ഇന്ത്യയുടെ മുൻക്യാപ്റ്റൻ വിരാട് കോഹ്ലി ഐപിഎല്ലിൽ തന്റെ എക്കാലത്തെയും മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. രണ്ടു മത്സരങ്ങളിൽ തുടർച്ചയായി പൂജ്യത്തിൽ പുറത്തായ കോഹ്ലി ഇന്നലെ രാജസ്‌ഥാൻ റോയൽസുമായുള്ള മത്സരത്തിൽ ഓപ്പണറായി ഇറങ്ങി ഒമ്പത് റൺസിൽ പുറത്തായിരുന്നു.
മോശം ഫോം തുടരുന്ന കോഹ്‌ലിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്. ‘മികച്ച താരങ്ങൾ ഇത്തരം ഘട്ടങ്ങളിലൂടെയും കടന്നു പോകും’ എന്നാണ് കോഹ്‌ലിയുടെ ഫോമിനെ കുറിച്ചുള്ള ചോദ്യത്തിന് ഡു പ്ലെസിസ് മറുപടി നൽകിയത്.
“ഞങ്ങൾ ഇന്ന് ബാറ്റിംഗ് നിരയിൽ മാറ്റം വരുത്താൻ ശ്രമിച്ചു, ഞങ്ങൾക്ക് പോസിറ്റീവായി കളിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് തോന്നുന്നു,” കോഹ്‌ലിയെ ഓപ്പണറാക്കി ഇറക്കിയതിനെ കുറിച്ച് ചോദിച്ചപ്പോൾ ഡു പ്ലെസിസ് പറഞ്ഞു.
“മികച്ച താരങ്ങൾ ഇത്തരം കാലഘത്തിലൂടെയും കടന്നുപോകും. അതിനാൽ അദ്ദേഹം സൈഡ്‌ലൈനിൽ ഇരുന്നു ഗെയിമിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ അവനെ ഉടൻ തന്നെ ഗെയിമിൽ എത്തിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ഇത് ആത്മവിശ്വാസത്തിന്റെ കളിയാണ്. ”
ടീമിലെ ടോപ് ഓർഡർ ബാറ്റർമാർ സ്ഥിരത കാണിക്കുന്നില്ലെന്നും അത് എത്രയും വേഗം പരിഹരിക്കേണ്ടതുണ്ടെന്നും ക്യാപ്റ്റൻ പറഞ്ഞു. ആദ്യ ഓവറുകളിൽ നിലയുറപ്പിക്കാൻ കഴിയാതെ പോയതാണ് ഈ മത്സരത്തെയും ബാധിച്ചതെന്ന് ഡു പ്ലെസി പറഞ്ഞു.
കോഹ്ലി ഉടൻ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷ ബാറ്റിങ് പരിശീലകൻ സഞ്ജയ് ബംഗാർ പങ്കുവച്ചു. അദ്ദേഹത്തിന്റെ ഉയർച്ച താഴ്ചകൾ അടുത്ത് നിന്ന് കണ്ടിട്ടുണ്ടെന്നും ഉടൻ തന്നെ ടീമിനെ അദ്ദേഹം വിജയത്തിലെത്തിക്കുമെന്നും ബംഗാർ പറഞ്ഞു.