മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) നിന്ന് ഇടവേളയെടുത്ത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുന്‍ താരം സുനില്‍ ഗവാസ്കാര്‍.
“രോഹിത് ശര്‍മ ഒരു ഇടവേള എടുക്കണം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ ഫ്രഷായി സമീപിക്കാന്‍ അത് സഹായിക്കും. ഐപിഎല്ലിലെ അവസാന കുറച്ച് മത്സരങ്ങള്‍ക്കായി തിരിച്ചു വരാവുന്നതാണ്. ഫൈനലിനെക്കുറിച്ചുള്ള ചിന്തകളാകാം രോഹിതിനെ അല്‍പ്പം അസ്വസ്ഥമായാണ് കാണാന്‍ കഴിയുന്നത്,” സ്റ്റാര്‍ സ്പോര്‍ട്സിനോട് പ്രതികരിക്കവെ ഗവാസ്കര്‍ പറഞ്ഞു.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ എട്ട് പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് രോഹിത് പുറത്തായതിന് പിന്നാലെയാണ് ഗവാസ്കറുടെ വാക്കുകള്‍.
ഐപിഎല്ലില്‍ രോഹിത് സ്ഥിരതയില്ലാതെ തുടരുകയാണ്. ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 181 റണ്‍സ് മാത്രമാണ് നേടിയത്. 135.07 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. 20 നും 45 നും ഇടയില്‍ നാല് തവണയാണ രോഹിത് പുറത്തായത്. ലഭിക്കുന്ന തുടക്കം താരത്തിന് മുതലാക്കാനാകുന്നില്ല എന്ന വിമര്‍ശനം ശക്തമായി ഉയരുന്നുണ്ട്.
അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ മുംബൈക്ക് പ്ലെ ഓഫിലെത്താന്‍ കഴിയുകയുള്ളെന്നാണ് ഗവാസ്കര്‍ അഭിപ്രായപ്പെട്ടത്. തുടര്‍ച്ചയായി പിഴവുകള്‍ വരുത്തുന്ന ബോളര്‍മാരെ പുറത്തിരുത്താന്‍ മുംബൈ തയാറാകണമെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.