Rajasthan Royals vs Kolkata Knight Riders Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഒന്‍പത് വിക്കറ്റ് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 41 പന്ത് ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്.
150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് നല്‍കാവുന്നതില്‍ ഏറ്റവും മികച്ച തുടക്കമാണ് ജയ്സ്വാള്‍ നല്‍കിയത്. നിതിഷ് റാണയെറിഞ്ഞ ആദ്യ ഓവറില്‍ 26 റണ്‍സാണ് ജയ്സ്വാള്‍ കണ്ടെത്തിയത്. രണ്ടാം ഓവറില്‍ ജോസ് ബട്ട്ലര്‍ റണ്ണൗട്ടായെങ്കിലും ജയ്സ്വാള്‍ കൊല്‍ക്കത്ത ബോളര്‍മാരെ പ്രഹരിക്കുന്നത് തുടര്‍ന്നു.
13 പന്തില്‍ അര്‍ദ്ധ ശതകം കുറിച്ച് ചരിത്രം തിരുത്താനും ജയ്സ്വാളിനായി. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധ ശതകമാണ് ഇടംകയ്യന്‍ ബാറ്റര്‍ കുറിച്ചത്. 13 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും പിറന്നു. മൂന്നാമനായി എത്തിയ സഞ്ജു സാംസണ്‍ ആദ്യം താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ട്രാക്കിലെത്തി.
സിക്സറുകളും ഫോറും സഞ്ജുവിന്റേയും ജയ്സ്വാളിന്റേയും ബാറ്റില്‍ നിന്ന് അനായാസം പിറന്നപ്പോള്‍ 13.1 ഓവറില്‍ രാജസ്ഥാന്‍ ലക്ഷ്യം മറികടന്നു. 47 പന്തില്‍ 98 റണ്‍സെടുത്താണ് ജയ്സ്വാള്‍ പുറത്താകാതെ നിന്നത്. 13 ഫോറും അഞ്ച് സിക്സും താരം നേടി. 29 പന്തില്‍ 48 റണ്‍സെടുത്ത സഞ്ജുവിന്റെ ഇന്നിങ്സില്‍ രണ്ട് ഫോറും അഞ്ച് സിക്സും പിറന്നു.
ട്രെന്‍ ബോള്‍ട്ട് മടങ്ങിയെത്തിയതിന്റെ മാറ്റങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ശരീരഭാഷയില്‍ വ്യക്തമായിരുന്നു. പവര്‍പ്ലെയ്ക്കുള്ളില്‍ തന്നെ ജേസണ്‍ റോയ് (10), റഹ്മാനുള്ള ഗുര്‍ബാസ് (18) എന്നിവരെ മടക്കാന്‍ ബോള്‍ട്ടിനായി. മൂന്നാം വിക്കറ്റില്‍ വെങ്കിടേഷ് അയ്യരും നായകന്‍ നിതീഷ് റാണയും ചേര്‍ന്ന് കരുതലോടെ ബാറ്റുവീശി.
48 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. റാണയെ ഹെയ്റ്റ്മയറിന്റെ കൈകളിലെത്തിച്ച് ചഹല്‍ കൂട്ടുകെട്ട് പൊളിച്ചു. ഐപിഎല്ലിലെ ചഹലിന്റെ 184-ാം വിക്കറ്റായിരുന്നു ഇത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്തിയിലെത്താനും ചഹലിനായി. പിന്നാലെയെത്തിയ ആന്ദ്രെ റസല്‍ (10) സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള ശ്രമത്തിനിടെ കെ എം ആസിഫിന്റെ ഷോര്‍ട്ട് ബോളില്‍ വീണു.
