Rajasthan Royalvs Chennai Super Kings Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 17-ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് റണ്‍സ് വിജയം. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം 172 റണ്‍സില്‍ അവസാനിച്ചു.
ബോളര്‍മാരുടെ മികവില്‍ ചെന്നൈ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ രാജസ്ഥാന് 17-ാം ഓവര്‍ വരെ സാധിച്ചിരുന്നു. അവസാന മൂന്ന് ഓവറില്‍ 54 റണ്‍സായിരുന്നു ചെന്നൈക്ക് ആവശ്യമായിരുന്നത്. എം എസ് ധോണിക്കും ജഡേജയ്ക്കും 51 റണ്‍സാണ് നേടാനായത്. ധോണി 17 പന്തില്‍ 32 റണ്‍സും ജഡേജ 15 പന്തില്‍ 25 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.
ഡെവോണ്‍ കോണ്‍വെ (50), അജിങ്ക്യ രഹാനെ (31) എന്നിവരാണ് ചെന്നൈയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍. നേരത്തെ ജോസ് ബട്ട്ലര്‍ (52), ദേവദത്ത് പടിക്കല്‍ (38), ഷിമ്രോണ്‍ ഹെയ്റ്റ്മെയര്‍ (30*) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാന്‍ ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് രണ്ടാം ഓവറില്‍ തന്നെ ഫോമിലുള്ള യശസ്വി ജയ്സ്വാളിനെ നഷ്ടമായി. 10 റണ്‍സെടുത്ത ജയ്സ്വാളിനെ തുഷാര്‍ ദേശ്പാണ്ഡെയാണ് പുറത്താക്കിയത്. മൂന്നാമനായി എത്തിയത് സ്ഥാനക്കയറ്റം ലഭിച്ച ദേവദത്ത് പടിക്കലായിരുന്നു. ചെപ്പോക്കില്‍ ഫോമിലേക്ക് ദേവദത്ത് മടങ്ങിയെത്തുന്നതാണ് കണ്ടത്.
പടിക്കലും ജോസ് ബട്ട്ലറും ചേര്‍ന്ന് ചെന്നൈ ബോളര്‍മാരെ അനായാസം നേരിടുകയായിരുന്നു. സിക്സും ഫോറും ഇരുവരുടേയും ബാറ്റില്‍ നിന്ന് ഇടവേളയില്ലാതെ പിറന്നു. 41 പന്തില്‍ 77 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത്. 38 റണ്‍സെടുത്ത ദേവദത്തിനെ ഡവോണ്‍ കോണ്‍വെയുടെ കൈകളിലെത്തിച്ച് രവീന്ദ്ര ജഡേജ കൂട്ടുകെട്ട് പൊളിച്ചു.
സഞ്ജു സാംസണിന് ചെപ്പോക്കില്‍ നിരാശയായിരുന്നു ഇന്ന്. ജഡേജയുടെ പന്തില്‍ താരം ബൗള്‍ഡായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു പൂജ്യത്തിന് മടങ്ങുന്നത്. അഞ്ചാം സ്ഥാനത്തെത്തിയത് അശ്വിനാണ്. അശ്വിനും ബട്ട്ലറും 47 റണ്‍സ് ചേര്‍ത്തു. 30 റണ്‍സെടുത്ത അശ്വിനാണ് കൂട്ടുകെട്ടില്‍ ആധിപത്യം പുലര്‍ത്തിയത്.
ആകാശ് സിങ് അശ്വിനെ പവലിയനിലേക്ക് പറഞ്ഞയച്ചതോടെ രാജസ്ഥാന്‍ 15 ഓവറില്‍ 135-4 എന്ന നിലയിലേക്ക് വീണു. വൈകാതെ ബട്ട്ലര്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. നാല് മത്സരങ്ങളില്‍ മൂന്നാമത്തെ അര്‍ദ്ധ സെഞ്ചുറിയാണ് താരം നേടിയത്. എന്നാല്‍ അധിക നേരം ക്രീസില്‍ തുടരാന്‍ ബട്ട്ലര്‍ക്കായില്ല. മൊയിന്‍ അലിയുടെ പന്തില്‍ ബട്ട്ലര്‍ ബൗള്‍ഡായി (52).
