Royal Challengers Bangalore vs Lucknow Super Giants Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 15-ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് ത്രസിപ്പിക്കുന്ന ജയം. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ അവസാന പന്തിലാണ് ജയം നേടിയത്.
213 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് 23 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. കെയില്‍ മേയേഴ്സിനെ (0) മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. ദീപക് ഹൂഡ (9), ക്രുണാല്‍ പാണ്ഡ്യ (0) എന്നിവരെ വെയ്ന്‍ പാര്‍നലും മടക്കിയതോടെ ലഖ്നൗ സമ്മര്‍ദത്തിലായി. എന്നാല്‍ അഞ്ചാമനായെത്തിയ മാര്‍ക്കസ് സ്റ്റോയിനിസിന്റെ മാസ്മരിക ഇന്നിങ്സ് ചിന്നസ്വാമിയില്‍ പിറന്നു.
നായകന്‍ കെ എല്‍ രാഹുലിനെ സൈഡാക്കി സ്റ്റോയിനിസ് നിറഞ്ഞാടി. നാലാം വിക്കറ്റില്‍ 76 റണ്‍സ് ചേര്‍ത്തു. 30 പന്തില്‍ അഞ്ച് ഫോറും ആറ് സിക്സുമടക്കം 65 റണ്‍സെടുത്ത സ്റ്റോയിനിസിനെ പുറത്താക്കി ബാംഗ്ലൂര്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. കരണ്‍ ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവറില്‍ രാഹുലിനെ (18) കോഹ്ലിയുടെ കൈകളില്‍ സിറാജെത്തിച്ചു.
പിന്നീട് നിക്കോളാസ് പൂരാന്‍ കൊടുങ്കാറ്റായിരുന്നു. ആയുഷ് ബഡോണിയെ കൂട്ടുപിടിച്ച് പൂരാന്റെ അതിവേഗ സ്കോറിങ്ങ്. 15 പന്തില്‍ പൂരാന്‍ 50 തികച്ചപ്പോള്‍ നാല് ഫോറും ആറ് സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. എന്നാല്‍ 19 പന്തില്‍ 62 റണ്‍സെടുത്ത് പൂരാനെ സിറാജ് മടക്കുമ്പോള്‍ ലഖ്നൗ സ്കോര്‍ 17 ഓവറില്‍ 189 എത്തിയിരുന്നു.
24 പന്തില്‍ 30 റണ്‍സുമായി ആയുഷ് ബഡോണി ലഖ്നൗവിനെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചാണ് വീണത്. പാര്‍ണലിന്റെ പന്തില്‍ താരം ഹിറ്റ് വിക്കറ്റാവുകയായിരുന്നു. അവസാന ഓവറില്‍ അഞ്ച് റണ്‍സായിരുന്നു ലഖ്നൗവിന് ലക്ഷ്യം. മാര്‍ക്ക് വുഡിനെ രണ്ടാ പന്തിലും ഉനദ്കട്ടിനെ അഞ്ചാം പന്തിലും മടക്കി ഹര്‍ഷല്‍ ബാംഗ്ലൂരിന് വീണ്ടും പ്രതീക്ഷ നല്‍കി.
എന്നാല്‍ അവസാന പന്തില്‍ ആവേശ് ഖാന്‍ ലഖ്നൗവിന്റെ വിജയം ഉറപ്പാക്കി. നേരത്തെ വിരാട് കോഹ്ലി (61), ഫാഫ് ഡു പ്ലെസി (79*), ഗ്ലെന്‍ മാക്സ്വല്‍ (59) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറി മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വിരാട് കോഹ്ലി ഉജ്വല തുടക്കമാണ് സമ്മാനിച്ചത്. ഫാഫ് ഡു പ്ലെസിയെ കാഴ്ചക്കാരനാക്കി കോഹ്ലി ചിന്നസ്വാമിയില്‍ നിറഞ്ഞാടുകയായിരുന്നു. മാര്‍ക്ക് വുഡിന്റെ തീയുണ്ടകളെ പോലും അനായാസം കോഹ്ലി അതിര്‍ത്തി കടത്തി. 35 പന്തില്‍ നിന്ന് കോഹ്ലി സീസണിലെ രണ്ടാം അര്‍ദ്ധ സെഞ്ചുറി നേടി.
12-ാം ഓവറില്‍ ബാംഗ്ലൂര്‍ സ്കോര്‍ 96-ല്‍ നില്‍ക്കെ അമിത് മിശ്രയാണ് കോഹ്ലിയെ മടക്കിയത്. 44 പന്തില്‍ നാല് വീതം ഫോറും സിക്സും ഉള്‍പ്പടെ 61 റണ്‍സാണ് കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. സ്കോറിങ്ങിന് വേഗം കൂട്ടാന്‍ മൂന്നാമനായി എത്തിയത് ഗ്ലെന്‍ മാക്സ്വല്ലായിരുന്നു. മാക്സ്വല്‍ വന്നതോടെ ഡു പ്ലെസിയും ഗിയര്‍ മാറ്റി.
