Royal Challengers Bangalore vs Kolkata Knight Riders Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ 36-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 21 റണ്‍സ് തോല്‍വി. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന്റെ പോരാട്ടം 179 റണ്‍സില്‍ അവസാനിച്ചു.
ബാംഗ്ലൂരിനായി വിരാട് കോഹ്ലി (54) അര്‍ദ്ധ സെഞ്ചുറി നേടി. 34 റണ്‍സെടുത്ത മഹിപാല്‍ ലോംറോര്‍ മാത്രമാണ് കോഹ്ലിക്ക് അല്‍പ്പമെങ്കിലും പിന്തുണ നല്‍കിയത്. കൊല്‍ക്കത്തയ്ക്കായി സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തി മൂന്നും സുയാഷ് ശര്‍മ രണ്ടും വിക്കറ്റെടുത്തു. ആന്ദ്രെ റസലും റണ്ട് വിക്കറ്റ് നേടി.
നാല് തോല്‍വിക്ക് ശേഷമാണ് കൊല്‍ക്കത്ത ഒരു കളി വിജയിച്ചത്. ജയത്തോടെ ഏഴാം സ്ഥാനത്തെത്താനും കൊല്‍ക്കത്തയ്ക്കായി. ജേസണ്‍ റോയി (56), നിതീഷ് റാണ (48) എന്നിവരുടെ പ്രകടനമാണ് കൊല്‍ക്കത്തക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ജേസണ്‍ റോയ് – എന്‍ ജഗദീശന്‍ കൂട്ടുകെട്ട് കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ജഗദീശന് സ്കോറിങ്ങിന് വേഗം കൂട്ടാനായില്ലെങ്കിലും റോയ് ചിന്നസ്വാമിയില്‍ തകര്‍ത്താടി. 29 പന്തില്‍ 27 റണ്‍സുമായി സമ്മര്‍ദത്തിലായ ജഗദീശനെ മടക്കിയത് വിജയ്കുമാര്‍ വൈശാഖാണ്. 83 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും വീണു.
ജഗദീശന്റെ ഓവറില്‍ തന്നെ റോയിയും മടങ്ങിയതോടെ കൊല്‍ക്കത്തക്ക് ഇരട്ടപ്രഹരമായി. 29 പന്തില്‍ 56 റണ്‍സാണ് റോയ് നേടിയത്. നാല് ഫോറും അഞ്ച് സിക്സും താരത്തിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. പിന്നീട് നായകന്‍ നിതീഷ് റാണയും വെങ്കിടേഷ് അയ്യരും ചേര്‍ന്ന് ഒന്നില്‍ നിന്ന് തുടങ്ങുകയായിരുന്നു. അയ്യര്‍ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ റാണ സ്കോറിങ്ങിന് വേഗം കൂട്ടി.
മൂന്നാം വിക്കറ്റില്‍ 80 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. പക്ഷെ വനിന്ദു ഹസരങ്കയുടെ 18-ാം ഓവറിലെ വരവില്‍ റാണയും അയ്യരും പവലിയനിലെത്തി. 21 പന്തില്‍ റാണ 48 റണ്‍സെടുത്താണ് മടങ്ങിയത്. അയ്യര്‍ 31 റണ്‍സും നേടി. പിന്നീടെത്തിയ ആന്ദ്രെ റസല്‍ (1) ഒരിക്കല്‍ക്കൂടി സീസണിലെ പരാജയപ്പെട്ടു. സിറാജിന്റെ പന്തില്‍ താരം ബൗള്‍ഡാവുകയായിരുന്നു.
റിങ്കു സിങ് (10 പന്തില്‍ 18 റണ്‍സ്), ഡേവിഡ് വീസ് (മൂന്ന് പന്തില്‍ 12 റണ്‍സ്) എന്നിവരുടെ പ്രകടനമാണ് കൊല്‍ക്കത്തയുടെ സ്കോര്‍ 200-ലെത്തിച്ചത്. അവസാന അഞ്ച് ഓവറുകളില്‍ 69 റണ്‍സെടുക്കാന്‍ കൊല്‍ക്കത്തക്കായി.
