Rajasthan Royals vs Delhi Capitals Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 11-ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 57 റണ്‍സ് വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സില്‍ അവസാനിച്ചു.
ഡല്‍ഹിക്കായി ഡേവിഡ് വാര്‍ണര്‍ (62) അര്‍ദ്ധ സെഞ്ചുറി നേടി. റീലി റൂസൊ (14), ലളിത് യാദവ് (38) എന്നിവരൊഴികെയാരും രണ്ടക്കം കടന്നില്ല. രാജസ്ഥാനായി ട്രെന്‍ ബോള്‍ട്ട് (4-1-29-3), യുസുവേന്ദ്ര ചഹല്‍ (4-0-27-3) എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ഓപ്പണര്‍മാരായ ജോസ് ബട്ട്ലര്‍ (79), യശസ്വി ജയ്സ്വാള്‍ (61) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങനിറങ്ങിയ രാജസ്ഥാന്‍ യശസ്വി ജയ്സ്വാളും ജോസ് ബട്ട്ലറും ചേര്‍ന്ന് സ്വപ്ന തുല്യമായ തുടക്കമാണ് നല്‍കിയത്. ഖലീല്‍ അഹമ്മദെറിഞ്ഞ ആദ്യ ഓവറില്‍ അഞ്ച് ഫോറുകളാണ് ജയ്സ്വാളിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് അതിവേഗം രാജസ്ഥാന്റെ സ്കോര്‍ ഉയര്‍ത്തുകയായിരുന്നു.
ആന്‍റിച്ച് നോര്‍ക്കെ, ഖലീല്‍ അഹമ്മദ്, അക്സര്‍ പട്ടേല്‍, മുകേഷ് കുമാര്‍ എന്നീ ബോളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും റണ്ണൊഴുക്ക് തടയാന്‍ ഡല്‍ഹിക്കായില്ല. ജയ്സ്വളിന്റെ വെടിക്കെട്ട് മറുവശത്ത് നിന്ന് വീക്ഷിക്കുക മാത്രമായിരുന്നു ബട്ട്ലര്‍. 31 പന്തില്‍ 11 ഫോറും ഒരു സിക്സുമടക്കം 60 റണ്‍സെടുത്ത് ജയ്സ്വാള്‍ പുറത്താകുമ്പോള്‍ രാജസ്ഥാന്‍ സ്കോര്‍ 98 എത്തിയിരുന്നു.
മൂന്നാമനായി എത്തിയ സഞ്ജു സാംസണും (0) പിന്നീടെത്തിയ റിയാന്‍ പരാഗും (7) അതിവേഗം മടങ്ങി. എന്നാല്‍ അഞ്ചാമനായി എത്തിയ ഷിമ്‌റോൺ ഹെറ്റ്‌മെയറിനെ കൂട്ടുപിടിച്ച് ബട്ട്ലര്‍ ഗുവാഹത്തിയില്‍ നിറഞ്ഞാടി. 51 പന്തില്‍ 79 റണ്‍സെടുത്താണ് ബട്ട്ലര്‍ മടങ്ങിയത്. ടൂര്‍ണമെന്റിലെ രണ്ടാം അര്‍ദ്ധ സെഞ്ചുറിയായിരുന്നു താരത്തിന്റേത്.
ഹെറ്റ്‌മെയറ്‍ തന്റെ റോള്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഭംഗിയായി നിര്‍വഹിക്കുന്നതായിരുന്നു കണ്ടത്. 21 പന്തില്‍ 39 റണ്‍സെടുത്ത താരം രാജസ്ഥാന്റെ സ്കോര്‍ 199-ലെത്തിച്ചു. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ടും കുല്‍ദീപ് യാദവ്, റോവ്മാന്‍ പവല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
പ്ലെയിങ് ഇലവന്‍
ഡൽഹി ക്യാപിറ്റൽസ്: ഡേവിഡ് വാർണർ, മനീഷ് പാണ്ഡെ, റിലീ റൂസൊ, റോവ്മാൻ പവൽ, ലളിത് യാദവ്, അക്സർ പട്ടേൽ, അഭിഷേക് പോറെല്‍, ആൻറിച്ച് നോർകെ, ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്, മുകേഷ് കുമാർ.
രാജസ്ഥാൻ റോയൽസ്: ജോസ് ബട്ട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, റിയാൻ പരാഗ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചാഹല്‍.
പ്രിവ്യു
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് ഉജ്വല ജയം, രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് പൊരുതി തോറ്റു. മികച്ച ഫോമിലാണ് സഞ്ജുവും കൂട്ടരും. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ അപകടകാരികളാണ് രാജസ്ഥാന്‍. എന്നാല്‍ സൂപ്പര്‍ താരം ജോസ് ബട്ട്ലറിന്റെ പരുക്ക് ടീമിന് തിരിച്ചടിയാണ്.
ബട്ട്ലറിന്റെ അഭാവത്തില്‍ സഞ്ജുവിന്റെ ഉത്തരവാദിത്തം കൂടും. യശസ്വി ജയ്സ്വാള്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ് എന്നിവര്‍ ഫോമിലാണ്. പക്ഷെ ദേവദത്ത് പടിക്കല്‍ തന്റെ മികവിലേക്ക് ഉയരേണ്ടതുണ്ട്. ട്രെന്‍ ബോള്‍ട്ട് നയിക്കുന്ന ബോളിങ് നിര പഞ്ചാബിനെതിരെ പരാജയപ്പെട്ടിരുന്നു. അശ്വിന്‍, ചഹല്‍, ഹോള്‍ഡര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ബോളിങ് നിരയ്ക്ക് തിരിച്ചുവരവ് അസാധ്യമല്ല.
മറുവശത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനോടും ഗുജറാത്ത് ടൈറ്റന്‍സിനോടും തോല്‍വി വഴങ്ങിയാണ് ഡല്‍ഹിയുടെ വരവ്. ജയം നേടി പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യമാണ് ടീമിനുള്ളത്. ബാറ്റിങ് നിരയാണ് ഡല്‍ഹിയെ പരാജയത്തിലേക്ക് തള്ളിയിടുന്നത്. ഡേവിഡ് വാര്‍ണറും അക്സര്‍ പട്ടേലുമാണ് ഭേദപ്പെട്ട പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടുള്ളത്.
ബോളിങ് നിരയുടെ പ്രകടനവും സമാനം തന്നെ. ആന്‍റിച്ച് നോര്‍ക്കെയുടെ വരവും കാര്യമായ വ്യത്യാസം ഉണ്ടാക്കിയിട്ടില്ല. ഗുജറാത്തിനെതിരെ രണ്ട് വിക്കറ്റ് നേടിയെങ്കിലും താരം 39 റണ്‍സ് വഴങ്ങി. കുല്‍ദീപ് യാദവ് മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തു നില്‍പ്പ് നടത്തിയത്. മിച്ചല്‍ മാര്‍ഷിന്റെ അഭാവവും ബോളിങ് നിരയിലെ വിള്ളല്‍ വലുതാക്കും.