ലക്നൗ സൂപ്പർ ജയന്റസിനെതിരായ ഇന്നലത്തെ മത്സരത്തിൽ രവിചന്ദ്രൻ അശ്വിൻ ‘റിട്ടയേർഡ് ഔട്ടാ’യ തീരുമാനം ടീംഒന്നിച്ചെടുത്തതായിരുന്നുവെന്ന് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. മത്സരത്തിന്റെ സാഹചര്യം കണക്കിലെടുത്താണ് അത്തരമൊരു നീക്കം നടത്തിയതെന്നും വ്യക്തമാക്കി.
ഇന്നലത്തെ മത്സരത്തിൽ പതിനെട്ടാം ഓവറിലാണ് 28 റൺസ് നേടി ബാറ്റ് ചെയ്യുകയായിരുന്ന അശ്വിൻ ‘റിട്ടയർ ഔട്ട്’വിളിച്ച് ഡഗ് ഔട്ടിലേക്ക് മടങ്ങിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു ബാറ്റർ റിട്ടയേർഡ് ഔട്ടാകുന്ന ആദ്യ സംഭവമായിരുന്നു ഇത്.
അവസാന ഓവറുകളിൽ ഷിമ്രോൺ ഹെറ്റ്മയറോടൊപ്പം (36 പന്തിൽ 59 നോട്ടൗട്ട്) ചേർന്ന് രാജസ്ഥാന്റെ ഇന്നിങ്സ് കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചത് അശ്വിൻ (23 പന്തിൽ 28) ആയിരുന്നു. ഇരുവരും അഞ്ചാം വിക്കറ്റിൽ 68 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
“ഇത് രാജസ്ഥാൻ റോയൽസിന്റെ പ്രത്യേകതയാണ്. ഞങ്ങൾ വ്യത്യസ്തമായ കാര്യങ്ങൾ ശ്രമിക്കുന്നു. സീസണിന് മുമ്പ് അതിനെക്കുറിച്ച് സംസാരിച്ചിരുന്നു,” ലക്നൗവിനെ മൂന്ന് റൺസിന് തോൽപ്പിച്ചതിന് ശേഷം മാധ്യമങ്ങളെ കണ്ട സഞ്ജു സാംസൺ പറഞ്ഞു.
“എന്തെങ്കിലും സാഹചര്യം വന്നാൽ അത് ഉപയോഗിക്കാമെന്ന് ഞങ്ങൾ കരുതിയിരുന്നു. ഇതൊരു ടീം തീരുമാനമായിരുന്നു. ” സഞ്ജു കൂട്ടിച്ചേർത്തു. 18.2 ഓവറിൽ അശ്വിൻ മടങ്ങിയതോടെ റിയാൻ പരാഗാണ് ക്രീസിലെത്തിയത്. അവസാന ഓവറിൽ ഒരു സിക്സർ ഉൾപ്പെടെ നേടി എട്ട് റൺസാണ് പരാഗ് നേടിയത്.
അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു രാജസ്ഥാൻ റോയൽസിന്റെ ജയം. രാജസ്ഥാന് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗവിന് അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അരങ്ങേറ്റക്കാരന്‍ കുല്‍ദീപ് സെന്നിന്റെ ആദ്യ പന്തില്‍ ആവേശ് ഖാന് സിംഗിളെടുത്ത് സ്ട്രൈക്ക് മാര്‍ക്ക് സ്റ്റോയ്നിസിന് കൈമാറി.
എന്നാല്‍ ഓവറിലെ മൂന്ന് പന്തുകൾ സെൻ ഡോട്ടാക്കി. പിന്നീട് സ്റ്റോയിനിസ് അഞ്ചാം പന്തില്‍ ബൗണ്ടറിയും ആറാം പന്തില്‍ സിക്സും നേടിയെങ്കിലും രാജസ്ഥാൻ മൂന്ന് റൺസിന്റെ ആവേശ ജയം സ്വന്തമാക്കുകയായിരുന്നു.
Also Read: IPL 2022 DC vs KKR: പന്തു കൊണ്ടും ഡല്‍ഹിയുടെ വിളയാട്ടം; കൊല്‍ക്കത്തക്കെതിരെ കൂറ്റന്‍ ജയം