ടീം ലൈനപ്പ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: എൻ ജഗദീശൻ, ജേസൺ റോയ്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, റിങ്കു സിങ്, ആന്ദ്രേ റസൽ, സുനിൽ നരെയിന്‍, ഡേവിഡ് വീസ്, വൈഭവ് അറോറ, ഉമേഷ് യാദവ്, വരുൺ ചക്രവർത്തി.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: വിരാട് കോഹ്‌ലി, ഷഹബാസ് അഹമ്മദ്, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോംറോർ, ദിനേഷ് കാർത്തിക്, സുയാഷ് പ്രഭുദേശായി, വനിന്ദു ഹസരങ്ക, ഡേവിഡ് വില്ലി, വിജയ്കുമാർ വൈശാഖ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്.
പ്രിവ്യു
വിരാട് കോഹ്ലിയുടെ കീഴില്‍ തുടര്‍ വിജയങ്ങള്‍ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂരെത്തുന്നത്. ബാറ്റിങ്ങില്‍ ബാംഗ്ലൂരിന്റെ സൂപ്പര്‍ ത്രയങ്ങള്‍ മിന്നും ഫോമിലാണ്. ഫാഫ് ഡു പ്ലെസി (405 റണ്‍സ്), വിരാട് കോഹ്ലി (279 റണ്‍സ്), ഗ്ലെന്‍ മാക്സ്വല്‍ (253 റണ്‍സ്) എന്നിവര്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ നിലയുറപ്പിച്ച് കഴിഞ്ഞു.
എന്നാല്‍ മൂവരേയും മാറ്റി നിര്‍ത്തിയാല്‍ കാര്യമായ സംഭാവന മറ്റ് താരങ്ങള്‍ക്ക് നല്‍കാനായിട്ടില്ല. ഫിനിഷര്‍ റോളിലുള്ള ദിനേഷ് കാര്‍ത്തിക്ക് സീസണില്‍ നിറം മങ്ങി തുടരുകയാണ്. ബോളിങ്ങില്‍ മുഹമ്മദ് സിറാജാണ് പ്രധാന അസ്ത്രി. ഏഴ് കളികളില്‍ നിന്ന് 13 വിക്കറ്റുകളാണ് താരം നേടിയത്. 10 വിക്കറ്റുമായി ഹര്‍ഷല്‍ പട്ടേല്‍ സിറാജിന് മികച്ച പിന്തുണയാണ് നല്‍കുന്നത്.
മറുവശത്ത് നാല് തുടര്‍ തോല്‍വികള്‍ക്ക് ശേഷമാണ് കൊല്‍ക്കത്ത എത്തുന്നത്. ഒരു ജയം അതിയായി ആഗ്രഹിക്കുന്ന കൊല്‍ക്കത്തയ്ക്ക് ചിന്നസ്വാമിയില്‍ കാര്യങ്ങള്‍ എളുപ്പമാകില്ല. വരുണ്‍ ചക്രവര്‍ത്തി-സുനില്‍ നരെയിന്‍-സുയാഷ് സ്പിന്‍ ത്രയത്തിന് ചിന്നസ്വാമിയിലെ ചെറിയ മൈതാനം വെല്ലുവിളി ഉയര്‍ത്തുമെന്നതില്‍ സംശയമില്ല.
ബാറ്റിങ്ങില്‍ കൃത്യമായ നിരയെ കളത്തിലെത്തിക്കാന്‍ കൊല്‍ക്കത്തയ്ക്കായിട്ടില്ല. വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ് എന്നിവര്‍ മാത്രമാണ് സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നത്. ജേസണ്‍ റോയിയുടെ വരവ് കൊല്‍ക്കത്തയ്ക്ക് ആശ്വാസമാകും. ഉത്തരവാദിത്തം ഏറ്റെടുത്ത് നായകന്‍ നിതിഷ് റാണയും ആന്ദ്രെ റസലും ഫോമിലേക്ക് ഉയരണം.