ലഖ്നൗ ബോളര്‍മാര്‍ ഒന്നടങ്കം സിക്സറുകള്‍ ഏറ്റുവാങ്ങി. 35 പന്തില്‍ നിന്ന് നായകനും 50 പിന്നിട്ടു. രവി ബിഷ്ണോയിയുടെ പന്തില്‍ 115 മീറ്റര്‍ സിക്സര്‍ പായിച്ച് ഡു പ്ലെസി സ്റ്റേഡിയത്തെ ഒന്നടങ്കം ഞെട്ടിച്ചു. പിന്നീട് മാക്സിയും ഡു പ്ലെസിയും ചേര്‍ന്ന് ലഖ്നൗ ബോളര്‍മാരെ അതിര്‍ത്തി കടത്തുന്നതില്‍ മത്സരിക്കുകയായിരുന്നെന്ന് പറയാം.
19-ാം ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ സിക്സര്‍ പായിച്ച് മാക്സിയും 50 ക്ലബ്ബില്‍ ചേര്‍ന്നു. 24 പന്തുകള്‍ മാത്രമായിരുന്നു നേട്ടത്തിലേക്ക് താരത്തിന് ആവശ്യമായി വന്നത്. ഇത് അഞ്ചാമത്തെ തവണയാണ് ഒരു ടീമിലെ ആദ്യ മൂന്ന് ബാറ്റര്‍മാര്‍ അര്‍ദ്ധ ശതകം തികയ്ക്കുന്നത്. ബാംഗ്ലൂര്‍ ഈ റെക്കോര്‍ഡ് കുറിക്കുന്നത് ആദ്യവും.
രണ്ടാം വിക്കറ്റില്‍ 50 പന്തില്‍ 115 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. 29 പന്തില്‍ 59 റണ്‍സെടുത്ത മാക്സി മാര്‍ക്ക് വുഡിന്റെ പന്തില്‍ മാക്സ്വല്‍ ബൗള്‍ഡാവുകയായിരുന്നു. മൂന്ന് ഫോറും ആറ് സിക്സും താരം നേടി. 46 പന്തില്‍ അഞ്ച് വീതം ഫോറും സിക്സുമായാി ഡു പ്ലെസി 79 റണ്‍സുമായി പുറത്താകാതെ നിന്നു.
ടീം ലൈനപ്പ്
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: കെ എൽ രാഹുൽ, കെയ്ൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പൂരാൻ, ജയ്ദേവ് ഉനദ്കട്ട്, അമിത് മിശ്ര, ആവേശ് ഖാൻ, മാർക്ക് വുഡ്, രവി ബിഷ്‌ണോയ്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ്, മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേഷ് കാർത്തിക്, അനുജ് റാവത്ത്, ഡേവിഡ് വില്ലി, വെയ്ൻ പാർനെൽ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്.
പ്രിവ്യു
ഡല്‍ഹി ക്യാപിറ്റല്‍സിനോട് ആധികാരിക ജയം, ചെന്നൈ സൂപ്പര്‍ കിങ്സിനോട് പൊരുതി തോറ്റു, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി വീണ്ടും വിജയ വഴിയില്‍. മികച്ച ഫോമിലാണ് ഇക്കുറിയും ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ചിന്നസ്വാമിയുടെ ഹൃദയമിടിപ്പ് അറിയാവുന്ന നായകന്‍ കെ എല്‍ രാഹുല്‍ ഫോമിലേക്ക് ഉയര്‍ന്നത് ലഖ്നൗവിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
ബാറ്റിങ് നിരയില്‍ ദീപക് ഹൂഡ മാത്രമാണ് നിറം മങ്ങി തുടരുന്നത്. കൃണാല്‍ പാണ്ഡ്യ, രവി ബിഷ്ണോയി, അമിത് മിശ്ര എന്നീവരടങ്ങുന്ന സ്പിന്‍ ത്രയമാണ് ലഖ്നൗവിന്റെ കരുത്ത്. ബാംഗ്ലൂര്‍ ബാറ്റര്‍മാരുടെ സ്പിന്നിനോടുള്ള ദുര്‍ബലത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ വ്യക്തമായതാണ്. അതിനാല്‍ തന്നെ സാധ്യതകള്‍ രാഹുല്‍ ഉപയോഗിക്കും.
മുംബൈ ഇന്ത്യന്‍സിനെ മലര്‍ത്തിയടിച്ച ബാംഗ്ലൂര്‍ ബാറ്റിങ് നിര കൊല്‍ക്കത്തക്കെതിരെ തകര്‍ന്നടിയുകയായിരുന്നു. വിരാട് കോഹ്ലി, ഫാഫ് ഡൂപ്ലെസി, ഗ്ലെന്‍ മാക്സ്വല്‍, മിച്ചല്‍ ബ്രേസ്വല്‍, ദിനേഷ് കാര്‍ത്തിക് തുടങ്ങിയ വമ്പന്മാര്‍ക്ക് കൊല്‍ക്കത്തക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പോലും സാധിച്ചിരുന്നില്ല.
ബോളിങ്ങിലും സ്ഥിരത പുലര്‍ത്താനാകുന്നില്ല എന്നതാണ് മറ്റൊരു തിരിച്ചടി. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ റണ്‍സ് ആവശ്യത്തിന് വഴങ്ങുന്നുണ്ട്. ഡേവിഡ് വില്ലി മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത്. ആകാശ് ദീപ്, ബ്രേസ്വല്‍ പരീക്ഷണവും കൊല്‍ക്കത്തക്കെതിരെ പാളിയിരുന്നു.