അവസാന ഓവറുകളില്‍ കാര്യമായി സ്കോറിങ്ങിന് വേഗം കൂട്ടാന്‍ രാജസ്ഥാന് കഴിഞ്ഞില്ല. 18 പന്തില്‍ 30 റണ്‍സെടുത്ത ഷിമ്രോണ്‍ മാത്രമാണ് തിളങ്ങിയത്. ദ്രുവ് ജൂറല്‍ (4), ജേസണ്‍ ഹോള്‍ഡര്‍ (0), ആദം സാമ്പ (1) എന്നിവര്‍ക്ക് ചെന്നൈ ബോളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല. ആകാശ് സിങ്, തുഷാര്‍ ദേശ്പാണ്ഡെ, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
ടീം ലൈനപ്പ്
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ, ദേവദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറൽ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, കുൽദീപ് സെൻ, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചഹൽ.
ചെന്നൈ സൂപ്പർ കിങ്സ്: ഡെവൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, മൊയിൻ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, സിസന്ദ മഗല, മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, ആകാശ് സിങ്.
പ്രിവ്യു
ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്ന ടീമാണ് സഞ്ജു നയിക്കുന്ന രാജസ്ഥാന്‍. സഞ്ജു, ജോസ് ബട്ട്ലര്‍, യശസ്വി ജയ്സ്വാള്‍, ഷിമ്രോണ്‍ ഹെയ്റ്റ്മെയര്‍ എന്നിവര്‍ ചേരുന്ന ബാറ്റിങ് നിരയാണ് ടീമിന്റെ പ്രധാന കരുത്ത്. ഏത് ബോളിങ് ലൈനപ്പിനെതിരെയും കൂറ്റന്‍ സ്കോര്‍ ഉയര്‍ത്താന്‍ നാല്‍വര്‍ സംഘത്തിന് സാധിക്കും.
ട്രെന്‍ ബോള്‍ട്ട് നയിക്കുന്ന ബോളിങ് നിരയും മികവ് പുലര്‍ത്തുന്നുണ്ട്. പവര്‍പ്ലെ ഓവറുകളില്‍ സീസണിലെ ഏറ്റവും അപകടകാരിയായ ബോളറാണ് ബോള്‍ട്ട്. രവിചന്ദ്രന്‍ അശ്വിന്‍, യുസുവേന്ദ്ര ചഹല്‍ സ്പിന്‍ സഖ്യവും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരിക്കുന്നു. സന്ദീപ് ശര്‍മയായിരിക്കും രണ്ടാം പേസറായി രാജസ്ഥാന്‍ നിരയിലെത്തുക.
സ്വന്തം തട്ടകത്തിലാണ് കളി നടക്കുന്നതെന്നത് ചെന്നൈയ്ക്ക് മുന്‍തൂക്കും നല്‍കുന്നു. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട ബോളിങ് നിര മുംബൈക്കെതിരായ മത്സരത്തില്‍ തിളങ്ങിയിരുന്നു. നായകന്‍ ധോണിയുടെ മുന്നറിയിപ്പ് ബോളര്‍മാര്‍ ഏറ്റെടുത്തതോടെ മുംബൈക്കെതിരെ ഒരു നോ ബോള്‍ പോലും പിറന്നില്ല.
റുതുരാജ് ഗെയ്ക്വാദിന്റെ ഉജ്വല ഫോമിലാണ് ചെന്നൈയുടെ പ്രതീക്ഷ. മൂന്ന് മത്സരങ്ങളില്‍ നിന്ന് 189 റണ്‍സാണ് താരം നേടിയത്. മുംബൈക്കെതിരെ 20 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനയേയും മഞ്ഞക്കുപ്പായത്തില്‍ ഇന്ന് പ്രതീക്ഷിക്കാവുന്നതാണ്. പരുക്കേറ്റ ബെന്‍ സ്റ്റോക്സിന്റെ കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.