമാണ് രാജസ്ഥാന്‍.
യശസ്വി ജയ്സ്വാള്‍ ഒന്ന് രണ്ട് മത്സരങ്ങളില്‍ നിറം മങ്ങിയതൊഴിച്ചാല്‍ രാജസ്ഥാന്റെ ബാറ്റിങ് നിര അതിശക്തമാണ്. സഞ്ജു വീണ്ടും റണ്ണൊഴുക്കിലേക്ക് എത്തിയിരിക്കുന്നു. ഷിമ്രോണ്‍ ഹെയ്റ്റ്മെയറാവട്ടെ സീസണില്‍ പുറത്തായത് ഒരു തവണ മാത്രം. ട്രെന്‍ ബോള്‍ട്ട് നയിക്കുന്ന ബോളിങ് നിരയും സ്ഥിരത നിലനിര്‍ത്തുന്നുണ്ട്.
സന്ദീപ് ശര്‍മയാണ് ബോള്‍ട്ടിന്റെ കൂട്ടാളി. രവിചന്ദ്രന്‍ അശ്വിന്‍, യുസുവേന്ദ്ര ചഹല്‍, ആദം സാമ്പ സ്പിന്‍ ത്രയമാണ് പ്രധാന കരുത്ത്. ചഹലാണ് വിക്കറ്റ് വേട്ടക്കാരില്‍ ഇത്തവണ മുന്നില്‍. മറുവശത്ത് പഞ്ചാബിനോട് തോല്‍വി വഴങ്ങിയാണ് ലക്‌നൗ എത്തുന്നത്. നായകന്‍ കെ എല്‍ രാഹുല്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ടീമിന് ആശ്വാസമാകും.
കെയില്‍ മേയേഴ്സിന് പകരം ക്വിന്റണ്‍ ഡി കോക്ക് എത്താനുള്ള സാധ്യതയുണ്ട്. സീസണിന്റെ തുടക്കത്തിലെ വെടിക്കെട്ടിന് ശേഷം മേയേഴ്സ് നിറം മങ്ങി. ദീപക് ഹൂഡ ഇതുവരെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. ബോളിങ്ങില്‍ ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്ണോയ്, മാര്‍ക്ക് വുഡ് എന്നിവര്‍ ഫോമിലാണ്.