Rajasthan Royalvs Chennai Super Kings Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണില്‍ 37-ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 32 റണ്‍സ് ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം 170 റണ്‍സില്‍ അവസാനിച്ചു.
ചെന്നൈക്കായി ശിവം ദൂബെ (52), റുതുരാജ് ഗെയ്ക്വാദ് (47) എന്നിവര്‍ പോരാടിയെങ്കിലും വിജയം നേടാനായില്ല. രാജസ്ഥാനായി ആദം സാമ്പ മൂന്നും രവിചന്ദ്രന്‍ അശ്വന്‍ രണ്ടും വിക്കറ്റ് വീതം നേടി. രാജസ്ഥാന്റെ സീസണിലെ അഞ്ചാം ജയമാണിത്. യശസ്വി ജയ്സ്വാളിന്റെ (77) അര്‍ദ്ധ സെഞ്ചുറി മികവിലാണ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് രാജസ്ഥാന്‍ നേടിയത്.
ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യമായി ജയ്പൂരിലെ മൈതാനത്ത് ഒരു ടീം 200 റണ്‍സ് കടന്നു. യശസ്വി ജയ്സ്വാള്‍ നല്‍കിയ തുടക്കത്തിനും ദ്രവ് ജൂറല്‍ – ദേവദത്ത് പടിക്കല്‍ ഫിനിഷിനും നന്ദി. സൂപ്പര്‍ താരം ജോസ് ബട്ട്ലറിനെ കാണിയാക്കി മാറ്റി നിര്‍ത്തി ജെയ്സ്വാളിന്റെ ബാറ്റിങ് വിരുന്നായിരുന്നു ജയ്പൂരില്‍. ഒന്നാം വിക്കറ്റില്‍ 8.2 ഓവറില്‍ സഖ്യം ചേര്‍ത്തത് 86 റണ്‍സായിരുന്നു.
27 റണ്‍സെടുത്ത ബട്ട്ലറിനെ ജഡേജ പുറത്താക്കിയെങ്കിലും ജയ്സ്വാള്‍ കുലുങ്ങിയില്ല. രണ്ടാം വിക്കറ്റില്‍ കൂട്ടായി സഞ്ജുവെത്തിയപ്പോഴും താരം തന്റെ വേഗത കുറയ്ക്കാതെ തുടര്‍ന്നു. ഒടുവില്‍ സഞ്ജുവിനേയും ജയ്സ്വാളിനേയും ഒരു ഓവറില്‍ പറഞ്ഞയച്ച് തുഷാര്‍ ദേശ്പാണ്ഡെ ചെന്നൈക്ക് ആധിപത്യം നേടിക്കൊടുത്തു.
17 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. 43 പന്തില്‍ 77 റണ്‍സായിരുന്നു കളം വിടുമ്പോള്‍ ജയ്സ്വാളിന്റെ സമ്പാദ്യം. എട്ട് ഫോറും നാല് സിക്സും താരത്തിന്റെ ഇന്നിങ്സിലുള്‍പ്പെട്ടു. ഷിമ്രോണ്‍ ഹെയ്റ്റമെയറിന് (8) തിളങ്ങാന്‍ സാധിക്കാതെ പോയി. അതിന്റെ പോരായ്മ അവസാന ഓവറുകളില്‍ ജൂറലും പടിക്കലും ചേര്‍ത്ത് നികത്തുകയായിരുന്നു.
15 പന്തില്‍ 34 റണ്‍സെടുത്ത ജൂറല്‍ അവസാന ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു. 13 പന്തില്‍ 23 റണ്‍സുമായി പടിക്കല്‍ പുറത്താകാതെ നിന്നു.
ടീം ലൈനപ്പ്
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, ദേവദത്ത് പടിക്കൽ, സഞ്ജു സാംസൺ, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ആദം സാമ്പ, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചഹൽ.
ചെന്നൈ സൂപ്പർ കിങ്സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മതീഷ പതിരണ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ, ആകാശ് സിങ്.
പ്രിവ്യു
സീസണിലെ ആദ്യ പോരാട്ടത്തില്‍ ചെന്നൈക്കെതിരെ ആവേശപ്പോരാട്ടത്തില്‍ മൂന്ന് റണ്‍സിന് വിജയിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് കഴിഞ്ഞിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് പാതി പിന്നിട്ടതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. ചെന്നൈ സൂപ്പര്‍ കിങ്സ് ഉജ്വല ഫോമിലും രാജസ്ഥാന്‍ രണ്ട് തോല്‍വിക്കും ശേഷമാണ് കളത്തിലെത്തുന്നത്.
മധ്യനിരയില്‍ സഞ്ജും സാംസണ്‍ തിളങ്ങാതിരിക്കുന്നതാണ് രാജസ്ഥാന്റെ പ്രധാന പോരായ്. മൂന്നില്‍ നിന്ന് നാലാം നമ്പറിലേക്ക് എത്തിയതിന് ശേഷം സഞ്ജുവിന് ശോഭിക്കാനായിട്ടില്ല. മൂന്നാമനായി ഇറങ്ങുന്ന ദേവദത്ത് പടിക്കലാകട്ടെ സ്കോറിങ്ങിന് വേഗം കൂട്ടുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. ബാറ്റിങ് യൂണിറ്റ് പ്രതീക്ഷക്കൊത്ത് ഉയരേണ്ടതാണ് അനിവാര്യമായ ഘടകം.
ട്രെന്‍ ബോള്‍ട്ട്, രവി ചന്ദ്രന്‍ അശ്വിന്‍ യുസുവേന്ദ്ര ചഹല്‍ എന്നിവരടങ്ങുന്ന രാജസ്ഥാന്റെ ബോളിങ് നിര ടൂര്‍ണമെന്റിലെ തന്നെ അപകടകാരികളായ ഒന്നാണ്. മറുവശത്ത് മിന്നും ഫോമിലാണ് ചെന്നൈ. റുതുരാജ്, കോണ്‍വെ, രഹാനെ, ദൂബെ, ധോണി തുടങ്ങിയ എല്ലാ ബാറ്റര്‍മാരും നേരിടുന്ന ആദ്യ പന്തു മുതല്‍ ആക്രമണം അഴിച്ചു വിടുകയാണ്.
ആദ്യ മത്സരങ്ങളിലെ തിരിച്ചടികള്‍ക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ബോളിങ് നിര. ഏഴ് കളികളില്‍ നിന്ന് 12 വിക്കറ്റുമായി തുഷാര്‍ ദേശ്പാണ്ഡെയാണ് ധോണിയുടെ പ്രധാന ആയുധം. മഹേഷ് തീക്ഷണ, രവീന്ദ്ര ജഡേജ, പതിരാന തുടങ്ങിയവരും വിക്കറ്റ് വേട്ടയിലേക്ക് മടങ്ങിയെത്തിയത് ചെന്നൈയുടെ ശക്തി ഇരട്ടിപ്പിക്കുന്നു.