പിന്നീട് മൈതാനം കണ്ടത് ചഹല്‍ മാജിക്കായിരുന്നു. അര്‍ദ്ധ സെഞ്ചുറിയുമായി കൊല്‍ക്കത്തയെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു വെങ്കിടേഷിനെ (57) ആദ്യം മടക്കി. ശാര്‍ദൂല്‍ താക്കൂറായിരുന്നു ചഹലിന്റെ അടുത്ത ഇരയായത്. ഒരു റണ്‍സ് മാത്രമെടുത്ത താരത്തെ ചഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
തന്റെ അവസാന ഓവറില്‍ അപകടകാരിയായ റിങ്കു സിങ്ങിനേയും ചഹല്‍ വീഴ്ത്തി. 18 പന്തില്‍ നിന്ന് 16 റണ്‍സായിരുന്നു റിങ്കുവിന്റെ സമ്പാദ്യം. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ചഹല്‍ നാല് വിക്കറ്റെടുത്തത്. രണ്ട് വിക്കറ്റെടത്ത ട്രെന്‍ ബോള്‍ട്ട് ചഹലിന് മികച്ച പിന്തുണയാണ് നല്‍കിയത്.
ടീം ലൈനപ്പ്
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ, ജോ റൂട്ട്, ധ്രുവ് ജൂറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ, കെഎം ആസിഫ്, യുസുവേന്ദ്ര ചാഹൽ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: റഹ്മാനുള്ള ഗുർബാസ്, ജേസൺ റോയ്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, ആന്ദ്രെ റസൽ, റിങ്കു സിംഗ്, സുനിൽ നരെയ്ൻ, ഷാർദുൽ താക്കൂർ, അനുകുൽ റോയ്, ഹർഷിത് റാണ, വരുൺ ചക്രവര്‍ത്തി.
പ്രിവ്യു
സീസണിന്റെ തുടക്കത്തില്‍ കുതിച്ച സഞ്ജുവും കൂട്ടരും രണ്ടാം പകുതിയില്‍ കിതയ്ക്കുകയാണ്. അവസാന അഞ്ച് മത്സരങ്ങളില്‍ ജയിക്കാനായത് കേവലം ഒന്നില്‍ മാത്രമായിരുന്നു. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിക്കാനായെങ്കില്‍ മാത്രമെ പ്ലെ ഓഫ് സാധ്യത ഉറപ്പിക്കാന്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകള്‍ക്ക് സാധിക്കു.
ബോളിങ്ങിലാണ് രാജസ്ഥാന് ആശങ്കപ്പെടാനുള്ളത്. ട്രെന്‍ ബോള്‍ട്ടിന്റെ അഭാവം പോയ മത്സരങ്ങളിലെ പ്രകടനങ്ങളില്‍ വ്യക്തമാണ്. ഹൈദരാബാദിനെതിരെ 12 പന്തില്‍ 44 റണ്‍സ് പ്രതിരോധിക്കാന്‍ രാജസ്ഥാന് കഴിഞ്ഞിരുന്നില്ല. യുസുവേന്ദ്ര ചഹല്‍ മാത്രമാണ് സ്ഥിരതയോടെ ടീമില്‍ പന്തെറിയുന്ന ഏക താരം.
രാജസ്ഥാന് നേര്‍ വിപരീതമാണ് കൊല്‍ക്കത്തയുടെ കാര്യങ്ങള്‍. അവസാന അഞ്ചില്‍ മൂന്നും ജയിച്ച് ഉജ്വല ഫോമിലാണ് കൊല്‍ക്കത്ത. ആന്ദ്രെ റസല്‍ ഫോമിലേക്ക് ഉയര്‍ന്നതോടെ ഫിനിഷിങ്ങില്‍ റിങ്കു സിങ്ങിന് കാര്യങ്ങള്‍ എളുപ്പമായിട്ടുണ്ട്. അതേസമയം വെങ്കിടേഷ് അയ്യര്‍ക്ക് ഫോം നഷ്ടമായത് മധ്യ ഓവറുകളില്‍ കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
ബോളിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തിയും സുയാഷ് ശര്‍മയും വിക്കറ്റ് വീഴ്ത്തുന്നതില്‍ തിളങ്ങുന്നുണ്ട്. എന്നാല്‍ സുനില്‍ നരെയ്ന്‍ ഇരുവര്‍ക്കും ഒപ്പമെത്തുന്നില്ല. റണ്‍സ് വിട്ടു കൊടുക്കുന്നതില്‍ നരെയ്ന്‍ പിന്നോട്ടാണെന്നാണ് ആശ്വാസമാണ്. മികച്ച പേസ് ബോളറുടെ അഭാവവും മുന്‍ ചാമ്പ്യന്മാര്‍ക്കുണ്ട്.