ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 16-ാം സീസണിന് അരങ്ങൊരുങ്ങി കഴിഞ്ഞു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകനാണ് രോഹിത് ശര്‍മ. അഞ്ച് തവണ ടീമിനെ കിരീടം ചൂടിച്ച രോഹിത് ഈ സീസണിലും തന്റെ നായകമികവ് തുടരാനായിരിക്കും ശ്രമിക്കുക.
2013 സീസണിന്റെ പാതി വഴിയില്‍ വച്ചാണ് രോഹിതിന്റെ കൈകളിലേക്ക് നായകന്റെ റോള്‍ എത്തുന്നത്. 2008-2012 വരെയുള്ള സീസണുകളില്‍ ഒരു തവണ മാത്രമാണ് മുംബൈ ഫൈനലില്‍ എത്തിയത്. എന്നാല്‍ രോഹിത് ചുമതലയേറ്റതിന് ശേഷം അഞ്ച് കിരീടങ്ങള്‍ മുംബൈക്ക് സ്വന്തമാക്കാനായി.
പുതിയ സീസണിന് മുന്‍പ് രോഹിതെന്ന നായകനെ വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകൻ കൂടിയായ അനില്‍ കുംബ്ലെ.
“തനിക്ക് പറയാനുള്ള കാര്യങ്ങളില്‍ രോഹിതിന് വ്യക്തയുണ്ട്. തുറന്ന് സംസാരിക്കുന്നതില്‍ മടിയുമില്ല. നിരവധി പരിചയസമ്പന്നരായ താരങ്ങള്‍ രോഹിതിനൊപ്പം ഉണ്ടായിരുന്നു. രോഹിത് അവരുടെ അഭിപ്രായങ്ങള്‍ തേടുകയും സ്വന്തം തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. അതാണ് ഒരു നായകനില്‍ നിന്ന് ടീമിന് ആവശ്യം,” ജിയോ സിനിമയുടെ ഇന്‍സൈഡേഴ്സ് പ്രിവ്യൂവില്‍ കുബ്ലെ വ്യക്തമാക്കി.
“2017-ല്‍ രോഹിതിന്റെ കീഴിലെത്തിയത് അടിമുടി മാറിയ ഒരു പുതിയ ടീമായിരുന്നു. ചെറിയ സ്കോറുകള്‍ പ്രതിരോധിച്ച് മുംബൈയെ വിജയത്തിലേക്ക് എത്തിക്കാന്‍ രോഹിതിന് കഴിഞ്ഞു. അവിടെയാണ് യഥാര്‍ത്ഥ നായകമികവ് പുറത്ത് വരുന്നത്,” കുംബ്ലെ കൂട്ടിച്ചേര്‍ത്തു.
“രോഹിത് ഈ സീസണില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതായിരിക്കും ഉചിതമെന്നും കുംബ്ലെ പറയുന്നു. ഇപ്പോഴത്തെ മുംബൈ ടീമിനെ പരിഗണിക്കുമ്പോള്‍ മധ്യനിരയില്‍ പരിചയസമ്പത്തുള്ള താരത്തിന്റെ സാന്നിധ്യം ആവശ്യമാണ്. മുംബൈക്ക് അതിനായി നിരവധി താരങ്ങളുടെ. പക്ഷെ രോഹിതിനെ പോലുള്ള ഒരു താരം മധ്യനിരയിലെത്തുമ്പോള്‍ ടീം സന്തുലിതമാകും. ഏഴ് മുതല്‍ 15 വരെയുള്ള ഓവറുകള്‍ ഏറെ നിര്‍ണായകമായതിനാല്‍ അവിടെ രോഹിത് ഉണ്ടാകണം,” കുംബ്ലെ പറയുന്നു.
ഏപ്രില്‍ രണ്ടാം തീയതിയാണ് 2023 സീസണിലെ മുംബൈയുടെ ആദ്യ മത്സരം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് എതിരാളികള്‍.