Royal Challengers Bangalore vs Gujarat Titans Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ അവസാന ലീഗ് മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് ആറ് വിക്കറ്റ് ജയം. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ (104*) മികവിലാണ് 198 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് മറികടന്നത്.
ഗില്ലിന്റെ സീസണിലെ രണ്ടാം സെഞ്ചുറിയാണിത്. 52 പന്തില്‍ 104 റണ്‍സെടുത്ത ഗില്ലിന്റെ ഇന്നിങ്സില്‍ അഞ്ച് ഫോറും എട്ട് സിക്സും പിറന്നു. 35 പന്തില്‍ 53 റണ്‍സെടുത്ത വിജയ് ശങ്കര്‍ ഗില്ലിന് മികച്ച പിന്തുണയാണ് നല്‍കിയത്. തോല്‍വിയോടെ ബാംഗ്ലൂര്‍ പ്ലെ ഓഫ് കാണാതെ പുറത്തായി. നേരത്തെ വിരാട് കോഹ്ലിയുടെ സെഞ്ചുറി മികവിലാണ് ബാംഗ്ലൂര്‍ 197 റണ്‍സെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് മികച്ച തുടക്കം നല്‍കാന്‍ ഫാഫ് ഡുപ്ലെസി – വിരാട് കോഹ്ലി സഖ്യത്തിന് കഴിഞ്ഞിരുന്നു. ഒന്നാം വിക്കറ്റില്‍ 67 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. കൂട്ടുകെട്ടില്‍ കോഹ്ലി തന്നെയായിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നു. 28 റണ്‍സെടുത്ത ഡു പ്ലെസിയെ മടക്കി നൂര്‍ അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നീടെത്തിയ ഗ്ലെന്‍ മാക്സ്വല്‍ (11), മഹിപാല്‍ ലോംറോര്‍ (1), മൈക്കല്‍ ബ്രേയ്സ്വല്‍ (26), ദിനേഷ് കാര്‍ത്തിക്ക് (0) എന്നിവര്‍ അതിവേഗം മടങ്ങിയെങ്കിലും വിരാട് കോഹ്ലി നിലയുറപ്പിച്ച് കളിക്കുകയായിരുന്നു. കൂറ്റനടികള്‍ക്ക് മുതിരാതെ കൃത്യതയോടെയുള്ള ബാറ്റിങ്ങായിരുന്നു ചിന്നസ്വാമിയില്‍ കോഹ്ലി പുറത്തെടുത്തത്.
60 പന്തില്‍ നിന്ന് കോഹ്ലി മൂന്നക്കം കടന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലായിരുന്നു കോഹ്ലിയുടെ സെഞ്ചുറി. 13 ഫോറും ഒരു സിക്സുമായിരുന്നു കോഹ്ലി 100 റണ്‍സിലെത്തുന്നതുവരെ നേടിയത്. ഐപിഎല്‍ ചരിത്രത്തിലെ കോഹ്ലിയുടെ ഏഴാം സെഞ്ചുറിയാണിത്. ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡും കോഹ്ലിക്ക് സ്വന്തമാക്കാനായി.
101 റണ്‍സെടുത്ത് കോഹ്ലി പുറത്താകാതെ നിന്നു. 15 പന്തില്‍ 23 റണ്‍സുമായി അനൂജ് റാവത്ത് കോഹ്ലിക്ക് അവസാന ഓവറുകളില്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ഗുജറാത്തിനായി നൂര്‍ അഹമ്മദ് രണ്ടും റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
പ്രിവ്യു
ഫാഫ് ഡൂപ്ലെസിക്കും കൂട്ടര്‍ക്കുമല്ല അനുകൂലമല്ല ബാംഗ്ലൂരിലെ കാലാവസ്ഥ. നിലവില്‍ ബാംഗ്ലൂരില്‍ കനത്ത മഴയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എങ്കിലും രാത്രിയോടെ കാലാവസ്ഥ അനുകൂലമാരുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക്. മഴ പെയ്ത് കളി ഉപേക്ഷിക്കേണ്ടി വന്നാല്‍ ഹൈദരാബാദ് – മുംബൈ മത്സരം നിര്‍ണായകമാകും.
ഹൈദരാബാദിനോട് മുംബൈ പരാജയപ്പെടുകയും മഴ മൂലം കളി ഉപേക്ഷിക്കുകയും ചെയ്താല്‍ 15 പോയിന്റുമായി ബാംഗ്ലൂരിന് പ്ലെ ഓഫിലേക്ക് കടക്കാന്‍ സാധിക്കും. എന്നാല്‍ മുംബൈ ജയിച്ചാല്‍ ബാംഗ്ലൂരിന് തിരിച്ചടിയാകും മഴ. അതിനാല്‍ തന്നെ ഐപിഎല്‍ ലീഗ് ഘട്ടത്തിന് ആവേശകരമായ അന്ത്യം ഉണ്ടാകുമെന്ന് തീര്‍ച്ച.
നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ഫോമിലുള്ള ടീമുകളിലൊന്നാണ് ബാംഗ്ലൂര്‍. വിരാട് കോഹ്ലി, ഫാഫ് ഡുപ്ലെസി, ഗ്ലെന്‍ മാക്സ്വല്‍ തുടങ്ങിയ താരങ്ങള്‍ ഏത് ബോളിങ് നിരയേയും കീഴ്പ്പെടുത്താന്‍ കെല്‍പ്പുള്ളവരാണ്. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സിനെ ആധികാരികമായി തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും ബാംഗ്ലൂരിനുണ്ടാകും.
മുഹമ്മദ് സിറാജ് നയിക്കുന്ന ബോളിങ് നിര സ്ഥിരത പുലര്‍ത്തുന്നില്ലെങ്കിലും മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. സിറാജ് തന്നെയാണ് ടീമിന്റെ പ്രധാന അസ്ത്രവും. മറുവശത്ത് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച ഗുജറാത്തിന് പ്ലെ ഓഫിന് മുന്‍പുള്ള പരിശീലന മത്സരമായിരിക്കും ബാംഗ്ലൂരിനെതിരായ പോരാട്ടം.