മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിനെതിര 193 റണ്‍സ് പിന്തുടരവെ മൂന്നാമനായി രവിചന്ദ്രന്‍ അശ്വിനെ ഇറക്കിയതില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജ്രേക്കര്‍. ഓപ്പണര്‍ ദേവദത്ത് പടിക്കല്‍ പൂജ്യനായി മടങ്ങിയതിന് പിന്നാലെയായിരുന്നു നായകന്‍ സഞ്ജു സാംസണ് പകരം അശ്വിന് അപ്രതീക്ഷിതമായി എത്തിയത്. രാജസ്ഥാന്റെ തന്ത്രം വിഡ്ഢിത്തവും വിചിത്രവുമാണെന്നായിരുന്നു മഞ്ജ്രേക്കറുടെ അഭിപ്രായം. തകര്‍ത്തടിച്ചുകൊണ്ടിരുന്ന ജോസ് ബട്ലറിന് സഞ്ജുവിനെ പോലൊരു താരത്തെയായിരുന്നു ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“സഞ്ജുവാണ് മൂന്നാമനായി ഇറങ്ങേണ്ടിയിരുന്നു. എന്നാല്‍ പകരക്കാരനായി അശ്വിനെ അയച്ചു. ബട്ലര്‍ മറുവശത്ത് തന്റെ ശൈലിയില്‍ തകര്‍ത്തടിക്കുകയായിരുന്നു. ക്രീസിലെത്തിയ ഉടനെ സ്കോറിങ്ങിനെ വേഗം കൂട്ടാന്‍ കഴിയുന്ന ബാറ്ററെ ക്രീസിലെത്തിക്കുന്ന പഴയ തന്ത്രമായിരുന്നെങ്കില്‍ മനസിലാക്കാമായിരുന്നു. ഇത് ബട്ലര്‍ സ്വതസിദ്ധമായി ബാറ്റ് വീശുമ്പോള്‍ അശ്വിനെ പരീക്ഷിച്ചത് തികച്ചും വിഡ്ഢിത്തപരമായ തന്ത്രമായിരുന്നു,” മഞ്ജ്രേക്കര്‍ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു.
“ഒരു ആവശ്യവുമില്ലാത്ത നീക്കമായിരുന്നു. നിങ്ങള്‍ 215-220 റണ്‍സ് ചേയ്സ് ചെയ്യുകയാണെങ്കില്‍ സ്വന്തം ബാറ്റിങ്ങില്‍ ആത്മവിശ്വാസം ഇല്ലാത്തപ്പോഴാണ് ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിരുന്നത്. ബട്ലറെ പോലൊരു താരം അസാമാന്യ രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍ പരീക്ഷണങ്ങള്‍ പ്രസക്തമല്ല. കൂടാതെ, ഇതുപോലുള്ള കാര്യങ്ങള്‍ വലിയ സ്കോര്‍ പിന്തുടരാന്‍ ടീമിന് ശേഷിക്കുറവുണ്ടെന്ന സൂചനകള്‍ എതിര്‍ ടീമിന് നല്‍കുകയും ചെയ്യും. വിഡ്ഢിത്തമെന്നല്ല ഇതിനെ പറയേണ്ടത്, അതിലും മികച്ച വാക്കുണ്ട്,” മഞ്ജ്രേക്കര്‍ വ്യക്തമാക്കി.
193 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് പവര്‍പ്ലെ ഓവറുകളില്‍ മാത്രമായിരുന്നു മികവു പുലര്‍ത്താന്‍ കഴിഞ്ഞത്. അര്‍ധ സെഞ്ചുറി തികച്ചതിന് പിന്നാലെ ജോസ് ബട്ലര്‍ മടങ്ങിയതോടെ ടീം തകര്‍ച്ച നേരിട്ടു. 155 റണ്‍സ് മാത്രമാണ് നിശ്ചിത ഓവറില്‍ നേടാനായത്. 37 റണ്‍സിന്റെ ഉജ്വല ജയത്തോടെ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുമെത്തി. 52 പന്തില്‍ 87 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗുജറാത്തിന്റെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ കളിയിലെ താരമായി തിരഞ്ഞെടുത്തു.
Also Read: IPL 2022: രോഹിത്തിന്റെ ഫോമിൽ എനിക്ക് ആശങ്കയില്ല: ജയവർധന